നടന്നു വന്ന പലരും ചേതനയറ്റ് മോർച്ചറിയുടെ മരവിപ്പിലേക്കും പിന്നീട് പൊതുശ്മശാനത്തിലേക്കും നീങ്ങി.കോവിഡ് അങ്ങനെയാണ്;അതുണ്ടാക്കുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രവചനാതീതമാണ്./അനുഭവം

Share News

ലോകം മുഴുവനും കൊറോണയുടെ പിടിയിലമരാൻ തുടങ്ങിയ സമയം.

കുവൈറ്റിൽ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ വാർഡുകൾ ഓരോന്നായി COVID വാർഡുകളാക്കാൻ തുടങ്ങി.ദൂരെ ചൈനയിലെവിടെയോ ഉടലെടുത്ത് പലരാജ്യങ്ങളിലേക്കും പടർന്നു തുടങ്ങിയ മഹാവ്യാധി ഇങ്ങ് ഇവിടെ എന്റെയടുത്തേക്കും വന്നിരിക്കുന്നു

.ജോലിക്കു പോകുന്നത് തന്നെ ഭയാനകമായ അവസ്ഥ.കൊറൊണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സ് സുഹൃത്തുക്കൾക്കും രോഗം പിടിപെടാൻ തുടങ്ങി. ഇടി വെട്ടേറ്റതുപോലെ ഒരു ദിവസം ഞാനറിഞ്ഞു,കോറോണ രോഗികൾക്കുവേണ്ടി ആശുപത്രിക്കു സമീപം പണിതുയർത്തിയ താത്ക്കാലിക ടെന്റിലാണ് അടുത്ത ആഴ്ചമുതൽ എനിക്കു ഡ്യൂട്ടി.

നഴ്സിങ് പഠിക്കാൻ തീരുമാനിച്ച നിമിഷത്തേയും ഗൾഫിലേക്കു പോകാനെടുത്ത തീരുമാനത്തെയും ആദ്യമായി വെറുത്തു പോയി.തുടർന്നുള്ള ദിവസങ്ങളിൽ ഭയം പിടിപെടാൻ തുടങ്ങി,രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടു. അങ്ങനെ ആ ദിവസം വന്നെത്തി

.രാവിലെ കുളിച്ചു വേഷം മാറി മിനിസ്ട്രിബസ് കാത്തു നിന്നു.ചൈനയിൽ കൊറോണ രോഗികളെ പരിപാലിക്കാനുള്ള ആരോഗ്യ പ്രവർത്തകരെ കണ്ണീരോടെ യാത്രയാക്കുന്ന ബന്ധു മിത്രാദികളെ ഏതോ വാർത്തയിൽ കണ്ടിരുന്നു.ഇവിടെ ഞാൻ ഒറ്റയ്ക്കു പോവുകയാണ്,തീരമണയുമോ എന്നറിയാതെ ഒരു ചെറിയ തോണിയിൽ നടുക്കടലിലേയ്ക്ക്. മാസ്ക്കും ഫേസ് ഷീൽഡും ഗൗണും ഒക്കെ ഇട്ട് രോഗികളുടെ ഇടയിലേക്കു ചെന്നു.

എന്നോ കണ്ട ഒരു പേടിസ്വപ്നത്തിന്റെ ആവർത്തനം പോലെ,ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ദൃശ്യം.പനിയും ശ്വാസതടസ്സവും വിറയലും ക്ഷീണവും കൊണ്ടു വലഞ്ഞ കുറേ രോഗികൾ.ഒരിടത്തു ഡോക്ടർമാർ മീറ്ററുകൾകൾക്കപ്പുറം രോഗികളെ നിർത്തി വിവരങ്ങൾ ശേഖരിക്കുന്നു,രോഗലക്ഷണങ്ങൾ ആരായുന്നു,മറ്റൊരിടത്തു X-Ray പരിശോധന.പ്രാഥമിക പരിശോധനയിൽ കുഴപ്പങ്ങളിലാത്തവർ തിരികെ വീടുകളിലേയ്ക്ക്,ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചവരും ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരും ആശുപത്രി കിടക്കകളിലേയ്ക്ക്.

എങ്ങനെ,എവിടെ നിന്നും തുടങ്ങുമെന്നറിയാതെ പകച്ചു പോയി.ഭയത്തോടെ രോഗികളെ ശുശ്രൂഷിക്കാൻ തുടങ്ങി.ആരെങ്കിലും ഒന്നു തുമ്മിയാൽ,ചുമച്ചാൽ,ഓടി മാറി.N95 മാസ്ക്ക് തുടർച്ചയായി വച്ചാൽ ശ്വാസം മുട്ടും,ഫേസ്ഷീൽഡിൽ ഈർപ്പം അടിച്ച് കാഴ്ചയെ മറയ്ക്കും,ACയുടെ തണുപ്പിലും വിയർത്തു പോകും.

ജീവിതത്തിന്റെ അവസാനം ഇതു തന്നെയെന്ന് ഉറപ്പിച്ചു.എത്ര നാൾ ഇങ്ങനെ ജോലി ചെയ്യേണ്ടി വരും.അറിയില്ല. ദിവസങ്ങൾ കടന്നുപോയി.ടെന്റിൽനിന്നും വാർഡിലേക്ക് അഡ്മിഷൻ കിട്ടിയ പലരുടെയും മരണവാർത്ത പിന്നീട് അറിയാൻ തുടങ്ങി.

നടന്നു വന്ന പലരും ചേതനയറ്റ് മോർച്ചറിയുടെ മരവിപ്പിലേക്കും പിന്നീട് പൊതുശ്മശാനത്തിലേക്കും നീങ്ങി.കോവിഡ് അങ്ങനെയാണ്;അതുണ്ടാക്കുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രവചനാതീതമാണ്.

ചിലരെ ഒരിളം കാറ്റു പോലെ തഴുകി കടന്നു പോകും,ചിലരെ തന്റെ കൂർത്ത നഖം കൊണ്ട് നുള്ളിയെടുത്ത് ഇരുളിലേക്കു മറയും.

ദിവസങ്ങൾ കഴിഞ്ഞു.ആദ്യദിനങ്ങളിലെ ഭയം വഴിമാറി.കൃത്യമായി സ്വയരക്ഷക്കുള്ള ഉപകരണങ്ങൾ ധരിച്ചാൽ രോഗം വരില്ലെന്നു ബോധ്യമായി.മരുന്നുകൊടുത്ത് രോഗികളുടെ അടുത്ത് നിന്ന് ഓടുന്നതിനു പകരം അവരുടെ വിഷമങ്ങൾ കേൾക്കാൻ തുടങ്ങി.ആശ്വസിപ്പിച്ചു,ധൈര്യം കൊടുത്തു,അവരുടെ ബന്ധുക്കളോടു സംസാരിച്ചു.അസുഖം ഭേദമായവർ നന്ദിയോടെ തിരികെ പോയി

. ദിവസങ്ങൾക്കിപ്പുറം രോഗികളുടെ എണ്ണം കുറഞ്ഞു.ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകളോളം പരിശോധനയ്ക്കായി കാത്തുനിൽക്കുന്നവർ ഇന്നില്ല. ഈ ജോലി ഇപ്പോൾ ഒരു ആവേശമാണ്.ഒരിക്കൽ വെറുത്തു തുടങ്ങിയ എന്റെ വെളുത്ത യൂണിഫോമിനെ സ്നേഹിക്കുകയാണ്.ഇതിന്റെ മഹത്വം തിരിച്ചറിയുകയാണ്.എന്നെ ഈ ദൗത്യത്തിനു തിരഞ്ഞെടുത്ത സർവ്വശക്തനോടു നന്ദി പറയുകയാണ്.

എത്ര നാൾ ഇങ്ങനെ തുടരുമെന്നോ,അസുഖം ബാധിച്ചാൽ എങ്ങനെയാകും അവസ്ഥയെന്നോ അറിയില്ല.എങ്കിലും ഈ ജോലി,ഇതെന്റെ കടമയാണ്,നിയോഗമാണ്.ഒരു വലിയ യുദ്ധത്തിൽ ഞാനും ഒരു പോരാളിയാണ്.

ധീരമണം പുൽകിയ എന്റെ സുഹൃത്തക്കളാണെന്റെ ധൈര്യം. ഇപ്പോൾ വീണ്ടും ഞാൻ എന്റെ ഡ്യൂട്ടി ബസ് കാത്ത് നിൽക്കുകയാണ്

.കരഞ്ഞുകൊണ്ട് യാത്രയാക്കാൻ ചുറ്റും ആരും തന്നെയില്ല.പക്ഷേ മരണഭയത്തോടെ കരയുന്ന ഒരു പറ്റം രോഗികൾ എന്നെ കാത്തിരിപ്പുണ്ട്.കേവലം എന്നിൽ നിന്ന് ഒരു സഹജീവിയുടെ നൊമ്പരത്തിലേക്കുള്ള ദൂരമാണ് ഈ യാത്ര..

... സെബിജോസഫ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു