വിശക്കുന്നവർക്ക് അപ്പമായ വിശുദ്ധൻ

Share News

ആശ്രമത്തിൽ ഉപവാസ ദിനങ്ങളായിരുന്നു.

ഒരു സഹോദരന് മാത്രം വിശപ്പടക്കാൻ കഴിഞ്ഞില്ല. ‘എനിക്കു വിശക്കുന്നേ…’ എന്നവൻ വാവിട്ടു കരയാൻ തുടങ്ങി.നിലവിളി കേട്ട് ആശ്രമാധിപൻ ഓടിയെത്തി. സങ്കടം കണ്ട അദ്ദേഹം ശിഷ്യനെയും കൂട്ടി അടുക്കളയിലെത്തി, അല്പം ഭക്ഷണം തയ്യാറാക്കി അവന് വിളമ്പുകയും കൂടെയിരുന്ന് ഭക്ഷിക്കുകയും ചെയ്തു. തൻ്റെ പ്രവർത്തി മറ്റുള്ളവർക്ക് ഉതപ്പാകുമെന്ന് സംശയിച്ച ഗുരു, ശിഷ്യരോട് പറഞ്ഞു: ”നമ്മുടെ ഒരു സഹോദരൻ വിശന്ന് നിലവിളിക്കുമ്പോൾ അവന് ഭക്ഷണം വിളമ്പുന്നതും അവനോടൊപ്പമിരുന്ന് അല്പം ഭക്ഷിക്കുന്നതും ഉപവാസമാണ്.

“ആ ഗുരുവിനെ നിങ്ങൾ അറിയും;അസീസ്സിയിലെ വി.ഫ്രാൻസിസ്.

ഈയിടെ തൃപ്പൂണിത്തറയിൽ ബോബിയച്ചൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കപ്പൂച്ചിൻ മെസിനെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. വിശക്കുന്ന ആർക്കും കയ്യിൽ പണമില്ലാതെ പശിയകറ്റാൻ തയ്യാറാക്കപ്പെട്ട ഫ്രാൻസിസ്കൻ ഭക്ഷണശാല.ആ സംരംഭം അറിഞ്ഞ എൻ്റെ സുഹൃത്ത് ആൽബിൻ എം ഔസേപ്പ്, ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു:

“2015 മുതൽ 18 വരെ കാലങ്ങളിൽ ഇങ്ങനെ ഒരു ഭക്ഷണശാല ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ അവിടുത്തെ നിത്യസന്ദർശകൻ ആകുമായിരുന്നു. സംഭവം ഇത്തിരി പഴയത് ആണെങ്കിലും ഇന്നും ജീവിതത്തിൽ മറക്കാൻ ആകാത്ത ഓർമ്മകൾ ആണ് എറണാകുളത്തെ ആ 3 വർഷത്തെ ജീവിതം. കളമശ്ശേരി CUSAT ക്യാമ്പസ്സിന് അടുത്തായിരുന്നു ഞങ്ങളുടെ താമസം. ഞങ്ങളുടെ എന്നു പറയുമ്പോൾ ഒത്തിരി പേരുണ്ട്. എറണാകുളത്തെ ഒരു വഴിയമ്പലം ആയിരുന്നു ആ വീട്. ഞങ്ങൾക്ക് ഇടയിൽ കുറവില്ലാത്ത ഒന്നുണ്ടായിരുന്നു, ദാരിദ്ര്യം. കേൾക്കുമ്പോൾ തമാശ തോന്നാമെങ്കിലും ജീവിതം പച്ചപിടിപ്പിക്കാൻ കൊച്ചിക്ക് പുറത്തുനിന്ന് വന്നവരായിരുന്നു ഞങ്ങളിൽ പലരും. ജോലി അന്വേഷിച്ചു നടന്ന ആ കാലത്ത് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച ദിവസങ്ങൾ ഏറെ ഉണ്ട്.

ഒരു ദിവസം റൂമിൽ ആരും ഇല്ല. കയ്യിൽ പൈസയും ഇല്ല. വൈകുന്നേരം ആയപ്പോഴേക്കും വിശപ്പ് സഹിക്കാൻ പറ്റുന്നില്ല. അവസാനം ഒരു കള്ളത്തരം ചെയ്തു. ക്യാഷ് ഇല്ലാത്ത എ.ടി.എം കാർഡുമായി അടുത്തുള്ള കടയിൽ ചെന്ന് വയറു നിറയെ ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം, എ.ടി.എം കാർഡിന് എന്തോ പ്രശ്നം ഉണ്ട്, ക്യാഷ് കൊണ്ടു തരാം എന്നു പറഞ്ഞ് ഹോട്ടലിൽ നിന്നും ഇറങ്ങി. അടുത്ത ദിവസം ഭക്ഷണത്തിന്റെ പൈസ കൊടുക്കുകയും ചെയ്‌തു.

‘വിശക്കുന്ന വയറിന് ഭക്ഷണത്തെക്കാൾ വലിയ ദൈവമില്ല’ എന്നറിഞ്ഞ ദിവസങ്ങളായിരുന്നു അത്. “ആൽബിൻ്റെ ഈ കുറിപ്പ് മിഴി നനയിപ്പിച്ചു.നമ്മൾ അറിയാത്ത പലരുംലോകത്തിൻ്റെ പലയിടങ്ങളിലും വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.”(മത്തായി 11 : 28-29), എന്ന ക്രിസ്തു മൊഴികൾക്ക് നമ്മുടെ സദ്പ്രവൃത്തികളിലൂടെ ജീവനുണ്ടാകട്ടെ!

വി.ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്

Share News