ലിംഗനീതിയിലേക്കുള്ള സുപ്രധാന വിധി

Share News

ഹിന്ദു മതത്തിലെ പെണ്‍കുട്ടികളുടെ സ്വത്തവകാശ വിഷയത്തില്‍ ചരിത്രപരവും ലിംഗസമത്വത്തെ പരിപോഷിപ്പിക്കുന്നതുമായ വിധിയാണ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 ആഗസ്റ്റ് 11 ചൊവ്വാഴ്ച പുറപ്പെടുവിച്ചത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്ത് മകനൊപ്പം മകള്‍ക്കും സ്വത്ത് അവകാശം ഉറപ്പാക്കിയ 2005 സെപ്റ്റംബര്‍ ഒമ്പതിലെ നിയമ ഭേദഗതിക്ക് ശക്തിപകരുന്നതാണ് ഈ വിധി. 2005 ലെ ഭേദഗതി നിയമവ്യവസ്ഥകളിലെ അവ്യക്തത നീക്കുകയും ഈ വിഷയത്തില്‍ വ്യത്യസ്ത വിധി ന്യായങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കു കയും ചെയ്യുന്നതാണ് പുതിയ വിധി.

സ്ത്രീയുടെ അന്തസ്സും അവകാശവും ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി പൂര്‍വ്വിക സ്വത്തിന്‍റെ ന്യായയുക്തവും നീതിപൂര്‍വ്വകവുമായ വിതരണത്തിന് ആണ്‍-പെണ്‍ വ്യത്യാസം ഒരിക്കലും തടസ്സമാകരുത് എന്ന് നിഷ്കര്‍ഷിക്കുന്നു. 2005 ലെ നിയമഭേദഗതിയോടെ ഹന്ദു കുടുംബത്തിന്‍റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കൊപ്പം പെണ്‍മക്കള്‍ക്കും അവകാശം ലഭിച്ചെങ്കിലും ചില വ്യക്തതക്കുറവുകള്‍ നിലനിന്നിരുന്നു. ഇക്കാരണത്താല്‍ വിവിധ ഹൈക്കോടതികളിലും കീഴ്ക്കോടതികളിലുമായി ഒട്ടേറെ കേസുകള്‍ വര്‍ഷങ്ങളായി തീര്‍പ്പാവാതെ കെട്ടിക്കിടക്കുകയാണ്. സുപ്രീംകോടതിയുടെ വ്യത്യസ്ത ബെഞ്ചുകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രൂപീകരിക്കപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഇതിനെല്ലാം പരിഹാരം കാണും വിധത്തിലുള്ള ചരിത്രപരമായ ഈ വിധി പുറപ്പെടു വിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വിധിയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും സുപ്രീംകോടതിയുടെ വിധിയില്‍ നിര്‍ദ്ദേശമുണ്ട്. 2005 സെപ്റ്റംബര്‍ 9 ലെ നിയമ ഭേദഗതിയിലെ സങ്കീര്‍ണ്ണത, ഭേദഗതി നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടോ എന്നതും ഭേദഗതി നിയമം വരുന്നതിനുമുമ്പ് പിതാവ് മരിച്ച പെണ്‍കുട്ടികള്‍ക്ക് ജനനത്തോടെ തന്നെ സ്വത്തവകാശം ലഭിക്കുമോ എന്നതുമായിരുന്നു. പുതിയ വിധി വന്നതോടെ 2005 ലെ ഭേദഗതി നിയമത്തിന് മുന്‍പോ ശേഷമോ ജനിക്കുന്ന പെണ്‍കുട്ടി, സ്വത്തവകാശ കാര്യത്തില്‍ ആണ്‍കുട്ടിക്ക് തുല്യയാണെന്ന് വിധിയിലെ 129-ാം ഖണ്ഡിക വ്യക്തമാക്കുന്നു. കൂടാതെ കൂട്ടുകുടുംബത്തിലെ സ്വത്തവകാശം ആരുടെയെങ്കിലും മരണത്തോടെയല്ല, മറിച്ച് ജനനത്തില്‍ ലഭിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ന്നെ സ്വത്തവകാശമുണ്ട്. പിതാവിന്‍റെ മരണം മകളുടെ സ്വത്ത വകാശത്തിന് തടസ്സമല്ല. ഭേദഗതി വന്ന ദിവസം മുതല്‍ക്കേ അത് അവകാശപ്പെടാം. പിതാവ് 2005 സെപ്റ്റംബര്‍ 9 ന് മുന്‍പ് മരിച്ചതാണെങ്കിലും പെണ്‍കുട്ടികള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടാകും. മകള്‍ എന്നും മകള്‍ തന്നെയാണെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര എടുത്തു പറഞ്ഞിട്ടുണ്ട്.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ആറ് (1) ആറ് (2) വകുപ്പുകള്‍ പ്രകാരം മകനൊപ്പം തന്നെ മകള്‍ക്കും സ്വത്തില്‍ അവകാശമുണ്ട്. സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും പുറമേ കൂട്ടവകാശിയുടെ (പിതാവ്) ഭാര്യയ്ക്കും സ്വത്തവകാശമുണ്ട്. കേരള നിയമസഭ പാസ്സാക്കിയ കേരള ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായ (നിരോധന) നിയമം-1975, സ്ത്രീകള്‍ക്ക് തുല്യപരിഗണന ഉറപ്പാക്കുന്നതാണ്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും പിന്നീട് ഇത്തരത്തില്‍ നിയമമുണ്ടാക്കി. ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ക്ക് അഖിലേന്ത്യ സ്വഭാവം നല്‍കാനാണ് 2005 ല്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം പാര്‍ലമെന്‍റ് ഭേദഗതി ചെയ്തത്. നിയമത്തിലെ മകന്‍-മകള്‍ വേര്‍തിരിവ് ഇപ്പോള്‍ ആറാം വകുപ്പിന്‍റെ ഭേദഗതിയിലൂടെ ഒഴിവാക്കി. ഈ നിര്‍ണായക വിധി സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന, തുല്യനീതി നിഷേധിക്കുന്ന അവസ്ഥക്ക് അറുതി വരുത്തുന്നു. പുതിയ ദിശാസൂചിക അടയാളപ്പെടുത്തുന്ന വിധിയാണിത്. സ്ത്രീധനം നല്‍കി വിവാഹം കഴിച്ച് അയക്കുന്നതോടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പിതൃസ്വത്തിലുള്ള അവകാശം ഇല്ലാതാകുമെന്ന തിരുവിതാംകൂറിലെ നിയമം നിലനില്‍ക്കില്ലെന്ന് പ്രസിദ്ധമായ മേരി റോയ് കേസില്‍ (1986) സുപ്രീംകോടതി വിധിച്ചതും ഇതിനോടു ചേര്‍ത്ത് ഓര്‍മിക്കാം.

ഇതര മതസ്തരുടെ സ്വത്തവകാശം സംബന്ധിച്ച കാര്യങ്ങളിലും സമാനമായ ചിന്താഗതി ഉയര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തിലെ പല വിഭാഗങ്ങള്‍ക്കിടയിലും ഇന്നും സ്വത്തുസംബന്ധമായ കാര്യത്തില്‍ തുല്യാവകാശം നിലവില്‍ വന്നിട്ടില്ല. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരെന്ന് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം പൗരന് ഉറപ്പുനല്‍കുന്ന അവകാശം ഈ ചരിത്രവിധിയിലൂടെ അന്വര്‍ത്ഥമാവുകയാണ്. ജുഡീഷ്യറിയുടെ ഇടപെടലുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സൗന്ദര്യത്തെ കൂടുതല്‍ പ്രശോഭിപ്പിക്കുന്നു. ലിംഗസമത്വത്തെ, ലിംഗനീതിയെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി പെണ്‍മയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ വിധി മനുഷ്യാന്തസ്സിന്‍റെ തുല്യതയെ കൂടുതല്‍ ദീപ്തമാക്കട്ടെ.

Adv Charly Photo

അഡ്വ. ചാര്‍ളി പോള്‍

Share News