കോവിഡിനു ശേഷമുള്ള ഏറ്റവും ഫലപ്രദവും അർഥവത്തുമായ മാധ്യമ ഇടപെടലുകളിലൊന്നാണ്, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ജീവിതം തുടരുമ്പോൾ’ വെബ് ചർച്ചാ പരമ്പര
കോവിഡിനു ശേഷമുള്ള ഏറ്റവും ഫലപ്രദവും അർഥവത്തുമായ മാധ്യമ ഇടപെടലുകളിലൊന്നാണ്, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ജീവിതം തുടരുമ്പോൾ’ വെബ് ചർച്ചാ പരമ്പര എന്നാണ് (മനോരമയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ അല്ല) വായനക്കാരൻ എന്ന നിലയിലും എനിക്കു തോന്നുന്നത്.
കേരളത്തിലെ ഭരണകർത്താക്കൾ, പോളിസി മേക്കേഴ്സ്, പോളിസി മേക്കിങ്ങിനെ സ്വാധീനിക്കാൻ കഴിയുന്ന ഒപ്പീനിയൻ മേക്കേഴ്സ്, ട്രേഡ് യൂണിയനിസ്റ്റുകൾ, ഉദ്യോഗസ്ഥ സംവിധാനത്തിലുള്ളവർ, സൈബർ പോരാളികൾ, എന്നിവരൊക്കെ, ഈ വെബിനാറുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പറയുന്നതു നേരിട്ടോ, അല്ലെങ്കിൽ മനോരമ പത്രത്തിന്റെ കാഴ്ചപ്പാടു പേജിൽ പിറ്റേദിവസം വരുന്ന ലേഖനങ്ങളായി വായിച്ചോ, അതിൽ ഉരുത്തിയിരുന്ന ആശയങ്ങൾക്കു ചെവികൊടുക്കണമെന്നാണ് എനിക്കു തോന്നുന്നത്. പെർമനന്റ് മനോരമ വിമർശകരും വായിക്കുന്നത് നല്ലതാണ്.
കോവിഡിനു ശേഷം കേരളത്തിന്റെ സാധ്യതകളെക്കുറിച്ചാണ് വെബിനാർ സീരിസിലെ പാനലുകളിലുള്ളവർ സംസാരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തെ ചർച്ചകളിൽ കേൾക്കുകയും വായിക്കുകയും ചെയ്തപ്പോൾ ശ്രദ്ധിച്ച ചില പോയിൻ്റുകൾ:
- പുതിയ ലോകസാഹചര്യത്തിൽ ചൈന വിട്ടു വരുന്ന വ്യവസായങ്ങളുണ്ട്. അവയിൽ പലരും വിയറ്റ്നാമിലേക്കാണ് നീങ്ങുന്നത്. വിയറ്റ്നാം അവയെ സ്വീകരിച്ച വിധമുണ്ട്. അതു കേരളം കണ്ടുപഠിക്കണം. ഇന്റൽ എന്ന കമ്പനി അവരുടെ ചിപ്പ് നിർമാണ യൂണിറ്റിനായി പരിഗണിച്ച രണ്ടു സ്ഥലങ്ങൾ തമിഴ്നാടും വിയറ്റ്നാമുമാണ്. പക്ഷേ, അവർ തിരഞ്ഞെടുത്തത് വിയറ്റ്നാമാണ്. കാരണം, അവിടുത്തെ സർക്കാർ നിലപാടും നയവും.
- വിമാനത്താവളങ്ങളോടു ചേർന്ന് വിയറ്റ്നാം ഒരുക്കിയ ഇക്കണോമിക് സോണുകൾ വലിയ വിജയമാണ്. ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലംവച്ചു നോക്കിയാൽ 4 രാജ്യാന്തര വിമാനത്താവളങ്ങളും പുറമേ തുറമുഖങ്ങളുമുള്ള കേരളത്തിന്റെ സാധ്യത വളരെ വലുതാണ്.
- അതേ സമയം, ചൈനയിൽനിന്നു വിട്ടുപോരുന്ന എല്ലാ ബിസിനസ്സുകളും വ്യവസായങ്ങളും കേരളത്തിലേക്കു വണ്ടി പിടിക്കുമെന്നു തെറ്റിദ്ധരിക്കരുത്. മാത്രമല്ല, അത്തരം എല്ലാ വ്യവസായങ്ങളും നമുക്കു ചേരുന്നതാവുകയുമില്ല.
- നമ്മുടെ പരിസ്ഥിതിക്കും സ്ഥലലഭ്യതയ്ക്കും ചേരുന്ന രീതിയിലുള്ള വ്യവസായങ്ങളും ബിസിനസ്സുകളുമാണ് നമ്മൾ പരിഗണിക്കേണ്ടത്.
- ഭക്ഷ്യ സംസ്കരണം, ഭക്ഷ്യോത്പന്നം, മൂല്യവർധിത ഉത്പാദനം മുതലായ മേഖലകൾക്ക് നമ്മൾ സവിശേഷ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഈ ലോക്ഡൗൺകാലത്ത് വാഴക്കുളത്തെ പൈനാപ്പിൾ കർഷകരുടെ അവസ്ഥ നമ്മൾ കണ്ടു. വണ്ടി വാടകയ്ക്കെടുത്ത് അയൽ ജില്ലകളിൽ കൊണ്ടുപോയി കുറഞ്ഞ വിലയ്ക്കു വിൽക്കുകയായിരുന്നു അവർ. ആ കൈതച്ചക്കകൾ ജാമുകളും മറ്റുമാക്കി മാറ്റാനുള്ള വിപുലമായ സംവിധാനങ്ങൾ നമുക്കില്ലാതെ പോയി. വൈബിനാറിൽ ചൂണ്ടിക്കാട്ടപ്പെട്ട ഒരു കാര്യമുണ്ട്. നൂറുകണക്കിനു കോടി രൂപയുടെ തക്കാളി സോസ് ആണ് ഇന്ത്യ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. നാട്ടിലെ തക്കാളിക്കർഷകർ കിലോയ്ക്കു 10 രൂപ പോലും വില കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയും. മറ്റൊരു ഉദാഹരണവും ഉയർന്നു വന്നു, ഗോവ കശുവണ്ടിപ്പഴം ഫെനിയാക്കി മാറ്റുന്നത്.
- വർക്ക് ഫ്രം ഹോം എന്നത് ദീർഘകാലത്തേക്കും ഒരുപക്ഷേ ആജിവാനന്തകാലത്തേക്കും യാഥാർഥ്യമായി തുടരുമെന്നിരിക്കെ കേരളത്തിന്റെ സാധ്യത അപാരമാണ്. ലോകമെങ്ങുമുള്ള കമ്പനികൾക്കു വേണ്ടി ആളുകൾക്ക് കേരളത്തിന്റെ സുരക്ഷിതത്വത്തിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ കഴിയണം. ബാൻഡ്‍വിഡ്ത് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളടക്കം.
- മറ്റൊരു പ്രധാനപ്പെട്ട മേഖല, വിദ്യാഭ്യാസമാണ്. ലോകത്തു തന്നെ ഏറ്റവും സുരക്ഷിതമായ സാമൂഹിക സാഹചര്യമുള്ള കേരളത്തിൽ രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളുണ്ടായാൽ ലോകം പഠിക്കാൻ വേണ്ടി ഇവിടേക്കു വരുമെന്നുറപ്പാണ്.
- കുടുംബശ്രീ പോലുള്ള ഒരു അതിഗംഭീര സോഷ്യൽ നെറ്റ്‍വർക് ലോകത്ത് ഒരിടത്തും വേറെയില്ല. ഈ നെറ്റ്‍വർകിനെ സ്ട്രീംലൈൻ ചെയ്യുകയും അതിലെ അംഗങ്ങൾക്കു വേണ്ടരീതിയിൽ പരിശീലനം നൽകുകയും ചെയ്ത്, ഓരോ യൂണിറ്റിനെയും ഒന്നാന്തരം പ്രൊഡക്ഷൻ ഹൗസുകളാക്കി മാറ്റാൻ കഴിയും. ഇലക്ട്രോണിക് പാർട്സുകളുടെ നിർമാണം മുതൽ സർവീസ് മേഖല വരെ എന്തെന്തെല്ലാം സാധ്യതകൾ.
- കൃഷി, ടൂറിസം, ഹോസ്പിറ്റാലിറ്റി, മെഡിക്കൽ ടൂറിസം പോലുള്ള മറ്റു മേഖലകളിലെ സാധ്യതകളും അപാരമാണ്.
- കാലാവസ്ഥ, സാമൂഹിക സുരക്ഷിതത്വം, ഏറ്റവും താഴേത്തട്ടു വരെയുള്ള സർക്കാർ സംവിധാനത്തിന്റെ സാന്നിധ്യം, പ്രകൃതി ഭംഗി, വിദ്യാഭ്യാസം, പൊതുവേ ശാന്തപ്രകൃതിയായ ജനങ്ങൾ അങ്ങനെ കേരളത്തിന്റെ പൊസിറ്റീവുകൾ ലോകത്തു മറ്റൊരിടത്തും ലഭ്യമല്ലാത്ത വിധം യുണീക്കാണ്. ഇതേ സമയം, ശുചിത്വം, അടിസ്ഥാന സൗകര്യവികസനം, ചുവപ്പുനാട തുടങ്ങി ഒട്ടേറെ നെഗറ്റിവുകളെ കൈകാര്യം ചെയ്യേണ്ടതുമുണ്ട്.
കോവിഡിനെ പ്രതിരോധിക്കുന്ന കേരള മോഡൽ ലോകമെങ്ങും ശ്രദ്ധനേടിയിട്ടുണ്ട്. അതുണ്ടാക്കിയ സൽപ്പേര്, കേരളത്തിനു മേൽ ലോകത്തിന്റെ കണ്ണുപതിപ്പിച്ചു കഴിഞ്ഞു. ആ സാധ്യകളെ നമ്മൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം.
മനോരമ വെബ് ചർച്ചാ പരമ്പര മുന്നോട്ടു വയ്ക്കുന്നതും ഈ ചോദ്യമാണ്. ശ്രീ ടോണി കെ ജോസ് ഫേസ്ബുക്കിൽ എഴുതിയത്