
നിങ്ങളുടെ കുട്ടികൾ അവസാനം വായിച്ച പുസ്തകം ഏതാണെന്ന് വല്ല നിശ്ചയവുമുണ്ടോ?
കഥയും കാര്യവും
എൻ്റെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അമൂല്യ വസ്തുക്കളായിരുന്നു ബാലരമ, ബാലമംഗളം, പൂമ്പാറ്റ, കുട്ടികളുടെ ദീപികതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ
.ഓരോ ലക്കത്തിലെയും കഥകൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.രാജുവിനെയും രാധയെയും രക്ഷിക്കാൻ വരുന്ന മായാവിയും, മായാവിയെ കുപ്പിയിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും, ‘ശക്തരിൽ ശക്തൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡിങ്കനുമെല്ലാം കുട്ടികളായ ഞങ്ങൾക്ക് നന്മതിന്മകൾതിരിച്ചറിയാൻ സഹായകമായിരുന്നു.
കുട്ടികൾക്കിടയിൽ മൂല്യങ്ങൾ വളർത്തുന്നതിലും, വായനാശീലം വർദ്ധിപ്പിക്കുന്നതിലും അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളുടെ പങ്ക് ഏറെ വലുതായിരുന്നു.
പുതിയ തലമുറയിൽ ചെറിയ, കഥാ പുസ്തകങ്ങൾ പോലും വായിച്ചു വളരുന്ന കുട്ടികൾ അന്യം വന്നു പോകുന്നു എന്നത് യാഥാർത്ഥ്യമല്ലെ?
പല കുട്ടികൾക്കും വായിക്കുന്നതിനേക്കാൾ ഇഷ്ടം കൊച്ചു ടി.വി. മുതലായ ചാനലുകൾ കാണുന്നതാണ്.
അതുകൊണ്ടെന്തുണ്ടായി?
പത്താം ക്ലാസ് ജയിച്ചവരിൽ പോലും മലയാളം വായിക്കാനറിയാത്തവർ ഏറി വരുന്നു.
മറ്റൊരു കാര്യം കൂടെ സൂചിപ്പിക്കട്ടെ,കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്ത് ഉറക്കുന്ന പഴയ തലമുറ ഇന്നെവിടെപ്പോയി?
ടി.വി.യുടെ മുമ്പിലോ മൊബൈൽ ഫോണിനു മുകളിലോ അല്ലെ ഇന്നത്തെ കുട്ടികൾ പലരും ഉറങ്ങി വീഴുന്നത്!
വി.ഗീവർഗ്ഗീസ് പുണ്യാളൻ്റെയും സെബസ്ത്യാനോസ് പുണ്യാളൻ്റെയും അൽഫോൻസാമ്മയുടെയൊക്കെ കഥകൾ ഞാനാദ്യം കേട്ടത് എൻ്റെ അമ്മാമ്മയിൽ നിന്നാണ്.
ചുരുക്കി പറഞ്ഞാൽ കഥകളിലൂടെ കാര്യം പഠിപ്പിക്കുന്ന രീതി നമ്മുടെ കുടുംബങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ക്രിസ്തു പോലും കഥകളിലൂടെയാണ് ശിഷ്യരെ പഠിപ്പിച്ചതെന്ന് നാം മറക്കരുത്(Ref: മര്‍ക്കോ 4 :34).
കഥകളിലൂടെയും ഉപമകളിലൂടെയും കാര്യം പഠിപ്പിക്കുന്നതാണ് കുറച്ചു കൂടി നല്ലതെന്നാണ് എൻ്റെ അഭിപ്രായം.
ഒരു ചോദ്യം കൂടെ ചോദിച്ച് നിറുത്തുന്നു:
നിങ്ങളുടെ കുട്ടികൾ അവസാനം വായിച്ച പുസ്തകം ഏതാണെന്ന് വല്ല നിശ്ചയവുമുണ്ടോ?






