
പണ്ഡിറ്റ് ജസ്‌രാജ് ജി കടന്നുപോയി; ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു യുഗം അവസാനിച്ചിരിക്കുന്നു
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരിക്കലും മാറ്റി വെക്കാനാകാത്ത നാമം. ഈ കാലഘട്ടത്തിൽ മേവതി ഘരാനയുടെ നായകത്വം പണ്ഡിറ്റ് ജസ്‌രാജ് ജി ക്കായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരിൽ ഒരാളാണ് ഗുരുജി പണ്ഡിറ്റ് രമേശ് നാരായൺ ജി. ഈ തലമുറയിലെ പുതിയ ഗായകരിൽപ്പെടുന്നു പണ്ഡിറ്റ് രമേശ് നാരായൺ ജി യുടെ ശിഷ്യനായ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ ഞങ്ങളുടെ പ്രിയ ഗുരു സബീഷ് ബാല ജി. അതുകൊണ്ട് തന്നെ സംഗീത ലോകത്ത് പിച്ചവെക്കുന്ന ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ വിദ്യാർത്ഥികളായ ഞങ്ങൾക്കോരോരുത്തർക്കും പണ്ഡിറ്റ് ജസ്‌രാജ് ജി യുടെ വിയോഗം തീരാനഷ്ടമാണ്. അതെ ഞങ്ങളുടെ സ്വന്തം മേവതി ഘരാനയുടെ നായകൻ കടന്നുപോയിരിക്കുന്നു……..
നേരിട്ട് കണ്ടിട്ടില്ലാത്ത വലിയ ഗുരുവിന് ആദരാഞ്ജലികൾ…..
ഗുരുജി ജസ്‌രാജ് ജി ജനിച്ചത് ഹരിയാനയിലെ ഹിസ്സാറിൽ 1930 ലാണ്. പ്രസിദ്ധ സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്ന വി ശാന്താറാമിന്റെ മകൾ മാധുര്യ ആണ് അദ്ദേഹത്തിന്റെ പത്നി. ശാരങ് ദേവ്, പണ്ഡിറ്റ് ദുർഗ ജസ്‌രാജ് എന്നിവരാണ് മക്കൾ.
ഇവിടെ ഞാൻ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിൽ മൂന്നുപേരാണ് പ്രധാനമായും ഉള്ളത്. ഇടത്തേയറ്റത്ത് പണ്ഡിറ്റ് രമേശ് നാരായൺ ജി, നടുക്ക് പണ്ഡിറ്റ് ജസ്‌രാജ് ജി, വലത്തേയറ്റം യുവാവായ ഗുരു സബീഷ് ബാല ജി.
ഘഗ്ഗേ നസീർഖാൻ എന്ന സംഗീതജ്ഞൻ ആണ് മേവതി ഘരാനയുടെ സ്ഥാപകൻ. ഭാവപ്രധാനമായ ഈ ഘരാനയിൽ സ്വരങ്ങളെക്കൊണ്ട് രാഗഭാവം വികസിപ്പിച്ചെടുക്കുകയാണ് പതിവ്.മേവതി ഗായകി ബന്ദിഷിലെ സാഹിത്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നതിനാൽ താളവുമായി ഒന്നിക്കുന്നതിന് ബന്ദിഷിലെ വരികൾ വലിച്ചു നീട്ടുന്ന പതിവില്ല. വാക്കുകൾ കുറയുമ്പോൾ അതിനെ താൻ കൊണ്ടും സർഗ്ഗം കൊണ്ടും നികത്തുന്നു. മീൺഡും ഒരു പ്രധാന അലങ്കാരമായി സ്വീകരിച്ചിട്ടുണ്ട്.
അവസാനത്തെ നൈസാമിന്റെ ദർബാറിൽ ദേശീയ സംഗീതജ്ഞൻ എന്ന പദവി ഏറ്റെടുക്കേണ്ട ദിവസമാണ് ഗുരുവിന്റെ പിതാവ് മോത്തിറാം ജി അന്തരിച്ചത്. അന്ന് ഗുരുവിന് 4വയസ്സാണ്. മൂത്ത സഹോദരനായ മണി റാംജി ബാലനായ ജസ്‌രാജ് ജിയെ സംഗീതം അഭ്യസിപ്പിച്ചു. തുടർന്ന് മഹാരാജ ജയവന്ത്സിംഗ് വഗേലയാണ് സംഗീതം അഭ്യസിപ്പിച്ചത് . പിന്നീട് പ്രശസ്ത ഗസൽ ടുമ്രി ഗായികയായ ബീഗം അക്തറിന്റെ പക്കലായി അദ്ദേഹത്തെ സംഗീത പഠനം.
ഖയാൽ സംഗീതത്തിൽ ഏറെ ഗവേഷണം നടത്തിയിട്ടുള്ള ഗുരുജിക്ക് രണ്ടായിരമാണ്ടിൽ പത്മവിഭൂഷൺ ലഭിച്ചു.ഗുരു സബീഷ് ബാല ജിയിൽ നിന്നാണ് ജസ്‌രാജ് ജി യെക്കുറിച്ചു ഞാൻ കൂടുതൽ കേട്ടത്.
പിന്നീട് അദ്ദേഹത്തിന്റെ മരണദിനത്തിൽ രവിമേനോൻ പണ്ഡിറ്റ് ജസ്‌രാജ് ജിയെക്കുറിച്ചു എഴുതിയത് വായിക്കാൻ ഇടയായി. സൂര്യതേജസ്സ് എന്ന് പണ്ഡിറ്റ് ജസ്‌രാജിനെ സ്വരദേവതയായ ലതാ മങ്കേഷ്‌കർ വിശേഷിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. രവിമേനോൻ പറയുന്നു, ഇന്ത്യൻ സംഗീതവേദിയിൽ ഒൻപത് പതിറ്റാണ്ടോളമായി ജ്വലിച്ചു നിൽക്കുന്ന ആ സൂര്യബിംബം ഇനി മുതൽ ഒരു ഗ്രഹം കൂടിയാണ്. 2006 വി പി 32 എന്ന ചെറുഗ്രഹത്തിന് ലോക ജ്യോതിശാസ്ത്ര സംഘടന (എ എ യു) പണ്ഡിറ്റ് ജസ്‌രാജ് എന്ന് നാമകരണം ചെയ്തത് കഴിഞ്ഞ ദിവസം മാത്രം. മൊസാർട്ട്, ബീഥോവൻ, ലൂസിയാനോ പാവറോട്ടി എന്നിവർക്കൊപ്പം പണ്ഡിറ്റ്ജിയും ഉണ്ടാകും ഇനി ബഹിരാകാശത്ത്.എത്ര സംഗീത സാന്ദ്രമായിരിക്കും എന്നോർത്തുനോക്കൂ ആ ഭ്രമണപഥം .
പണ്ഡിറ്റ് ജസ്‌രാജ് ജി സിനിമകളിൽ പാടിയതിനെക്കുറിച്ചും രവിമേനോൻ പറയുന്നുണ്ട്.
സവിശേഷമായ ആ “ജസ്‌രാജിയൻ” മുദ്ര പതിഞ്ഞുകിടക്കുന്ന പാട്ടുകളാണ് അദ്ദേഹം പാടിയതെല്ലാം. വസന്ത് ദേശായി മുതൽ അദ്നാൻ സമി വരെയുള്ള സംഗീത സംവിധായകർ സൃഷ്ടിച്ച ശാസ്ത്രീയ രാഗ സ്പർശമുള്ള ഗാനശില്പങ്ങൾ..
ആദ്യം പാടിയത് 1966 ലാണ്. ഭാര്യാപിതാവ് വി ശാന്താറാം സംവിധാനം ചെയ്ത ലഡ്‌കി സഹ്യാദ്രി കി'' എന്ന സിനിമയിൽ. ശാസ്ത്രീയ സംഗീതത്തിന്റെ സാദ്ധ്യതകൾ ഇത്ര ഔചിത്യപൂർവം പ്രയോജനപ്പെടുത്തിയ ചലച്ചിത്രകാരന്മാർ ശാന്താറാമിനെപ്പോലെ വേറെയുണ്ടോ എന്ന് സംശയമാണ്.
ലഡ്‌കി സഹ്യാദ്രി കി” യിൽ ഒരു ഭജനാണ് നവാഗത പിന്നണി ഗായകൻ ജസ്‌രാജ് പാടിയത്: ഭരത് വ്യാസ് എഴുതി വസന്ത് ദേശായ് ചിട്ടപ്പെടുത്തിയ `വന്ദന കരോ അർച്ചന കരോ’. പ്രിയരാഗമായ ആഹിർഭൈരവി തന്നെ അരങ്ങേറ്റ സിനിമയിലെ ആലാപനത്തിന് കൂട്ട് വന്നത് വിധിനിയോഗമാകാം.
1971 ൽ പുറത്തിറങ്ങിയ “ഫിർ ഭീ”യിലുമുണ്ട് പണ്ഡിറ്റ്ജിയുടെ നാദസാന്നിധ്യം; മുഴുനീള ഗാനങ്ങളിലൂടെയല്ല എന്ന് മാത്രം.
പടത്തിന്റെ പശ്ചാത്തലത്തിൽ ജസ്‌രാജിന്റെ ആലാപും ഖയാലും കേൾപ്പിക്കണമെന്നുള്ളത് സുഹൃത്തും സംഗീത സംവിധായകനുമായ രഘുനാഥ് സേട്ടിന്റെ നിർബന്ധമായിരുന്നു. പക്ഷേ രണ്ടു വർഷം കഴിഞ്ഞു റിലീസായ ബീർബൽ മൈ ബ്രദർ'' എന്ന ചിത്രത്തിൽ അവിസ്മരണീയമായ ഒരു ജുഗൽബന്ദിയിൽ തന്നെ പങ്കാളിയായി ജസ്‌രാജ്. കൂടെ പാടിയത് സാക്ഷാൽ പണ്ഡിറ്റ് ഭീംസെൻ ജോഷി. മാൽക്കോസ് രാഗത്തിൽ ശ്യാം പ്രഭാകർ സ്വരപ്പെടുത്തിയ
രംഗ് രലിയാ കരത് സൗത്തൻ കേ സംഗ്” കേൾക്കുമ്പോൾ രണ്ടു മഹാ സംഗീത സരണികളുടെ അപൂർവ സമ്മേളനത്തിന്റെ ഇന്ദ്രജാലം അനുഭവിച്ചറിയുന്നുണ്ട് നമ്മൾ . താൻ, മീൻഡ്, ഗമകം, മുർകി തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ എല്ലാ വശ്യ ഘടകങ്ങളേയും സമന്വയിപ്പിക്കുന്ന ആലാപനം.
അദ്നാൻ സമിയുടെ ഈണത്തിൽ 1920 (2008) എന്ന ചിത്രത്തിന് വേണ്ടി പാടിയ വാദാ തുംസേ ഹേ വാദാ'', ഏക് ഹസീനാ ഥി യിൽ അമിത് മോഹിലെ ചിട്ടപ്പെടുത്തിയ
നീന്ദ് നാ ആയേ” എന്നിവയും വേറിട്ട ശ്രവ്യാനുഭവമാണ് . സ്വാതന്ത്ര്യ സമരസേനാനി ഗൗർ ഹരിദാസിന്റെ ജീവിതം പ്രമേയമാക്കി ആനന്ദ് മഹാദേവൻ 2013 ൽ ഒരുക്കിയ ഗൗർ ഹരി ദാസ്താനി''ലാണ് പിന്നീട് പണ്ഡിറ്റ്ജിയുടെ ആലാപനം കേട്ടത് -- വയലിൻ ഇതിഹാസം എൽ സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ
വൈഷ്ണവ ജനതോ” ആയിരുന്നു അത്. കവിതാ കൃഷ്ണമൂർത്തിയായിരുന്നു സഹഗായിക. ഒടുവിൽ പാടിയത് ലതാ മങ്കേഷ്‌കർക്കും സുരേഷ് വാഡ്കർക്കും ഒപ്പം ഒരു ആരതിയാണ് — ആയി തുജാ ആശീർവാദ് എന്ന മറാഠി ചിത്രത്തിലെ “ഓം നമോ സുഖദായി എന്നതായിരുന്നു അത്.
അതെ…
ഒരു യുഗം അവസാനിച്ചിരിക്കുന്നു 😔…
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉദ്യാനത്തിൽ ഏറ്റവും മനോഹരമായി പ്രശോഭിച്ചിരുന്ന പൂവ് കൊഴിഞ്ഞു പോയിരിക്കുന്നു. വലിയ ഗുരു പദ്മ വിഭൂഷൺ സംഗീത് മാർത്താണ്ട് പണ്ഡിറ്റ് ജസ്‌രാജ് ജി യുടെ ഓർമകൾക്ക് മുന്നിൽ അശ്രുപുഷ്പങ്ങളുമായി ഈ വരികൾ സമർപ്പിക്കുന്നു.
എനിക്കീ അറിവുകൾ പകർന്നുതന്ന ഗുരു സബീഷ് ബാലാജിയോടും ശ്രീ രവിമേനോടുമുള്ള കടപ്പാടോടെ….

ജോർജ് എഫ് സേവ്യർ വലിയവീട്