ഫ്രാൻസിസ് അസീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര.

Share News

പുസ്തകവിചാരം

ഫ്രാൻസിസ് അസീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര

സത്യാനന്തര കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. എന്താണ് സത്യം എന്താണ് മിഥ്യ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ ബ്രേക്കിംഗ് ന്യൂസുകളും ഫെയ്ക്ക് ന്യൂസുകളും നിരന്തരം നമ്മുടെ കൺമുന്നിൽ മിന്നിമറയുന്നു. ഒരു സംഭവം നടന്നു കഴിഞ്ഞാൽ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള അഭിപ്രായങ്ങളുടെ കുത്തൊഴുക്കാണ്. എല്ലാം അഭിപ്രായങ്ങളായി മാറുകയും എല്ലാവരും വിധികർത്താക്കളാകുകയും ചെയ്യുമ്പോൾ ഇരയായി മാറുന്നത് സത്യം മാത്രമാണ്. ഇതൊരു താളപ്പിഴയാണ്. സംഭവവും അതിന്റെ സത്യാവസ്ഥയും ചേർത്തുവായിക്കുമ്പോൾ ഉണ്ടാകുന്ന താളപ്പിഴ. സംഭവങ്ങളുടെ സത്യാവസ്ഥയ്ക്ക് ഒരു ഏകതാനത കൽപ്പിക്കാൻ സാധിക്കുമോ? സാധിക്കും. അതിന് വ്യക്തമായ ഒരു ഫോറൻസിക് അന്വേഷണം നടത്തിയാൽ മതി. പക്ഷേ ഒരു വ്യക്തി എന്ന സത്യത്തെ ഏകതാനമായി നിർവചിക്കാൻ സാധിക്കില്ല. ആ സത്യത്തിന് പല ഭാവങ്ങളുണ്ട്. അത് കാഴ്ചകളെയും അതിലംഘിക്കുന്ന അനുഭവങ്ങളിലൂടെ വൈയക്തികമാകുമ്പോൾ ഒരേ വ്യക്തിയെ ഞാനും നീയും അറിയുന്നത് വ്യത്യസ്തമായിട്ടായിരിക്കും. അതുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് നാല് കാനോനിക സുവിശേഷങ്ങളും ഏകദേശം ഇരുപത്തൊന്നു അപ്പക്രിഫാ സുവിശേഷങ്ങളും ഉണ്ടായത്. കാഴ്ചപ്പാടുകളിലെ വൈവിധ്യമാണ് വ്യക്തി എന്ന സത്യത്തിന്റെ ലാവണ്യം.

കത്തോലിക്കാ ലോകത്തിൽ ക്രിസ്തുവിനുശേഷം ഏറ്റവും കൂടുതൽ ഭാവനാത്മകമായി ചിത്രീകരിച്ചിട്ടുള്ള ഏക വ്യക്തി അസീസിയിലെ ഫ്രാൻസിസ് മാത്രമാണ്. മധ്യകാലഘട്ടത്തിലെ യൂറോപ്യൻ ആത്മീയ ചരിത്രത്തെ തന്നെ വഴിതിരിച്ചുവിട്ട ആ മനുഷ്യന്റെ ഒരു ഛായാചിത്രം ഇറ്റലിയിലെ സുബിയാക്കോ എന്ന സ്ഥലത്തെ ബെനഡിക്റ്റൻ ആശ്രമത്തിലുണ്ട്. ഏകദേശം അഞ്ചടി ഉയരമുള്ള മെലിഞ്ഞൊരു മനുഷ്യൻ. ഒരു ധൂമകേതു പോലെ ചരിത്രത്തിന്റെ ഇടനാഴിയിലൂടെ അയാൾ വെറുതെയങ്ങ് കടന്നു പോയില്ല, മറിച്ച് മറ്റൊരു ക്രിസ്തുവായി മാറി പല ഹൃദയങ്ങളിലും സ്വന്തം കൈപ്പടകൊണ്ട് ഒരു ഒപ്പും ചാർത്തിയാണ് അയാൾ പോയത്. ആ ഒപ്പുകളാണ് പിന്നീട് അയാളെ കുറിച്ചുള്ള കഥകളായും ഐതിഹ്യങ്ങളെയും ഇറ്റാലിയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നുപിടിച്ചത്. പിന്നീട് അയാൾ ഒരു കഥയായി മാറി. വ്യക്തികൾ കഥകളാകുകയും കഥകളിൽ ഭാവനകൾ വിരിയുകയും ചെയ്യുമ്പോൾ വ്യക്തിയെന്ന ചരിത്ര സത്യത്തിന് പല വർണ്ണങ്ങളുണ്ടാകും. ആ വർണ്ണങ്ങൾ ചിലത് തീവ്രവും മറ്റു ചിലത് ശാലീനവുമായിരിക്കും. അവകളെ തുല്യരീതിയിൽ നിർത്തുകയെന്നത് എളുപ്പമുള്ള കാര്യവുമല്ല. എങ്കിലും വർണ്ണങ്ങളെന്നും നയനമോഹിതം തന്നെയാണ്. അങ്ങനെ ഫ്രാൻസിസ് എന്ന ചരിത്ര സത്യത്തെ ഭാവനയിലൂടെ വിരിയിച്ചെടുത്ത ഒരു കഥാപുഷ്പമാണ് ഇറ്റാലിയൻ എഴുത്തുകാരനായ മാസ്സിമിലിയാനോ ഫെല്ലിയുടെ (Massimiliano Felli) Vite apocrife di Francesco d’Assisi എന്ന നോവൽ.

നോവലിലെ ലോകം 1266 കാലഘട്ടമാണ്. അതായത് ഫ്രാൻസിസിന്റെ ദേഹവിയോഗത്തിന്റെ 40 വർഷങ്ങൾക്ക് ശേഷം. അവന്റെ സന്യാസസമൂഹം ആന്തരികമായ ചില സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വർഷം. 52 കാരനായ ലൂയിസ് ഒമ്പതാമൻ മറ്റൊരു കുരിശു യുദ്ധത്തിനായി ഒരുങ്ങുന്ന വർഷം. അതേ വർഷമാണ് ഭാഞ്ഞോറെജോയിൽ നിന്നുള്ള ബൊനവെന്തൂറ ഫ്രാൻസിസ്കൻ സഭയുടെ ജനറാൾ ആകുന്നത്. പ്രധാന ഉത്തരവാദിത്വം തന്റെ സന്യാസ സമൂഹത്തിന്റെയുള്ളിലെ സംഘർഷങ്ങൾക്ക് ഇത്തിരി അയവു വരുത്തുകയെന്നതാണ്. ചില സഹോദരർ സ്ഥാപകന്റെ ആത്മീയ തനിമയിലേക്ക് തിരിച്ചു പോകാൻ മുറവിളി കൂട്ടുന്നുണ്ട്. മറ്റു ചിലരുടെ സുവിശേഷാധിഷ്ഠിതമായ ദാരിദ്ര്യ സങ്കല്പം സഭയ്ക്കും രാജ്യത്തിനുതന്നെ വെല്ലുവിളിയായി മാറുന്നുണ്ട്. മാത്രമല്ല ഫ്രാൻസിസിനെ കുറിച്ച് ഒത്തിരി കഥകൾ ഈ നാൽപതു വർഷകാലത്തിനുള്ളിൽ എല്ലായിടത്തും കാട്ടുതീപോലെ പടർന്നു പിടിച്ചു കഴിഞ്ഞു. അഞ്ചുവർഷം മുൻപ് ഫ്രാൻസിസിന്റെ ജീവചരിത്രം – La Legenda Maior – ബൊനവെന്തൂറ എഴുതിയതുമാണ്. എന്നിട്ടും അസീസിയിലെ നിസ്വനെക്കുറിച്ച് കഥകളും തർക്കങ്ങളും അനുദിനമുണ്ടാകുന്നു. അങ്ങനെയാണ് അയാൾ ആ തീരുമാനം എടുക്കുന്നത്. ഫ്രാൻസിസിനെ കുറിച്ച് താൻ എഴുതിയ കൃതിയായിരിക്കണം ഔദ്യോഗികവും നിയതവുമായ ജീവചരിത്രം; മറ്റു കൃതികളെല്ലാം കത്തിച്ചു കളയണം. അദ്ദേഹത്തിന്റെ സെക്രട്ടറിയായ ബ്രദർ ദെയോദാതൊ ആ തീരുമാനം പ്രാവർത്തികമാക്കാനായി നടത്തുന്ന യാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം.

ഇതിനെ ഒരു ചരിത്ര നോവൽ എന്ന് വിശേഷിപ്പിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ചരിത്രപരമായ വസ്തുതകൾക്കും വസ്തുക്കൾക്കു നാനാവിധത്തിലുള്ള അർത്ഥതലങ്ങൾ നൽകികൊണ്ടുള്ള ഒരു യാത്രയാണ് ഈ നോവൽ. അകിര കുറൊസാവ തന്റെ റഷൊമോൻ എന്ന സിനിമയിലൂടെ ചെയ്തതുപോലെ സത്യത്തിന്റെ വ്യത്യസ്ത സാധ്യതകളും സാക്ഷ്യങ്ങളുടെ അവിശ്വസനീയതയുമെല്ലാം ഒരു പസ്സിൽ പോലെ ആഖ്യാനത്തിലും നിറഞ്ഞിട്ടുണ്ട്. കഥാകഥനം രേഖീയമാണ്. ഒപ്പം ഭാവനാത്മകവും. ദെയോദാതൊയ്ക്ക് കിട്ടിയിരിക്കുന്ന കൽപ്പന തന്റെ ഗുരുവായ ബൊനവെന്തൂറയുടെ കൃതിയൊഴിച്ച് ഫ്രാൻസിസിനെ കുറിച്ചുള്ള എല്ലാ എഴുത്തുകളും കത്തിക്കണമെന്നാണ്. പക്ഷേ സംശയത്തിന്റെയും സാഹസികതയുടെയും തുലാസിൽ നിൽക്കുന്ന അവൻ ആ കൽപനയെ അനുസരിക്കുന്നില്ല. അങ്ങനെയവൻ ഒരാളെ അന്വേഷിച്ചു പോകുകയാണ്; ഫ്രാൻസിസിന്റെ സന്തത സഹചാരിയായിരുന്ന ബ്രദർ ലിയോയെ.

ബ്രദർ ലിയോയിൽ നിന്നും ദെയോദാതൊയ്ക്ക് കിട്ടുന്നത് ഫ്രാൻസിസ് എന്ന പച്ചമനുഷ്യന്റെ ആരും അറിയാത്ത കാര്യങ്ങളായിരുന്നു. സഭയെ നവീകരിച്ച ഒരു ഹീറോയുടെ ചിത്രം ബ്രദർ ലീയോയുടെ കൈയ്യിലില്ലായിരുന്നു. ക്രിസ്തു എന്ന കനല് സ്വത്വത്തിലേക്ക് ആളിപ്പടരുന്നതിനുമുമ്പ് വ്യവഹാരിക ലോകത്തിലെ മാത്സര്യങ്ങളിലും പ്രണയത്തിന്റെ പൂവിടലുകളിലും തോറ്റുപോയവന്റെ വിമ്മിട്ടങ്ങളായിരുന്നു അവനു പറയാനുണ്ടായിരുന്നത്. അത്ഭുതങ്ങളുടെ ആഖ്യാനങ്ങളൊന്നും അയാൾക്ക് അവനെ കുറിച്ച് പറയാനില്ലായിരുന്നു. മറിച്ച് ഫ്രാൻസിസ് കടന്നുപോയ നൊമ്പരങ്ങളുടെയും വിഹല്വതകളുടെയും കഥകളായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടിലെ പ്രാന്തപ്രദേശങ്ങളിലൂടെയും ഇടവഴികളിലൂടെയും ഈ നോവൽ നമ്മെ നയിക്കുന്നുണ്ട്. ഫ്രാൻസിസിനെ കുറിച്ചുള്ള ഈ ഭാവനാത്മകമായ സത്യാന്വേഷണം അപ്രതീക്ഷിതമായ പലതിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

വ്യത്യസ്ത സ്വരങ്ങളെ അംഗീകരിക്കാൻ സാധിക്കാത്ത ഒരു അസഹിഷ്ണുതയുടെ പശ്ചാത്തലത്തിൽ നിന്നും തുടങ്ങുന്ന നോവൽ അവസാനിക്കുന്നത് സത്യത്തെ ആർക്കും മറച്ചുവയ്ക്കാൻ സാധിക്കില്ല എന്ന സന്ദേശത്തോടെയാണ്. എന്റെ കാഴ്ചക്കോണുകൾ മാത്രമാണ് ശരിയെന്നും മറ്റുള്ളവകളെല്ലാം വഴി തെറ്റിക്കുന്നവകളാണ് എന്ന ചിന്തയായിരിക്കണം ബൊനവെന്തൂറയെ കൊണ്ട് പുസ്തകങ്ങളെല്ലാം ചാമ്പൽലാക്കണം എന്ന കൽപ്പന പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പുസ്തകങ്ങളുടെ കത്തൽ അതൊരു ഭീകര കാഴ്ചയാണ്. Bücherverbrennung എന്ന പേരിലറിയപ്പെട്ട ഹിറ്റ്ലറുടെ കാലത്തു നടന്ന പുസ്തകങ്ങളുടെ ഹോളോകോസ്റ്റ് ആണ് മനസ്സിലേക്ക് ഓടി വന്നത്. Bücherverbrennung – ഒരു ജർമ്മൻ പദമാണ്. പുസ്തകങ്ങളുടെ ആളിക്കത്തൽ എന്നർത്ഥം. ഹോറേബ് മലയിൽ എരിഞ്ഞു കത്തിയ മുൾപ്പടർപ്പിന്റെ വിപര്യായമായി ഇതിനെ കരുതാം. അപര സ്വരങ്ങളെ ഇല്ലാതാക്കി പണിതുയർത്തുന്ന മായിക ലോകത്തിലെ സ്ഥിരം കാഴ്ചയായിരിക്കും പുസ്തകങ്ങൾക്ക് എതിരായിട്ടുള്ള മുറവിളികൾ. ഇൻക്വിസിഷൻ സമയത്ത് ജെറോം സാവന്നറോളയുടെ “ബാഡ് ബോയ്സ്” വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഫ്ലോറൻസിലെ പാതയോരങ്ങളിൽ നടത്തിയിരുന്ന “bonfire of vanities” മുതൽ 1933 കാലയളവിൽ സ്വസ്തിക ചിഹ്നം ധരിച്ച വിദ്യാർത്ഥികൾ ജർമൻ സർവകലാശാലകളുടെ മുന്നിൽ ഒരുക്കിയിരുന്ന പുസ്തക പട്ടടയുമെല്ലാം സൃഷ്ടിക്കാൻ സഹായിച്ചത് ഹീനമായ ഒരു ആദർശ രാഷ്ട്രം മാത്രമായിരുന്നു.

ആരാണ് അസീസിയിലെ ഫ്രാൻസിസ്? അയാളെക്കുറിച്ചുള്ള സത്യങ്ങൾ ചരിത്രപരമാണോ? എന്നീ ചോദ്യങ്ങളുമായി ഇറങ്ങിത്തിരിക്കുന്ന ബദർ ദെയോദാതൊ എന്ന മാസ്സിമിലിയാനോയുടെ കഥാപാത്രം ഒരു പുസ്തകവും കത്തിക്കുന്നില്ല. മറിച്ച് എല്ലാ അഭിപ്രായങ്ങളെയും സ്വാംശീകരിച്ചും എല്ലാ കഥകളെയും അംഗീകരിച്ചും വസ്തുതകളുടെ ഉള്ളിലെ ഫ്രാൻസിസ് എന്ന സത്യത്തെ ആവാഹിക്കുന്നു. അതെ, ഒരു പുസ്തകത്തിലെ ചരിത്രമല്ല ഫ്രാൻസിസ്. അനേക ഹൃദയങ്ങളെ സ്പർശിച്ച അനുഭവങ്ങളുടെ ആകെത്തുകയാണ് അയാൾ. നോവലിൻറെ അവസാനം ബ്രദർ ലിയോ ബ്രദർ ദെയോദാതൊയോട് പറയുന്നതുപോലെ ആ അനുഭവത്തെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ ഭാഷ്യമെഴുതാനോ നീ പോകണമെന്നില്ല; നിന്റെ ഉദ്യമത്തോട് നീ വിശ്വസ്തനായിരിക്കുക, നിന്റെ അഭിലാഷങ്ങൾ ഒതുക്കമുള്ളതായിരിക്കട്ട.

///മാർട്ടിൻ N ആന്റണി/// –

Share News