പ്ലസ് വൺ, നഴ്സിങ്ങ് ഇ ഡബ്ലിയു എസ്- ചങ്ങനാശേരി അതിരൂപത പരാതി നൽകി

Share News

ഈ വർഷത്തെ പ്ലസ് വൺ, നഴ്സിങ്ങ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയുടെ പ്രവേശനം സംബദ്ധിച്ച വിജ്ഞാപനങ്ങളും പ്രോസ്പെക്ടസുകളും അപേക്ഷാ ഫോർമാറ്റുകളും പ്രസിദ്ധീകരിച്ചപ്പോൾ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% ഇ ഡബ്ലിയു എസ് സംവരണം ഉൾപ്പെടുത്താതിരുന്നതിനെതിരെ ചങ്ങനാശേരി അതിരൂപത, മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി അയച്ചു.

സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പിലാക്കിക്കൊണ്ട് 2020 ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം OBC സംവരണം അനുവദിച്ചിട്ടുളളതും ന്യൂനപക്ഷ പദവി ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളിലും ഇ ഡബ്ലിയു എസ് സംവരണം അനുവദിക്കേണ്ടതാണ്. എന്നാൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ഇതിനായുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇതു സംവരണേതരവിഭാഗങ്ങളോടുള്ള കടുത്ത നീതി നിഷേധവും ഇ ഡബ്ലിയു എസ് സംവരണം അട്ടിമറിക്കാനുള്ള ശ്രമവുമാണോ എന്ന് ആശങ്കയുണ്ട്. അതിനാൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകൾ പരിഷ്കരിച്ച് 10% ഇ ഡബ്ലിയു എസ് സംവരണം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് സമാപിക്കുന്നത്. പരാതിയുടെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.

O2 / 08/2020

പ്രേഷിതൻ,
ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത

സ്വീകർത്താവ്,
ശ്രീ. പിണറായി വിജയൻ
മുഖ്യമന്ത്രി

വിഷയം :പ്ലസ് വൺ, നഴ്സിംഗ് -പാരാ മെഡിക്കൽ പ്രവേശനം 2020-EWS സംവരണം ബാധകമാക്കാതിരിക്കുന്നതിലുള്ള പരാതി -സംബന്ധിച്ച്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

ഈ അധ്യയന വർഷത്തെ പ്ലസ് വൺ, നഴ്സിംഗ് -പാരാ മെഡിക്കൽ പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുകയാണല്ലോ. ഈ വർഷത്തെ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്‌പെക്ടസും അപേക്ഷാ ഫോർമാറ്റുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% EWS സംവരണം ഉൾപ്പെടുത്താതെയാണ് എന്ന വസ്തുത അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

സംസ്ഥാന സർക്കാർ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും 10% EWS സംവരണം നടപ്പിലാക്കിക്കൊണ്ട് 12-2-2020 തീയതിയിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സ.ഉ (എം.എസ്)നം.2/2020/ഉ.ഭ.പ.വ.എന്ന ഉത്തരവ് പ്രകാരം,
_ന്യുനപക്ഷ പദവിയില്ലാത്തതും മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചുവരുന്നതുമായ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിക്കേണ്ടതാണ്_ (വകുപ്പ് 4:19)
_ഓരോ ഭരണവകുപ്പും അതിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10%സംവരണം ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ /ഉത്തരവുകൾ അടിയന്തിരമായി പുറപ്പെടുവിക്കുന്നതാണ്. ബന്ധപ്പെട്ട പ്രോസ്പെക്ടസ്, അപേക്ഷാ ഫാറങ്ങൾ എന്നിവയിൽ അതിനനുസൃതമായ വ്യവസ്ഥകൾ ചേർക്കുന്നുവെന്ന് അതത് ഭരണവകുപ്പുകൾ ഉറപ്പ് വരുത്തേണ്ടതാണ്_ (വകുപ്പ് 4:20)

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മേൽപ്പറഞ്ഞപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. 10% EWS സംവരണം ഉൾപ്പെടുത്താതിരിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും നടപടി സംവരണേതര വിഭാഗങ്ങളോടുള്ള കടുത്ത നീതിനിഷേധമാണ്.വിദ്യാർത്ഥികൾക്ക് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട 10% EWS സംവരണം സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഇവിടുത്തെ സംവരണേതര വിഭാഗങ്ങൾക്കുണ്ട്. കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കഴിഞ്ഞ അധ്യയന വർഷംതന്നെ 10% EWS സംവരണം നടപ്പിലാക്കിയിട്ടുള്ളതാണ്.

EWS സംവരണം ഉൾപ്പെടുത്തിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതര വകുപ്പുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10% EWS സംവരണം നടപ്പിലാക്കിക്കൊണ്ടുള്ള തുടർ ഉത്തരവുകളും നടപടികളും അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന പ്ലസ് വൺ, നഴ്സിംഗ് -പാരാ മെഡിക്കൽ പ്രവേശന വിജ്ഞാപനങ്ങളിലും പ്രോസ്പെക്ടസ്, അപേക്ഷാ ഫാറങ്ങൾ എന്നിവയിലും 10% EWS സംവരണം ഉൾപ്പെടുത്തി പരിഷ്കരിക്കേണ്ടതുണ്ട്. ഈ വിഷയങ്ങളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുഭാവപൂർവമുള്ള ഇടപെടലുകൾ അടിയന്തിരമായുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ

ആർച്ചുബിഷപ് ജോസഫ്
പെരുന്തോട്ടം
പകർപ്പ് :
1.ശ്രീ. സി രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി

2.ശ്രീമതി. കെ കെ ഷൈലജ ടീച്ചർ
ആരോഗ്യ -കുടുംബക്ഷേമ വകുപ്പ് മന്ത്രി

Share News