
ഇത്തവണ ഒരു കുടയിൽ രണ്ടാൾ ചങ്ങാത്തം വേണ്ട. അവനവന്റെ കുട അവനവന്റെ തലയ്ക്ക് മുകളിൽ . അതുമതി
കുടക്കാല ഓർമ്മകൾഎന്റെ ചെറുപ്പകാലത്ത് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളയാൾ കുമ്പളങ്ങിയിലെ അഞ്ചലോട്ടക്കാരനാണ്.

മണി കെട്ടിയുള്ള ഒരു പ്രത്യേക തരം വടി ഇടതു കൈയ്യിലും, ഒരു നീളൻ കാലൻ കുട വലതുകൈയ്യിലും ചുമലിൽ തൂക്കിയിട്ടുള്ള തുണി സഞ്ചിയിൽ തപാൽ ഉരുപ്പടികളുമായി ‘നടന്നോടി’യാണ് പള്ളുരുത്തി പോസ്റ്റാഫീസിൽ നിന്നും അഞ്ചലോട്ടക്കാരൻ വരുന്നത്. തെക്കേ അറ്റംമുതൽ വടക്കേ അറ്റം വരെ നല്ല വെളുത്ത മണ്ണുള്ള ഗ്രാമ പാതയായിരുന്നു കുമ്പളങ്ങിയുടെ പ്രധാന വഴി. ഇരുവശങ്ങളും ഹരിതാഭമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ എല്ലാവർക്കും വളരെ ബഹുമാനമായിരുന്നു തപാൽക്കാരനെ. കാരണം അവരാണ് കുമ്പളങ്ങിക്കാരെ ബാഹ്യ ലോകവുമായി ബന്ധിപ്പിച്ചിരുന്നത്. കത്തുകൾ എത്തിച്ചു കൊടുക്കുന്നതിന് പുറമെ ഉള്ളടക്കം വായിച്ചു കൊടുക്കുകയും വേണമായിരുന്നു

പലപ്പോഴും. മഞ്ഞ നിറമുള്ള കാർഡ്, ഇൻലന്റ്, കവർ, മണിയോർഡർ, കമ്പിതപാൽ എന്നറിയപ്പെട്ടിരുന്ന ടെലിഗ്രാം എന്നിവയൊക്കെയായിരുന്നു അക്കാലത്തെ തപാലുരുപ്പടികൾ. കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്നത് മഞ്ഞ കാർഡായിരുന്നു. കല്ല്യാണം, മരണം തുടങ്ങിയ വാർത്തകൾ ചെലവു കുറഞ്ഞ കാർഡിലാണ് എഴുതുയിരുന്നത്. അല്പം കൂടി ചെലവു കൂടിയതായിരുന്നു ഇൻലന്റും, കവറും, പക്ഷെ രഹസ്യം സൂക്ഷിക്കാം. പ്രേമലേഖനങ്ങൾ എഴുതാൻ ഏറ്റവും സുരക്ഷിതം ഇൻലന്റും കവറുമായിരുന്നു. മണി ഓർഡർ വന്നിരുന്നത് പ്രധാനമായും പട്ടാളക്കാരിൽ നിന്നും, കുമ്പളങ്ങിക്ക് പുറത്ത് താമസിക്കുന്നവരിൽ നിന്നുമായിരുന്നു. മണി ഓർഡറുമായി വരുന്ന പോസ്റ്റ്മാന് ചെറിയ ഒരു കൈമണി നൽകും, കൃത്യസമയത്ത് എത്തിച്ചതിന്. ടെലഗ്രാം വരുമ്പോൾ ആകാംക്ഷയാണ്. ചിലപ്പോൾ ജോലിക്കുള്ള അപ്പോയിന്റ്മെന്റായിരിക്കും, മറ്റു ചിലപ്പോൾ മരണവാർത്തയും! സെയ്ന്റ് പീറ്റേഴ്സ് പള്ളിയോട് ചേർന്നുള്ള ഒരു മുറിയിലാണ് തപാൽ ഓഫീസ് പ്രവർത്തിച്ചിരുന്നത്.
സ്ക്കൂളിലെ ഏതെങ്കിലും ഒരദ്ധ്യപകൻ പോസ്റ്റ് മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. ഞാൻ സെന്റ് പീറ്റേഴ്സ് സ്ക്കൂളിൽ ചേരുന്ന കാലത്ത് നാലാം ക്ളാസ്സിലെ അദ്ധ്യാപകനായിരുന്ന ബെനവന്തൂർ മാഷായിരുന്നു പോസ്റ്റ് മാസ്റ്റർ. ആരെങ്കിലും പോസ്റ്റ് ഓഫീസിൽ വന്നാൽ ക്ലാസ്സ് ഇടയ്ക്ക് നിർത്തി മാഷ് പോസ്റ്റ് മാസ്റ്ററാകും. പോസ്റ്റ് മാസ്റ്ററായ അധ്യാപകന്റെ ക്ലാസ്സും പോസ്റ്റ് ഓഫീസ് മുറിയും ഒന്നിച്ചായിരിന്നു. ബെനവന്തൂർ മാഷിന് ശേഷം ചക്യാമുറി ലോനൻ ചേട്ടൻ പോസ്റ്റ് മാസ്റ്ററായി. 1962 കാലഘട്ടത്തിൽ കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിനു സമീപത്തുണ്ടായിരുന്ന സെയ്ന്റ് പീറ്റേഴ്സ് പള്ളി കെട്ടിടം, തപാൽ വകുപ്പ് ഏറ്റെടുത്ത് പോസ്റ്റ് ഓഫീസ് അങ്ങോട്ട് മാറ്റി. ഈ പോസ്റ്റ് ഓഫീസിലാണ് ആദ്യമായി ടെലിഫോൺ വരുന്നത്. കുമ്പളങ്ങി പോസ്റ്റ് ഓഫീസിനെ പള്ളുരുത്തി പോസ്റ്റ് ഓഫീസുമായി ടെലിഫോൺ കമ്പി മുഖേന ബന്ധിപ്പിച്ചായിരുന്നു പ്രവർത്തനം
. ഞങ്ങൾ കുമ്പളങ്ങി പോസ്റ്റ് ഓഫീസിൽ ചെന്ന് വിളിക്കാനുള്ള നമ്പർ കൊടുക്കും. അവിടെ നിന്ന് പള്ളുരുത്തി പോസ്റ്റ് ഓഫീസിലേക്ക് വിളിച്ചു പറയും. അവരാണ് ഡയൽ ചെയ്യുന്നത്. ആളെ കിട്ടികഴിഞ്ഞാൽ അവർ കുമ്പളങ്ങിയിലേക്ക് കണക്ട് ചെയ്ത് തരും. ഇന്നത്തെ പോലെ നേരിട്ട് കണക്ഷൻ കിട്ടുന്ന കാലമല്ലായിരുന്നു. ടെലിഫോണുമായി ബന്ധപ്പെട്ട് കുമ്പളങ്ങിയിൽ വ്യാപകമായി ഉണ്ടായിരുന്ന ഒരു വാക്കാണ് ‘നമ്പർ പ്ലീസ്’. കുമ്പളങ്ങിയിൽ നിന്ന് പള്ളുരുത്തി പോസ്റ്റ് ഓഫിസിലേക്ക് വിളിക്കുമ്പോൾ അവിടെ നിന്നും നല്ല ‘കിളി നാദത്തിൽ’ കേട്ടിരുന്ന വാചകമാണ് ‘നമ്പർപ്ലീസ്’ എന്നുള്ളത്.
നൈനിത്താൾ കാർഷിക സർവ്വകലാശാലയിൽ പഠിച്ചിരുന്ന എന്റെ അനിയൻ പീറ്ററുമായി സംസാരിക്കുന്നതിനായി തന്റെ കൈയ്യിലുള്ള സാമാന്യം വലുപ്പമുള്ള കാലൻ കുടയും ചുരുട്ടി അപ്പൻ ഇടയ്ക്കിടെ കുമ്പളങ്ങി പോസ്റ്റ് ഓഫീസിൽ പോകും. രാവിലെ അവിടെ ചെന്ന് നമ്പർ പറഞ്ഞുകൊടുത്തിട്ട് തൊട്ടടുത്ത തോമസ് ചേട്ടന്റെ തയ്യൽ കടയിൽ ചെന്നിരിക്കും. മിക്കവാറും ഉച്ച കഴിയും പീറ്ററിനെ ലൈനിൽ കിട്ടുമ്പോൾ. പീറ്ററിന്റെ നമ്പർ കൊടുത്തിട്ട് തയ്യൽകടയിലേക്ക് ചെല്ലുന്ന അപ്പനോട് തോമസ് ചേട്ടൻ തമാശയായി പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, “ഫോൺ കാത്തിരിക്കുന്ന നേരമുണ്ടെങ്കിൽ വർക്കിചേട്ടന് മകന്റെ അടുത്ത് പോയി കാര്യം പറഞ്ഞ് തിരിച്ചു വരാമായിരുന്നു!
“ഞാനും അനിയൻ പീറ്ററും സെന്റ് പീറ്റേഴ്സ് സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾക്ക് രണ്ട് പേർക്കും വലുപ്പം കുറഞ്ഞ ഓരോ കാലൻ കുടകളാണ് ഉണ്ടായിരുന്നത്. പെങ്ങൾ എലിസബത്തിന് ചെറിയ പിടിയുള്ള കുടയും. പൊന്നു പോലെയാണ് ഞങ്ങൾ കുട സൂക്ഷിച്ചിരുന്നത്. കാരണം, അക്കാലത്ത് അപൂർവ്വം കുട്ടികൾക്ക് മാത്രമെ സ്വന്തമായി കുടയുണ്ടായിരുന്നുള്ളു. നീളമുള്ള വാഴയിലയും, തണ്ടോടുകൂടിയ വലിയ ചേമ്പിലയും പിടിച്ചാണ് മിക്കവാറും കുട്ടികൾ മഴക്കാലത്ത് ക്ളാസ്സിൽ വന്നിരുന്നത്. നാട്ടിലെ ചില പ്രമാണിമാർക്ക് ഭംഗിയുള്ള ഓലക്കുടയും. ചുരുക്കം ചില ആളുകൾക്ക് മടക്കുന്ന കാലൻ കുടയും ഉണ്ടായിരുന്നു. കൈതോലകൾ കൊണ്ട് ഉണ്ടാക്കിയ വട്ടക്കുടയായിരുന്നു മൽസ്യ ത്തൊഴിലാളികളുടേത്. പറമ്പിലും പാടത്തും പണിയെടുക്കുന്നവർ കുടയ്ക്ക് പകരം പാളകൊണ്ടുണ്ടാക്കിയ കൂർമ്പൻ തൊപ്പി ഉപയോഗിച്ചിരുന്നു.
ലീവിന് വന്ന പട്ടാളക്കാരാണ് കുമ്പളങ്ങിയിൽ ആദ്യമായി മഴക്കോട്ട് പരിചയപ്പെടുത്തിയത്. കോട്ടും തൊപ്പിയും വെവ്വേറെയായ, ടർപോളിൻ പോലെ കട്ടിയുള്ള തുണികൊണ്ടുള്ളവയായിരുന്നു അവർ ധരിച്ചിരുന്ന മഴക്കോട്ടുകൾ. നനയാത്ത ഉടുപ്പ് അത്ഭുതത്തോടെ കണ്ടിരുന്ന കാലമായിരുന്നു അത്. മഴക്കാലത്ത് പള്ളിയിൽ പോകുമ്പോഴായിരുന്നു ഏറെ പേടി. പുറത്ത് വെയ്ക്കുന്ന കുട ആരെങ്കിലും കൈക്കലാക്കിയാലോ….? ഒരു നോട്ടം വരാന്തയിൽ ചാരി വച്ചിരിക്കുന്ന കുടയിലേക്കും മറു നോട്ടം വിശുദ്ധ കുർബാന നടക്കുന്ന അൾത്താരയിലേക്കുമായിരിന്നു. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് കുമ്പളങ്ങിയിൽ വർണ്ണക്കുടകൾ വന്ന് ചേർന്നത്. എറണാകുളം കൊളംബോ, ആലപ്പുഴ സെന്റ് ജോർജ്ജ് എന്നീ കമ്പിനികളുടെ കുടകളാണ് അന്ന് വ്യാപകമായി ഉണ്ടായിരുന്നത്. പല തരത്തിലും വർണത്തിലും ഉള്ള സാധാരണ കുടകൾ മുതൽ മടക്കുക്കുടകൾവരെ ഇറക്കിയിരുന്നു. കുടകളുടെ സുവർണകാലം ഈ രണ്ട് കമ്പനികളിൽ നിന്നാണ് ആരംഭിക്കുന്നത്. ഞങ്ങൾ കുമ്പളങ്ങിക്കാർ കുട കമ്പം ഉള്ളവരാണ്.
കല്ല്യാണം കഴിഞ്ഞ് ദമ്പതികൾ പള്ളിയിൽ നിന്ന് ഇറങ്ങുന്നത് ഒരു കുടക്കീഴിലാണ്. മണവാളൻ പിടിക്കുന്ന കാലൻകുടയുടെ താഴെ നാണിച്ച് മുട്ടി മുട്ടി മണവാട്ടി നടക്കും. അതൊരു കാഴ്ച തന്നെയാണ്. അതുപോലെ തന്നെ മാമോദീസ കഴിഞ്ഞാൽ കുഞ്ഞിനെ കൊണ്ടു വരുന്നത് കുടക്കീഴിലാണ്. പതിരിഞ്ഞമ്മ കുഞ്ഞിനെ കയ്യിലെടുക്കും, പതിരിഞ്ഞപ്പൻ കുട പിടിച്ചു കൊടുക്കും
.മഴക്കാലത്തെ കൊറോണ ചങ്ങല പൊട്ടിക്കാൻ കുടയകലം നമുക്ക് പാലിക്കാം. ഇത്തവണ ഒരു കുടയിൽ രണ്ടാൾ ചങ്ങാത്തം വേണ്ട. അവനവന്റെ കുട അവനവന്റെ തലയ്ക്ക് മുകളിൽ . അതുമതി.