മണ്ണും കൊറോണയും
സിബി മൈക്കിൾ
വീണ്ടും തിരിയണം മണ്ണിലേക്കെന്നാരോ
കേഴും മനുഷ്യനോടോതിടുന്നു
മാനവരാശിയെ മാറ്റിയെടുക്കുവാൻ
മാടിവിളിപ്പൂ കൊറോണക്കാലം
നേട്ടങ്ങൾ തേടി നാം പോയൊരു യാത്രയിൽ
മണ്ണിന്റെ വേഴ്ച മുറിച്ചു മാറ്റി
കാർഷികവൃത്തിയും മണ്ണും മറന്നു നാം
സൈബർയുഗത്തിലേക്കോടിയെത്തി
മണ്ണിൽ നിന്നങ്ങു മെനഞ്ഞ മനുജനെ
മണ്ണുമായ് ബന്ധിച്ചതീശനല്ലോ
അന്ധനായ് തീർന്നൊരു മർത്യനെയീശ്വരൻ
മണ്ണുപൊതിഞ്ഞല്ലോ കാഴ്ചയേകി
സൃഷ്ടപ്രപഞ്ചത്തിൻ ഭംഗിയനന്തത
സ്രഷ്ടാവിൻ ഭംഗി പ്രതിഫലനം
ഈ ഭംഗി ഭംഗം വരാതെ കൈമാറണം
കാണാത്തലമുറക്കായി നമ്മൾ
നമ്മുടെ പൂർവികർ പിൻചെന്ന കാർഷിക-
വൃത്തി തളിർക്കട്ടെ വീണ്ടുമെങ്ങും
രോഗപ്രതിരോധമാർജ്ജിക്കുവാൻ നന്നേ-
മണ്ണിൽപ്പണിയൂ വിയർപ്പൊഴുക്കൂ
സ്വച്ഛമായ് വീശുന്ന കാറ്റിൽ മരതക- പ്പച്ച നമുക്കെന്നും സൗഖ്യമേകും