‘നമുക്ക് മറവിരോഗത്തെക്കുറിച്ച് സംസാരിക്കാം’ എന്നതാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിന സന്ദേശം.

Share News

സെപ്റ്റംബർ 21
ലോക അൽഷിമേഴ്സ് ദിനം

എല്ലാ വർഷവും സെപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായും സെപ്തംബർ മാസം അൽഷിമേഴ്‌സ് ബോധവൽക്കരണ മാസമായും ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് .’നമുക്ക് മറവിരോഗത്തെക്കുറിച്ച് സംസാരിക്കാം’ എന്നതാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിന സന്ദേശം.

ലോകമെമ്പാടും മറവിരോഗം ബാധിച്ച 5 കോടിയിലേറെപ്പേർ ഉണ്ട് .കേരളത്തിൽ 2 ലക്ഷത്തോളം പേർക്ക് അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗങ്ങൾ ഉണ്ട്.60 മുതൽ 80 വരെ പ്രായമുള്ള 100 പേരിൽ 5 പേർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്.80 കഴിഞ്ഞവരിൽ 20% വും 85 വയസ്സിനു മുകളിൽ 50% വും ആണ് രോഗ സാധ്യത.

തുടക്കത്തിൽ ചെറിയ ഓർമ്മപ്പിശകുകളും , പിന്നീട്
സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും ഉണ്ടാകുന്നു.തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓർമ , ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് അൽഷിമേഴ്സിൻ്റെ പ്രധാന കാരണം.രോഗമുള്ളവരിൽ 10% ൻ്റെയെങ്കിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ എങ്ങനെ ആവിർഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.മറവിരോഗത്തിന് അമ്പതോളം കാരണങ്ങളുണ്ട്.
തൈറോയ്ഡ് പ്രശ്നങ്ങളോ കരൾ, വൃക്ക രോഗങ്ങളോ മറവിയുണ്ടാക്കാം.

തുടക്കത്തിലേ ഉള്ള രോഗനിർണയം പരമപ്രധാനമാണ്.
അനന്തരഫലങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ
ഇതുവഴി സാധിക്കും.രോഗബാധിതരോട് സ്നേഹത്തോടെയുള്ള പരിചരണവും കരുതലോടെയുള്ള കൂട്ടിരിപ്പും ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

-മുമ്പുണ്ടായിരുന്ന ബഹുമാനം തുടർന്നുമുണ്ടാകണം.
ക്ഷമയോടെയും പക്വതയോടെയും പ്രതികരിക്കണം.

-രോഗിയുടെ ദിനചര്യകൾ ക്രമം തെറ്റാതെ നോക്കണം.

-അവരുടെ മനസ്സിൽ ആശങ്കകൾ ഉരുണ്ടുകൂടാതെ ശ്രദ്ധിക്കണം.പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കണം.

-ഒരേകാര്യംതന്നെ എത്രവട്ടം വേണമെങ്കിലും ആവർത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം.

-വീടിനുള്ളിൽത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം.

-അമിതദേഷ്യം, വിഷാദം, ചിരി, കരച്ചിൽ, നിസ്സംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്നേഹപൂർവം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം.

-ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം. ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, കഥകൾ എന്നിവ ആവർത്തിച്ച് കേൾപ്പിക്കാം, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കാണിക്കാം, സാധിക്കുമെങ്കിൽ പത്ര-പുസ്തക വായനയും ചെയ്യിക്കാം.

-ഇഷ്ടഭക്ഷണം ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിക്കൊടുക്കണം. ചവച്ചിറക്കാൻ പ്രയാസമുള്ളവർക്ക് ഉടച്ചുനൽകാം. പഴങ്ങളും പാനീയങ്ങളും കൂടുതൽ നൽകാം.

-ശാരീരികമായ പരിക്കുകളോ അപകടങ്ങളോ പറ്റാതെ ശ്രദ്ധിക്കണം

ഈ കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് ,പ്രത്യേകിച്ച് മറവി രോഗം പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് ചികിത്സയും ,സംരക്ഷണവും ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ കോവിഡ് കാലം കഴിയുന്നത്‌ വരെ കാത്തു നിൽക്കാതെ ഉടനടി ചികിത്സ തേടുക.1056,0471-2552056 എന്നീ ദിശ നമ്പറുകളിൽ ബന്ധപ്പെടുക.മറവി രോഗം ബാധിച്ച് കിടപ്പിലായ രോഗികളുടെ അടുത്ത് യാതൊരു കാരണവശാലും വീടിനു പുറത്തു പോകുന്നവർ പോകരുത്. കിടപ്പുരോഗികൾക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാൽ അവർക്ക് പെട്ടെന്ന് കോവിഡ് 19 പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. രോഗിയെ പരിചരിക്കുന്നവർ വീടിനു പുറത്ത് പോകുന്ന മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.

കിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക . ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്.കൃത്യമായ ശുശ്രൂഷ നൽകാനുള്ള സാഹചര്യം വീട്ടിലില്ലെങ്കിൽ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകൽ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്.അത്തരം സന്ദർഭങ്ങളിൽ കൃത്യമായ ഇടവേളകളിൽ രോഗിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം.

ഓർക്കുക, മറവി രോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്റെ സ്വാഭാവിക ഘട്ടമല്ല .രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക.രോഗ വിവരങ്ങൾ സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്റെയും ,സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ രോഗിയ്ക്ക് മികച്ച പരിചരണം നൽകാൻ ഒത്തു ചേർന്നു പ്രവർത്തിയ്ക്കുക.

ഡോ .സണ്ണി മാത്യു ,
നോഡൽ ഓഫീസർ ,
ജില്ലാ മാനസികാരോഗ്യ വിഭാഗം ,കാസറഗോഡ്

Share News