സുദീർഘമായ എന്റെ വൈദ്യ പരിപാലനജീവിതത്തിൽ ഊർജസ്വലതയോടെ മുന്നോട്ടുപോകാൻ എനിക്ക് കിട്ടിയ ഉത്തേജകമരുന്ന് എന്റെ പ്രിയപ്പെട്ട രോഗികളുടെ സ്നേഹവും സന്തോഷവുമാണ്.

Share News

പ്രിയ സുഹൃത്തേ,

പി പി ഇ കിറ്റ് ധരിച്ചു തീവ്രപരിചരണവിഭാഗത്തിൽ പരിശോധനക്കെത്തിയത് ആരെന്നല്ലേ ? അത്ഭുതപ്പെടേണ്ട, നിങ്ങളുടെ എളിയ സുഹൃത്തായ ഞാൻ തന്നെ. കണ്ടാൽ മനസ്സിലാവില്ല. അത്രമാത്രം ആവരണങ്ങൾ കൊണ്ടാണ് ഞാൻ ചുറ്റപ്പെട്ടിരിക്കുന്നത്. ലക്‌ഷ്യം ഒന്നുതന്നെ, ഒരു തരത്തിലും കൊറോണ വൈറസ് ഉള്ളിൽ കയറിപ്പറ്റരുത്‌. ലൂർദ് ആശുപത്രിയിലെ ഐസിയുവിൽ ഞാൻ ഈ വേഷഭൂഷാദികൾ അണിഞ്ഞത് കോവിഡ് ബാധിച്ച ഒരു രോഗിയെ പരിശോധിക്കുവാനാണ്. ദിവസേന ചെയ്യുന്ന ഞങ്ങളുടെ ഈ വേഷം ഇടലും അഴിക്കലും അങ്ങേയറ്റം വിഷമം പിടിച്ച ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ? കട്ടിയേറിയ എൻ 95 മാസ്കും അതിനുമുകളിൽ ഫേസ് ഷീൽഡും വച്ചാൽ ശ്വാസം കിട്ടാനും പ്രയാസം. അങ്ങനെ ഏറെ ദുഷ്കരമാണ് ഇപ്പോൾ ഡോക്ടർമാരുടെ ജീവിതം. കുറച്ചു കോവിഡ് രോഗികളെ മാത്രം നോക്കുന്ന എന്റെ സ്ഥിതി ഇതാണെങ്കിൽ, കോവിഡ് രോഗികൾ മാത്രം നിറഞ്ഞു കിടക്കുന്ന വാർഡുകളിൽ രാപകൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. ചൈനയിലെ വുഹാൻ സെൻട്രൽ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന 34 കാരനായ നേത്രരോഗവിദഗ്ധൻ ഡോ ലീ വെൻലിയാങ് 2019 ഡിസംബർ മധ്യത്തോടെയാണ് തന്റെ ക്ലിനിക്കിൽ ഒരേ രോഗലക്ഷണങ്ങളോടെ വന്ന ഏഴ് രോഗികളെ പരിശോധിക്കാൻ ഇടവന്നത്. 2003 -ഇൽ പൊട്ടിപ്പുറപ്പെട്ട സാർസ് വൈറസ് ബാധയോട് സാദ്ര്ശ്യം ഉള്ള രോഗലക്ഷണങ്ങളാണ് ഈ രോഗികളിൽ ഡോ ലീ കണ്ടത്. വീണ്ടും തുടരെത്തുടരെ അതെ രോഗലക്ഷണങ്ങളോടെ രോഗികൾ വരാൻ തുടങ്ങിയപ്പോൾ ഡോ ലീക്ക് സംശയമായി, ഇത് മറ്റൊരു മഹാമാരിയുടെ തുടക്കം തന്നെ. ഡിസംബർ 30 -ആം തിയതി അദ്ദേഹം സോഷ്യൽ മാധ്യമത്തിലൂടെ മറ്റു ഡോക്ടർമാർക്ക് വിവരമെഴുതി. അവാസ്തവമായ കിംവദന്തി പരത്തുന്നു എന്ന് കുറ്റപ്പെടുത്തി ചൈനീസ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജനുവരി 10 -ആം തിയതി ആയപ്പോൾ ഡോ ലീക്ക് മനസ്സിലായി താനും രോഗത്തിനടിമപ്പെട്ടെന്ന്‌, ഫെബ്രുവരി 6 -ആം തിയതി ആ ഭിഷഗ്വരൻ മരണത്തിനു കീഴടങ്ങി. ഡോ ലീ മരണാസന്നമായി ഐസിയുവിൽ പ്രവേശിക്കപ്പെട്ടു കഴിഞ്ഞു പത്തു ദിവസങ്ങൾ കഴിഞ്ഞാണ് ജനുവരി 20 നു ആദ്യമായി ചൈനീസ് അധികൃതർ കൊറോണ വൈറസ് മഹാമാരി പൊട്ടിപുറപ്പെട്ടതായി ലോകത്തെ അറിയിച്ചത്.

ഇന്ന് ലോകമെമ്പാടും നിരവധി ഡോക്ടർമാർ കോവിഡ് രോഗികളെ ചികിൽസിച്ചു സ്വയം രോഗം ബാധിച്ചു സാവധാനം മരണത്തിനു കീഴ്പ്പെടുകയാണ്. ആയിരക്കണക്കിന് ഡോക്ടർമാർ ഭൂമുഖത്തു മരിക്കുന്നു. ഇന്ത്യയിൽ ഇതുവരെ 393 ഡോക്ടർമാർ കോവിഡ് രോഗികളെ ചികിൽസിച്ചു മരണം കൈവരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ നിരവധി നേഴ്‌സുമാരും മറ്റു ആരോഗ്യപ്രവർത്തകരും മൃത്യുവിനിരയായി.

അതെ, ഇന്ന് വളരെയേറെ പ്രശംസകൾ അർഹിക്കുന്നവരാണ് ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും. കാരണം മറ്റു പലരും ചെയ്യാൻ മടിക്കുന്നത് ഡോക്ടർമാർ ധൈര്യപൂർവം ചെയ്യുകയാണ്, സ്വന്തം ജീവൻ പണയം വെച്ചുകൊണ്ടാണെന്നു പറയാം. രോഗവ്യാപനം തടയുന്നതിലും സമുചിതമായ ചികിത്സ ലഭിക്കുന്നതിലും ആരോഗ്യപ്രവർത്തകരുടെ സേവനം ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരും പൊതുജനവും എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്ന് വിചിന്തനം ചെയ്യേണ്ടതാണ്.

എന്നാൽ ഇതെല്ലാം സഹിച്ചുകൊണ്ട് ഡോക്ടർമാർ ധീരതയോടെ ജോലിചെയ്യും, നിങ്ങളുടെ സ്നേഹവും സാന്ത്വനവും കരുതലും ഉത്തേജകമരുന്നായി എപ്പോഴുമുണ്ടെങ്കിൽ. നിങ്ങളുടെ മനസ്സ് തുറന്നുള്ള ഒരു ചിരി, ചെറിയ നന്ദി പ്രകടനം, എല്ലാം ഡോക്ടർമാരുടെ തളർന്ന മനസ്സിനെയും ശരീരത്തെയും പ്രോജ്വല മാക്കുകതന്നെചെയ്യും. സുദീർഘമായ എന്റെ വൈദ്യ പരിപാലനജീവിതത്തിൽ ഊർജസ്വലതയോടെ മുന്നോട്ടുപോകാൻ എനിക്ക് കിട്ടിയ ഉത്തേജകമരുന്ന് എന്റെ പ്രിയപ്പെട്ട രോഗികളുടെ സ്നേഹവും സന്തോഷവുമാണ്. ആശുപത്രി ജീവിതവുമായി ബന്ധപ്പെട്ടു ഏറെ സങ്കടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം എന്റെ രോഗികളുടെ നിഷ്കളങ്ക സ്നേഹത്തിൽ തേഞ്ഞുമാഞ്ഞുപോയി. ഫലം കാംഷിക്കാതെ കർമത്തിൽ മുഴുകാൻ ഉപദേശിച്ചത് ഭഗവത്ഗീതയാണ്. അപ്പപ്പോഴൊക്കെ അപ്രതീക്ഷിതമായി വലിഞ്ഞുകേറിവരുന്ന പ്രശ്നങ്ങളെയും പൊല്ലാപ്പുകളെയും ആത്മീയാഹ്ലാദമാക്കാൻ ഉപകരണമാക്കിയത് അവിശ്രമമായ എന്റെ രോഗീശുശ്രുഷയായിരുന്നു. വിധിയുടെ പീഢനങ്ങളേല്പിക്കുന്ന ജീവിതാന്ധകാരത്തിൽ നിന്ന് തപ്പിത്തടഞ്ഞു രക്ഷപെടാൻ സഹായിച്ചതും അഗാധമായ ഈശ്വരവിശ്വാസത്തോടൊപ്പം എന്റെ പ്രിയപ്പെട്ട രോഗികളുടെ അകമഴിഞ്ഞ സ്നേഹവും സാന്ത്വനവും ആയിരുന്നു. നിരാലംബർക്കുവേണ്ടി ഉരുകിത്തീർന്ന ഒരു മഹാ ഭിഷഗ്‌വരന്റെ പാദങ്ങൾ നമിച്ചുകൊണ്ടാണ് എന്റെ വൈദ്യജീവിതം തുടരുക.

നിങ്ങളുടെ എളിയ ഡോ ജോർജ് തയ്യിൽ

Dr-George Thayil
Cardiologist (MD,FACC,FRCP), Author, Columnist

Share News