
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സഖാവ് സി.എച്ച്. കണാരൻ ചരമ വാർഷികദിനമാണ് ഇന്ന്.
ദേശീയ പ്രസ്ഥാനത്തിൻ്റെയും നവോത്ഥാന പോരാട്ടങ്ങളുടേയും ഭാഗമായി രാഷ്ട്രീയ രംഗത്തെത്തിയ സി എച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറി. അനാചാരങ്ങളും അന്ധവിശ്വാസവും ചൂഷണവും നിലനിന്ന കേരളീയ സമൂഹത്തിൽ അതിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിച്ചമർത്തപ്പെട്ട ജനതയെ സംഘടിപ്പിച്ച് അവരെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ് സഖാവ് സി. എച്ച് നിര്‍വ്വഹിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സഖാവ് വഹിച്ച പങ്ക് എക്കാലവും സ്‌മരിക്കപ്പെടും.
അതുല്യ സംഘാടകനായിരുന്ന സി എച്ചിൻ്റെ സംഘടനാവൈഭവം, പാർട്ടി വെല്ലുവിളികളെ നേരിട്ട ഓരോ ഘട്ടത്തിലും പ്രകടമായി. സംസ്ഥാന സെക്രട്ടറി പദം വരെ ഉയർന്ന സഖാവ് ബഹുജനങ്ങളെ പാർട്ടിക്കൊപ്പം അണിനിരത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ആശയ ദൃഢതയോടെ ശരിയായ രാഷ്ട്രീയ സമീപനം കൈക്കൊള്ളുകയും വിട്ടുവീഴ്ച ഇല്ലാതെ സംഘടനാ പ്രവർത്തനം നയിക്കുകയും ചെയ്ത കമ്യൂണിസ്റ്റാണ് സി എച്ച്. സഖാവിൻ്റെ ഓർമ്മകൾ പോരാട്ട വഴികളിൽ നമുക്ക് കരുത്തേകും.
മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ