“മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. .|ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. “

Share News

ഞങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു സന്തോഷുണ്ട്. ഉത്തരേന്ത്യക്കാരനായ സന്തോഷ്് അവിടെയുള്ള വീടുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കിയും അമിതമായി വളരുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിയും മറ്റ് സഹായങ്ങള്‍ ചെയ്തും ജീവിച്ചു പോരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ഭവശാല്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരു മരം വെട്ടുന്ന കാര്യം ചര്‍ച്ചയില്‍ വന്നു. അത് കേട്ട് ഞാനും ഇരിക്കുന്നുണ്ടായിരുന്നു. ഓരോ മരവും വെട്ടുമ്പോള്‍ ഞാന്‍ ആ മരത്തോട് മാപ്പ് ചോദിച്ചിട്ടാണ് വെട്ടുന്നത്. നമ്മള്‍ വെട്ടുമ്പോള്‍ ആ മരത്തിന് നോവും. അതില്‍ നിന്ന് ചോര കിനിയും. അനുവാദം ചോദിക്കാതെ, മാപ്പു ചോദിക്കാതെ ഒരു മരവും ഞാന്‍ വെട്ടില്ല! അത്ര ആത്മാര്‍ത്ഥമായിട്ടും ഹൃദയത്തില്‍ തൊട്ടുമാണ് അയാള്‍ അത് പറഞ്ഞത്.

ഉത്തരേന്ത്യക്കാരുടെ വിവരക്കേടുകള്‍ എന്നു പറഞ്ഞ് നമ്മള്‍ പലപ്പോഴും പലതിനെയും ആക്ഷേപിക്കാറുണ്ട്. എന്നാല്‍ ഇത് എത്ര കുലീനമായ ചിന്തയാണ്. പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളോടും തോന്നുന്ന അനുകമ്പ. നമ്മെ പോലെ അവയ്ക്കും നോവും എന്ന താദാത്മ്യബോധം. ഞാന്‍ പറഞ്ഞു വരുന്നത് ഉപഭോഗ സംസ്‌കാരം നമ്മുടെ ചിന്തകളിലും കാഴ്ചപ്പാടിലും വരുത്തിയ മാറ്റങ്ങളെ കുറിച്ചല്ല. മതങ്ങളുടെ പേരില്‍ നമുക്കിടയില്‍ സംഭവിച്ച ഗര്‍ത്തത്തെ കുറിച്ചാണ്. ഒരു സംഘവെറുപ്പിന്റെ സംസ്‌കാരം.

മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. ഒരു സംഘം വേറൊരു സംഘത്തെ സമ്പൂര്‍ണമായി വെറുക്കുക. ഒരു മതത്തിലെ അംഗങ്ങള്‍ മറ്റൊരു മതത്തിലെ അംഗങ്ങളെ സമ്പൂര്‍ണമായി വെറുക്കുക. അവരുടെ സംസ്‌കാരങ്ങളിലെ നന്മകളെ കാണാന്‍ കഴിയാതിരിക്കുക. ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. സന്തോഷിനെ വേണമെങ്കില്‍ ഒരു ഉത്തരേന്ത്യന്‍ സംഘി എന്ന് ബ്രാന്‍ഡ് ചെയ്യാം. എന്നാല്‍ മരങ്ങളോട് പോലും മാപ്പു ചോദിക്കുന്ന അയാളുടെ സംസ്‌കാരത്തിന്റെ നന്മകളെ കാണാതെ പോകുന്നിടത്താണ് നമ്മുടെ സംഘവെറുപ്പിന്റെ അസ്തിത്വം.

സംഘവെറുപ്പ് ഒരു മതത്തെ മാത്രം ബാധിക്കുന്ന രോഗമല്ല. അതിപ്പോള്‍ എല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നു. കൂട്ടമായി വെറുക്കുക. മനുഷ്യന്‍ എന്നാല്‍ ഒരു കൂട്ടമല്ല, അനേകം വ്യക്തികളാണെന്ന കാര്യം മറക്കുന്നു എന്നതാണ് ഈ സംഘവെറുപ്പിന്റെ ദുരന്തം. ഒരു കൂട്ടത്തിന്റെ ഭാഗമായതു കൊണ്ട് ഒരാള്‍ വെറുക്കപ്പെടേണ്ടതുണ്ടോ ? അയാള്‍ക്ക് അയാളുടെ വ്യതിരിക്തമായി വ്യക്തിത്വമില്ലേ? അയാളുടേതായ നന്മകളില്ലേ? മതത്തിന്റെ പേരില്‍ ഉണ്ടായിട്ടുള്ള എല്ലാ കലാപങ്ങളും കൂട്ടക്കൊലകളും ഈ സംഘവെറുപ്പിന്റെ സന്തതികളാണ്.

ബിന്‍ ലാദന്റെ മതം എന്നു പറഞ്ഞു കൊണ്ട് ഇസ്ലാം മതത്തെ മുഴുവന്‍ വെറുക്കുന്നതില്‍ എന്തു ന്യായമാണുള്ളത്? സംഘികളുടെ മതമെന്ന് ബ്രാന്‍ഡ് ചെയ്ത് നാം ഹിന്ദു മതത്തെ വെറുക്കണമോ? ഉപനിഷത്തുകളിലും ഋഷിചൈതന്യങ്ങളിലും വേരാഴ്ത്തിയ അഗാധമായ ആധ്യാത്മിക, താത്വിക സമ്പത്തിനെ കാണാതെ പോകയോ? ചിലരുടെ ദുര്‍ന്നടപ്പുകളുടെ പേരില്‍ ക്രൈസ്തവ മതവും വെറുക്കപ്പെടേണ്ട കാര്യമുണ്ടോ? അനുപമസ്‌നേഹത്തിന്റെ പാഠങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കേണ്ടതുണ്ടോ?

സംഘവെറുപ്പിന്റെ കണ്ണട മാറ്റി വച്ച് ഓരോ മനുഷ്യവ്യക്തിയിലേക്കും കണ്ണയക്കുക.

ഓരോരുത്തരിലും നന്മകളുണ്ട്. സംഘി എന്നു വിളിക്കപ്പെടുന്നവരില്‍ എനിക്ക് ചില സുഹൃത്തുക്കളുണ്ട്. അവരുടെ സ്വഭാവ നന്മകള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതു പോലെ തന്നെയാണ് മുസ്ലീം സുഹൃത്തുക്കളുടെ കാര്യവും. എനിക്ക് ഏറ്റവും അത്യാവശ്യമായ ഘട്ടങ്ങളില്‍ ഓടിയെത്തിയത് എന്റെ പരിചയക്കാരന്‍ പോലുമല്ലാത്ത ഒരു ഇസ്ലാംമതക്കാരനാണ്. ചെറുപ്പകാലത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അയല്‍ക്കാരില്‍ ചിലര്‍ ഇസ്ലാംമതക്കാരായിരുന്നു.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ പടര്‍ന്നിരിക്കുന്ന ഈ സംഘവെറുപ്പിന്റെ വിഷം നമ്മുടെ ജീവിതങ്ങളെ മുഴുവനായി ഗ്രസിക്കാന്‍ തുടങ്ങിയിട്ട് ഏറിയാല്‍ ഒരു ഇരുപത് വര്‍ഷമേ ആയിട്ടുള്ളൂ. മുന്‍കാലങ്ങളില്‍ ഒറ്റപ്പെട്ടു നിലനിന്നിരുന്ന വെറുപ്പ് ഇപ്പോള്‍ സാര്‍വത്രിക തലത്തില്‍ ജീവിതങ്ങളെ ധ്രുവീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് ആകസ്മികമായി സംഭവിച്ചതല്ല എന്ന് നമുക്കറിയാം. മതപരമായ ലക്ഷ്യങ്ങളേക്കാള്‍ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്നും നമുക്കറിയാം.

വ്യക്തികളെ കൂട്ടമായി കാണുമ്പോള്‍ സംഭവിക്കുന്ന ദുരന്തം നമുക്ക് അവരുടെ തനതായ നന്മകളെ കാണാന്‍ കഴിയാതാകുന്നു എന്നതാണ്. കൂട്ടത്തിന്റെ നിലാപാടുകളുടെ നേര്‍ക്കുള്ള വെറുപ്പ് നമുക്ക് വ്യക്തിയുടെ നേര്‍ക്കും തോന്നുന്നു. ഇത് മതങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തിലും സിനിമാതാരങ്ങളുടെ ആരാധകരുടെ കാര്യത്തിലും എല്ലാം ബാധകമാണ്. നമ്മള്‍ പ്രതിരോധിക്കേണ്ടത് ഈ സംഘവെറുപ്പിനെയാണ്. ഇത് ഗുണ്ടാസംഘങ്ങളുടെ പക പോലെയാണ്. അത് പടരും, ആളിക്കത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ സംഘവെറുപ്പ് പരക്കുന്നത്. അതിന്റെ ദുരന്തഫലം ഒരാള്‍ ചെയ്ത കുറ്റത്തിന് നാം എല്ലാവരെയും വെറുക്കുന്നു എന്നതാണ്.

അന്യന്‍ നരകമാണ് എന്ന സാര്‍ത്രിയന്‍ ചി്ന്താഗതിയാണ് ഈ സംഘവെറുപ്പിന്റെ അടിസ്ഥാനം. അന്യനും അന്യന്റെ മതവും നരകമാണ് എന്ന തത്വം. മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ത്ഥം. ഓരോ മതത്തിലും വിശ്വസിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യം പോലെ അടിസ്ഥാന അവകാശമാണ്.

നമ്മള്‍ എന്തിനാണ് മറ്റൊരാളുടെ അഭിപ്രായത്തില്‍ അസഹിഷ്ണു ആകുന്നത്? അപരനെ ആദരവോടെ കാണാന്‍ തുടങ്ങുമ്പോള്‍ അയാളുടെ അഭിപ്രായത്തെയും, അതിനോട് നാം യോജിക്കുന്നില്ലെങ്കില്‍ പോലും, നാം ആദരിക്കും. അപ്പോള്‍ അയാളുടെ വിശ്വാസങ്ങളെയും, അതില്‍ നാം പങ്കുചേരുന്നില്ലെങ്കില്‍ പോലും, നാം ആദരിക്കും.

ഇതായിരുന്നു, നമ്മുടെ നാടിന്റെ ആത്മാവ്. ഉള്‍ക്കൊള്ളലിന്റെയും സ്വാംശീകരണത്തിന്റെയും നിലപാട്. പങ്കുവയ്ക്കലിന്റെയും പരസ്പര ആദരവിന്റെയും സംസ്‌കാരം.

നാല്പത് കഴിഞ്ഞവരുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ ബാല്യകൗമാര കാലങ്ങളെ കുറിച്ച് ചിന്തിക്കട്ടെ. മനുഷ്യരെ സംഘമായി കാണാതെ വ്യക്തികളായി കണ്ടിരുന്ന കാലം.

നമ്മുടെ സൗഹൃദങ്ങളില്‍ മതം ഒരു പ്രതിബന്ധമാകാതിരുന്ന കാലം. ഓരോ മതത്തിനുള്ളിലെയും, മനുഷ്യരെ പരസ്പരം കൂട്ടിയിണക്കുന്ന ഘടകങ്ങളെ തെരഞ്ഞു പിടിക്കണം. ഇപ്പോള്‍ ഈ വെറുപ്പിന്റെ ചരടുകള്‍ പിന്നില്‍ നിന്ന് വലിക്കുന്ന ആരൊക്കെയോ ആ സാഹോദര്യത്തിന്റെ ഘടകങ്ങളെ തമസ്‌കരിച്ചു വച്ചിരിക്കുകയാണ്. അവയെ വീണ്ടും കണ്ടെത്തണം. ഈ ഇരുണ്ട കാലത്തിന് അതൊരു വെട്ടമാകും. അതിവേഗം പടരുന്ന സംഘവെറുപ്പിനെ ചെറുക്കുന്ന സ്‌നേഹത്തിന്റെ സംഗീതമാകും! –

അഭിലാഷ് ഫ്രേസര്

nammude-naadu-logo
Share News