പ്രചോദനാത്മകം ഈ കായികജീവിതം

Share News

2003 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെങ്കലമെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജ് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കളിക്കളത്തിലിറങ്ങി പോരാടിയതെന്നറിയുമ്പോള്‍, നമിക്കുകതന്നെവേണം ഓരോ മലയാളിയും ഈ കായികപ്രതിഭയെ. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുപിടിച്ചാല്‍ ഏതു പ്രതിസന്ധിഘട്ടത്തിലും ആര്‍ക്കും എവിടെയും നേട്ടങ്ങള്‍ കൊയ്‌തെടുക്കാമെന്നതിന്റെ മറ്റൊരു ജീവിതസാക്ഷ്യംകൂടിയാണിത്.

ജന്മനാ ഒരു വൃക്ക മാത്രമുള്ള റീനല്‍ അജെനെസിസ് എന്ന അവസ്ഥയുമായാണ് ഇക്കാലമത്രയും താന്‍ ജീവിച്ചതെന്ന് ട്വിറ്ററിലൂടെയാണ് ഈയടുത്തദിവസം അഞ്ജു ബോബി ജോര്‍ജ് വെളിപ്പെടുത്തിയത്. ലോകഅത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരിന്ത്യന്‍ താരമാണ് അഞ്ജു. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, സാഫ് ഗെയിംസ് തുടങ്ങിയ രാജ്യാന്തരമണ്ഡലങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങളാണ് അഞ്ജു കൊയ്‌തെടുത്തിട്ടുള്ളത്.

ഏതൊരു കായികതാരത്തിന്റെയും കരുത്തിന്റെ അടയാളമെന്നത് അയാളുടെ ശാരീരികക്ഷമതയാണ്. അപൂര്‍ണതകളോ പ്രതിസന്ധികളോ അലട്ടുന്നെങ്കില്‍ ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം അതൊരശുഭലക്ഷണമായി വ്യാഖ്യാനിച്ചേക്കാം. അവിടെയാണ് അഞ്ജു ഒറ്റവൃക്കയുമായി നേട്ടങ്ങള്‍ കൊയ്‌തെടുത്ത അതിസാഹസികതയുടെ ആത്മകഥ പറയുന്നത്.

ഒറ്റ വൃക്ക അഥവാ റീനല്‍ അജെനെസിസ് ഒരു രോഗാവസ്ഥയല്ല, ശാരീരികാവസ്ഥ മാത്രമാണ്. പ്രവര്‍ത്തനക്ഷമമായ ഒരു വൃക്കയുണ്ടെങ്കില്‍ സാധാരണ ഒരു വ്യക്തിയെപ്പോലെതന്നെ അയാള്‍ക്കും എല്ലാക്കാര്യങ്ങളും ചെയ്യാന്‍ കഴിയും. അതിനാലാണ് രണ്ടു വൃക്കകളിലൊന്നു ദാനം ചെയ്ത് ജീവിതം മഹത്തരമാക്കിയ സുകൃതംനിറഞ്ഞ ചിലരെയെങ്കിലും നമുക്കു പരിചയമുള്ളത്. എന്നാല്‍, ഒരു വൃക്ക മാത്രമുള്ളവര്‍ കായികരംഗത്ത് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് അപൂര്‍വമാണ്. ശാരീരികാധ്വാനം ഏറെ വേണ്ടിവരുന്ന കായികമേഖലയില്‍ മനക്കരുത്തിന്റെ മത്സരപ്പോരാട്ടത്തില്‍ പൊരുതി ജയിച്ചാണ് അഞ്ജുവിനെപ്പോലുള്ളവര്‍ ഉയരങ്ങളിലെത്തിയത്.

കായികരംഗത്ത് ഒരു മില്ലീമീറ്റര്‍പോലും വലിയ ദൂരമാണ്. ഒരു സെക്കന്റിന്റെ നൂറിലൊരംശംപോലും ദീര്‍ഘമായ സമയമാണ്. ശാരീരികമായ ഏതൊരപൂര്‍ണതയും ഒരു കായികതാരത്തിന് വലിയ പ്രതികൂലഘടകമായിരിക്കേയാണ്, കഴിഞ്ഞ ഇരുപതുവര്‍ഷമായി അഞ്ജു പൂര്‍ണാരോഗ്യവതിപ്പോലെ ജീവിച്ച് അനേകര്‍ക്കു പ്രചോദനവും ആവേശവുമായത്.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ കരിയറില്‍ സജീവമായിരുന്ന സമയത്താണ് പരിശീലനത്തിന്റെ ഭാഗമായുള്ള രക്തപരിശോധനയില്‍ ചില സംശയങ്ങള്‍ കണ്ടുതുടങ്ങിയത്. രക്തത്തില്‍ പല ഘടകങ്ങളുടെയും അളവു കൂടിയും കുറഞ്ഞുമിരിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശദമായ പരിശോധനയില്‍ സ്‌കാനിംഗിലൂടെയാണ് ജന്മനാ തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് അഞ്ജു ആദ്യമായി തിരിച്ചറിയുന്നത്. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ, ഡോക്ടര്‍മാരും അഞ്ജുവിന്റെ പരിശീലകന്‍കൂടിയായ ഭര്‍ത്താവ് ബോബി ജോര്‍ജും നല്കിയ പിന്തുണയും ആത്മവിശ്വാസവുമാണ് മുന്നോട്ടു കുതിക്കാനുള്ള കരുത്തുപകര്‍ന്നതെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സീനിയര്‍ വൈസ്പ്രസിഡന്റുകൂടിയായ അഞ്ജു പറയുന്നു. ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി കെ.ടി. മാര്‍ക്കോസിന്റെയും ഗ്രേസിയുടെയും മകളാണ് അഞ്ജു. ഭര്‍ത്താവ് ബോബിയോടും മക്കളായ ആരണ്‍, ആന്‍ഡ്രിയ എന്നിവരോടുമൊപ്പം ബംഗളൂരുവിലാണ് ഇപ്പോള്‍ താമസം.

ഒരു വൃക്കയില്ലാതെയും നേട്ടങ്ങളിലേക്കെത്താമെന്ന് ഈ ലോകത്തോടു വിളിച്ചുപറയണമെന്ന് ഇരുപതു വര്‍ഷത്തിനുശേഷം അഞ്ജുവെന്ന 43 കാരിക്കു തോന്നിയത് ഒരുള്‍വിളിയാലാകണം. തോല്‌ക്കേണ്ടതല്ല, ജയിച്ചുതീര്‍ക്കേണ്ടതുതന്നെയാണ് ദൈവം ദാനമായിത്തന്ന ഈ മനോഹരജീവിതമെന്ന് അഞ്ജു സാക്ഷ്യപ്പെടുത്തുന്നു. ചെറിയ പ്രശ്‌നങ്ങളുടെപേരില്‍ കുട്ടികളെ പുറത്തിറക്കാത്ത രക്ഷിതാക്കള്‍ തന്റെ ജീവിതകഥ കേട്ടു കണ്ണു തുറക്കുമെന്നാണു പ്രതീക്ഷയെന്നും അഞ്ജു പറയുന്നു. കൊവിഡ്കാലത്ത് പല തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുമ്പോഴും, ഭയവും ലജ്ജയും ജീവിതത്തില്‍ ഇരുള്‍പരത്തി മുന്നേറുമ്പോഴും അതിജീവനത്തിന്റെ കഥ പറയാന്‍ അഞ്ജുവിനെപ്പോലുള്ളവരെ കാലം കരുതിവച്ചിരിക്കുമെന്നുറപ്പാണ്. പരിമിതികളിലും അപൂര്‍ണതകളിലും തളരാതെ ജീവിതത്തില്‍ മുന്നോട്ടു കുതിക്കുവാന്‍ തന്റെ ഒരേയൊരു വൃക്കക്കഥ ആര്‍ക്കെങ്കിലും ഊര്‍ജ്ജം പകരുമെങ്കില്‍ ഹൃദയം നിറഞ്ഞുവെന്നുപറഞ്ഞാണ് അഞ്ജു തന്റെ ട്വിറ്ററിലെ കുറിപ്പവസാനിപ്പിക്കുന്നത്.

fr.kurian thadathil

ഫാ. കുര്യന്‍ തടത്തില്‍

Share News