
കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ
പത്തനംതിട്ട കോവിഡ് 19 രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകര്‍ച്ച തടയുന്നതിനും രോഗബാധിതര്‍ക്ക് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാകാതിരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.
കോവിഡ് വൈറസ് ഗര്‍ഭിണികളെ എങ്ങനെയാണ് ബാധിക്കുന്നത്?
കോവിഡ് വൈറസ് ഗര്‍ഭിണികളില്‍ പനി, ചുമ എന്നതില്‍ കവിഞ്ഞ് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സാധാരണ ജനങ്ങളിലേതുപോലെ ശ്വാസകോശങ്ങള്‍ക്കു തന്നെയാണ് ഗര്‍ഭിണികളിലും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്. എന്നാല്‍, ഏഴുമാസം കഴിഞ്ഞ ഗര്‍ഭിണികളില്‍ ഗര്‍ഭപാത്രം മേല്‍വയറിലേക്ക് എത്തുന്നതിനാല്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് ഏറുന്നത് കൊണ്ട് കോവിഡ് രോഗം വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
കോവിഡ് രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ എന്തെല്ലാം ചെയ്യണം?
കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കൈകള്‍ വൃത്തിയാക്കാന്‍ സാനിറ്റൈസറും ഉപയോഗിക്കാം. കൈകള്‍ കഴുകാതെ മുഖത്ത് സ്പര്‍ശിക്കരുത്. ശാരീരിക അകലം പാലിക്കുക. മറ്റ് വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. പനി, ചുമ എന്നിവ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്.
ഒത്തുചേരലുകള്‍ ഒഴിവാക്കുക. ഹോട്ടലുകള്‍, കളിസ്ഥലങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ആഘോഷങ്ങള്‍ ഉത്സവങ്ങള്‍ എന്നിവ ഒഴിവാക്കുക. പൊതു ഗതാഗതം ഉപയോഗിക്കാതിരിക്കുക. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുക.
ഗര്‍ഭിണികള്‍ കോവിഡ് രോഗ ബാധിതരുമായി സമ്പര്‍ക്കത്തില്‍ വരികയോ സമ്പര്‍ക്കം പുലര്‍ത്തി എന്ന് സംശയം വരികയോ ചെയ്താല്‍ എന്താണ് ചെയ്യേണ്ടത്?
കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നു എങ്കില്‍ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ അടുത്തുള്ള ആശാ വര്‍ക്കര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, അങ്കണവാടി പ്രവര്‍ത്തക ഇവരില്‍ ആരെയെങ്കിലും ബന്ധപ്പെടുക.
അതുമല്ലെങ്കില്‍ ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലേക്കോ പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറായ 0468 2228220-ലേക്കോ വിളിക്കുക. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക. ഒരിക്കലും മുന്‍കൂട്ടി അറിയിക്കാതെ ഒപിയില്‍ പോകരുത്. വായും മൂക്കും പൂര്‍ണമായി മറയത്തക്ക വിധത്തില്‍ മാസ്‌ക്ക് ധരിക്കണം. ഒരു കാരണവശാലും സംസാരിക്കുന്ന സമയത്ത് മാസ്‌ക്ക് വായില്‍ നിന്ന് മാറ്റരുത്. മാസ്‌ക്കുകള്‍ ആറുമണിക്കൂറില്‍ ഒരിക്കല്‍ മാറ്റണം. ബ്ലീച്ചിംഗ് ലായിനിയില്‍ 20 മിനിറ്റ് മുക്കി വച്ചതിനുശേഷം കഴുകി ഉണക്കിയ മാസ്‌ക്കുകള്‍ വീണ്ടും ഉപയോഗിക്കാം. മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. സ്വന്തം വാഹനത്തിലോ, ആശുപത്രിയില്‍ നിന്നുള്ള വാഹനത്തിലോ ആണ് യാത്ര ചെയ്യേണ്ടത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരോടും, കുടുബാംഗങ്ങളോടും ഒരു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്രവ പരിശോധന, ഹോം ക്വാറന്റൈന്‍, ആശുപത്രി പ്രവേശനം തുടങ്ങിയവയ്ക്ക് വിധേയയാകണം.
ഹോം ക്വാറന്റൈന്‍ ആയ ഗര്‍ഭിണി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
ഹോം ക്വാറന്റൈന്‍ ആണെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച കാലാവധി കുടുംബാംഗങ്ങളുമായി ഇടപഴകാതെ ഒരുമുറിയില്‍ തന്നെ കഴിയണം. റൂമില്‍ നിന്ന് പുറത്തിറങ്ങരുത്. വായു സഞ്ചാരമുള്ളതും ശുചിമുറികള്‍ ഉള്ളതുമായ മുറി ആണ് അഭികാമ്യം. വയോധികര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരുമായി സമ്പര്‍ക്കം പാടില്ല.
ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ടവല്‍ തുടങ്ങിയവ മറ്റാരും ഉപയോഗിക്കരുത്. മാസ്‌ക്ക് എല്ലായിപ്പോഴും ഉപയോഗിക്കുകയും ആറ് മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റുകയും വേണം. മാറ്റുന്ന മാസ്‌ക്കുകള്‍ ഒരു ശതമാനം ബ്ലീച്ച് ലായിനിയില്‍ 20 മിനിറ്റ് മുക്കി വച്ചതിനു ശേഷം കത്തിച്ചു കളയണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ ലയിപ്പിച്ച് ലായനി തയാറാക്കാം. സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലുള്ള ഒരാള്‍ മാത്രമായിരിക്കണം ഗര്‍ഭിണികള്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത്. ഈ വ്യക്തിയും ശാരീരിക അകലം പാലിക്കണം. ഈ വ്യക്തി കൈയ്യുറയും മാസ്‌ക്കും ധരിക്കേണ്ടതും കൈകള്‍ ഇടയ്ക്കിടെ കഴുകേണ്ടതുമാണ്. ഗര്‍ഭിണിക്ക് രോഗ ലക്ഷണങ്ങള്‍ വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഒപ്പം ഈ വ്യക്തി ഹോം ക്വാറന്റൈനില്‍ ആകണം. ക്വാറന്റൈനിലുള്ള ഗര്‍ഭിണി ഉപയോഗിക്കുന്ന മേശ, മറ്റ് പ്രതലങ്ങള്‍, ടോയ്ലറ്റ് തുടങ്ങിയവ ഒരു ശതമാനം ബ്ലീച്ച് ലായനി ഉപയോഗിച്ച് ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം. ക്വാറന്റൈനിലുള്ള വ്യക്തിയുടെ തുണികള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം. ഗര്‍ഭിണികള്‍ സാധാരണ ചെയ്തിരുന്ന വ്യായാമങ്ങള്‍ ക്വാറന്റൈന്‍ സമയത്ത് വീട്ടിലിരുന്ന് തന്നെ ചെയ്യണം.
ഗര്‍ഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ എന്തുചെയ്യും?
കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ ജില്ലയിലെ കോവിഡ് ആശുപത്രിയില്‍ ആയിരിക്കും തുടര്‍ന്നുള്ള ചികിത്സകള്‍. രോഗം ഭേദമാകുന്നതിനു മുമ്പ് പ്രസവം വേണ്ടി വന്നാല്‍ അതിനുള്ള അനുബന്ധസൗകര്യങ്ങളെല്ലാം കോവിഡ് ആശുപത്രിയില്‍ ഉണ്ടാകും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകം സജ്ജീകരിച്ച പ്രസവമുറികളില്‍ എല്ലാ കരുതലോടും കൂടിയുള്ള പരിചരണം ലഭ്യമാകും. അമ്മയുടെ ഓക്സിജന്റെ തോത് നോക്കുക, കുഞ്ഞിന്റെ അനക്കം അറിയുക ഇവയെല്ലാം ഒഴിവാക്കാന്‍ ആവാത്തതാണ്. കോവിഡ് രോഗ ബാധിതരില്‍ സുഖ പ്രസവത്തിന് തടസമില്ല. സുഖ പ്രസവം നടക്കാതിരിക്കുകയോ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന തകരാറുകൊണ്ട് ഓക്സിജന്‍ കിട്ടാതെ വരികയോ ചെയ്യുന്ന അവസരങ്ങളിലാണ് സിസേറിയന്‍ വേണ്ടി വരുന്നത്. ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് മുലപ്പാലിലൂടെ കോവിഡ് രോഗം പകരുന്നതായി സ്ഥിരികരിച്ചിട്ടില്ല. എന്നാല്‍, സ്പര്‍ശനത്തിലൂടെയും, അമ്മയുടെ വായില്‍ നിന്നും പുറത്തു വരുന്ന സ്രവ കണികകളിലൂടെയും കുഞ്ഞിലേക്ക് രോഗം പകരാം. മുലയൂട്ടുന്നതിനു മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കുഞ്ഞിന്റെ മുഖത്തേക്ക് ശ്വാസം വിടുകയോ തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യരുത്. മുലയൂട്ടുന്ന സമയത്ത് മാസ്‌ക്ക് ധരിക്കണം. അല്ലെങ്കില്‍ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പിഴിഞ്ഞെടുത്ത് രോഗബാധ ഇല്ലാത്ത മറ്റൊരാള്‍ വഴി കുഞ്ഞിന് നല്‍കുക. (ബ്രസ്റ്റ് ഉപയോഗിക്കുന്നതിനു മുമ്പ് കൈകളും സ്തനങ്ങളും കഴുകണം)
ഗര്‍ഭിണിക്ക് കോവിഡ് രോഗബാധയുണ്ടായാല്‍ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടാകുന്ന
പ്രശ്നങ്ങള്‍ എന്തെല്ലാം?
ഗര്‍ഭസ്ഥ ശിശുവിന് ചുറ്റുമുള്ള ആമ്നിയോട്ടിക് ഫ്ളൂയിഡ്, പൊക്കിള്‍ കൊടിയില്‍ നിന്ന് എടുക്കുന്ന രക്തം, നവജാത ശിശുവിന്റെ തൊണ്ടയില്‍ നിന്നുള്ള സ്രവം എന്നിവയില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. അതുകൊണ്ടുതന്നെ അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുക്കളിലേക്ക് രോഗം പകരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അബോര്‍ഷന്‍, ജന്മനാലുള്ള വൈകല്യം എന്നിവയും കോവിഡ് കൊണ്ട് ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 സ്വാബ് ടെസ്റ്റ് ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ നടത്താം. മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഗര്‍ഭിണികള്‍ക്ക് കൗണ്‍സിലിംഗിനും നിര്‍ദേശങ്ങള്‍ക്കുമായി 8075560893 എന്ന നമ്പറില്‍ ബന്ധപ്പെടാം.