നമ്മുടെ ചുറ്റിനുമുള്ളവർ കുറേക്കൂടി ആദരവ് അർഹിക്കുന്നുണ്ട്.

Share News

{പുലർവെട്ടം 393}
നമ്മുടെ ‘അഞ്ചപ്പ’ത്തിന്റെ വോളന്റിയേഴ്‌സായി വന്ന തൊട്ടടുത്ത കോളജിലെ എൻ എസ് എസ് അംഗങ്ങളോട്, ‘ശ്രദ്ധിക്കേണ്ടതായി ഒരു കാര്യം മാത്രമേയുള്ളു’ എന്നാണ് പറഞ്ഞുകൊടുത്തത്- ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത ഒരാളെന്ന മട്ടിൽ അതിഥികളെ ഉപചരിക്കുക. മൗലികമായ വിചാരമൊന്നുമായിരുന്നില്ല അത്. ചൈനീസ് ജ്ഞാനധാരയായ താവോയിസത്തിൽ ഇതേ വരികൾ അച്ചട്ടായി കിടപ്പുണ്ട്. കുറേക്കൂടി ആദരപൂർവം അപരിചിതരെ കാണാൻ അതു സഹായിച്ചുവെന്ന് കൂട്ടത്തിലുള്ള ഒരാൾ കഴിഞ്ഞ ദിവസം പറഞ്ഞു. ആർക്കു വേണമെങ്കിലും ഏർപ്പെടാവുന്ന രസകരമായ കളിയാണത്. അപ്പോൾ മിഴി നിറയുകയും കരം അറിയാതെ കൂമ്പുകയും ചെയ്യും.

നമ്മുടെ ചുറ്റിനുമുള്ളവർ കുറേക്കൂടി ആദരവ് അർഹിക്കുന്നുണ്ട്. മതം മനുഷ്യഭാവനയ്ക്കു നൽകിയ ഏറ്റവും സൃഷ്ടിപരമായ സംഭാവന അതായിരിക്കും- എല്ലാത്തിനോടും രൂപപ്പെടുത്തേണ്ട ആദരവ്. ജലം തീർത്ഥമാകുന്നതും അഗ്നി ശുഭസാക്ഷിയാകുന്നതും കല്ല് മൂർത്തിയാകുന്നതുമൊക്കെ ആദരവിന്റെ ബാലപാഠങ്ങളാണ്. ഒരു കടലാസു ചവിട്ടിയാൽപ്പോലും കുനിഞ്ഞു വന്ദിക്കുന്നത് സരസ്വതീസങ്കല്പത്തിലാണ്. മതനിഷേധത്തിൽ ഗുപ്തമായിരിക്കുന്ന അപകടം അതാണെന്നു തോന്നുന്നു- ആദരവിന്റെ ഗ്രാഫ് താഴുക.

ബന്ധങ്ങളുടെ നിലനില്പ് പരസ്പരം കൈമാറുന്ന ആദരവിലാണ്. ‘സ്നേഹം സ്നേഹം’ എന്നു പറഞ്ഞ് നാം പൊലിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് ആദരവിന്റെ അഭാവത്തിൽ ദീർഘമായൊരു നിലനില്പ് സാധ്യമല്ല. വില്യം യൂറി, ‘The Third Side’ എന്ന പുസ്തകത്തിൽ പറയുന്നതുപോലെ, Human beings have a host of emotional needs- for love and recognition, for belonging and identity, for purpose and meaning to lives. If all these needs had to be subsumed in one word, it might be respect. മനുഷ്യന്റെ നിലനില്പിന് അനിവാര്യമായ വൈകാരിക ആവശ്യങ്ങളെ – സ്നേഹം, അംഗീകാരം, ഭാഗഭാഗിത്വം, സ്വത്വം, ലക്ഷ്യം, അർത്ഥം – വാറ്റിയെടുക്കുമ്പോൾ താനേ തെളിയുന്ന പദമാണ് ‘ആദരവ്’. വേദപുസ്തകത്തിലൊക്കെ ദരിദ്രരായ മനുഷ്യരെ അവരുടെ സ്നേഹിതകൾ വിളിച്ചിരുന്ന വാക്ക് ‘നാഥാ’ എന്നാണെന്ന് ഓർമിക്കണം. പ്രണയലേഖനങ്ങളുടെ ഈ അടുത്ത കാലം വരെ ‘ദേവി’ എന്നായിരുന്നു മിക്കവാറുമുള്ള സംബോധന. ‘മറ്റുള്ളവർ നിങ്ങളോട് എപ്രകാരം വർത്തിക്കണമെന്നാണോ ആഗ്രഹിച്ചത്, അത് അവർക്കാദ്യം ഉറപ്പുകൊടുക്കുക’ എന്ന യേശുമൊഴിയിൽ ആദരവിന്റെ കാമ്പുണ്ട്.

കബീറിനെ എങ്ങനെ ഓർമിക്കാതിരിക്കും. നെയ്ത്തുകാരനായിരുന്നു. അയാളുടെ കടമുറിയിലേക്കുള്ള ഇടവഴിയിൽ ആരുടെയെങ്കിലും തലവെട്ടം കണ്ടാലുടൻ അയാൾ ചാടി പുറത്തുവരുന്നു, കരം കൂപ്പി അവരെ ഉറ്റുനോക്കുന്നു, പാദം കഴുകി അവരെ ‘രാമാ’ എന്നു വിളിച്ച് അകത്തേക്കു ക്ഷണിക്കുന്നു. ‘രാമന് എന്താണാവശ്യം’, ‘രാമാ, ഇതിന് ഇഴയടുപ്പം കൂടുതലാണ്’, ‘രാമാ, ഇതു നിങ്ങൾക്ക് നന്നായി ചേരും’, ‘രാമാ, ഇത് അലക്കുമ്പോൾ സൂക്ഷിക്കണേ’. – ഭഗവാൻ എന്നുതന്നെ അർത്ഥം. അയാൾ മടങ്ങിപ്പോരുമ്പോൾ വഴിയുടെ അങ്ങേയറ്റം വരെ കൂടെച്ചെല്ലും. അവർക്ക് തിരിഞ്ഞുനോക്കാൻ ഭയമാണ്. തിരിഞ്ഞുനോക്കിയാൽ കാണാം, ശ്രീകോവിലിനു മുൻപിലെന്നപോലെ കരം കൂപ്പി തങ്ങളെ ഉറ്റുനോക്കുന്ന ഒരാളെ!

അവർ ഇങ്ങനെയാണ് അതിനെ ഓർമിച്ചെടുക്കുന്നത്- ‘പുലരി തൊട്ട് അന്തിവരെ നമ്മുടെ പാടങ്ങളിൽ നമ്മൾ അടിമകളാണ്. എന്നാൽ കബീർ, അയാൾക്കു മാത്രം നമ്മൾ ദൈവങ്ങളും!’
-ബോബി ജോസ് കട്ടികാട്

Share News