
സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.
സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.
എങ്കിലും നമ്മളിതുവരെ പിന്തുടർന്ന പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെസഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുൻപോട്ട് കൊണ്ടുപോകാനായാൽ നമുക്ക് അതിനു തടയിടാൻ കഴിയും.
കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകൾ നമ്മോട് പറയുന്നത്.ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും 4 സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്:
1) മരണനിരക്ക്
2) രോഗവ്യാപനം
3) ടെസ്റ്റ് പര്യാപ്തത
4) രോഗമുക്തി.
ഇതിൽ കേരളത്തിൻ്റെ കോവിഡ്-19 മരണനിരക്ക് പരിശോധിച്ചാൽ തന്നെ നമ്മുടെ പ്രവർത്തനങ്ങൾ എത്രത്തോളം മെച്ചപ്പെട്ടതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
കേസ് ഫറ്റാലിറ്റി റേറ്റ് (Case Fatality Rate), അതായത് നൂറു കേസുകൾ എടുത്താൽ എത്ര മരണമുണ്ടായി, നമുക്ക് നോക്കാം. ലോക ശരാശരി എടുത്താൽ അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനമാണ്. കർണാടകയിലെ കേസ് ഫറ്റാലിറ്റി റേറ്റ് 1.77 ശതമാനവും, തമിഴ്നാടിൽ 1.42 ശതമാനവും, മഹാരാഷ്ട്രയിൽ 4.16 ശതമാനവും ആണ്. എന്നാൽ കേരളത്തിൻ്റെ കേസ് ഫറ്റാലിറ്റി റേറ്റ് 0.39 ശതമാനം മാത്രമാണ്. ഒരു ദിവസത്തിനിടയിൽ എത്ര മരണങ്ങൾ ഉണ്ടായി എന്നതും പരിശോധിക്കാം.
ജൂലൈ 12-ലെ കണക്കുകൾ പ്രകാരം ആ ദിവസം കർണാടകയിൽ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്നാട്ടിൽ 68 പേർ കോവിഡ് കാരണം അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയിൽ 173 പേരുടെ ജീവനാണ് നഷ്ടമായത്. അതേസമയം കേരളത്തിൽ അതേ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്.
പത്തുലക്ഷത്തിലെത്ര പേർ മരിച്ചു (Death per million) എന്ന മാനദണ്ഡമെടുത്താൽ കേരളത്തിലത് 0.9 ആണ്. അതേ സമയം, ഇന്ത്യയിൽ 17.1 ആണ് ഡെത്ത് പെർ മില്യൺ. കർണാടകയിൽ 11.3-ഉം, തമിഴ്നാട്ടിൽ 27.2-ഉം, മഹാരാഷ്ട്രയിൽ 94.2-ഉം ആണ്. വളരെ മികച്ച രീതിയിൽ കോവിഡ് മൂലമുള്ള മരണങ്ങളെ നമുക്ക് തടയാൻ സാധിച്ചു എന്നതിൻ്റെ തെളിവാണ് ഈ കണക്കുകൾ. ടെസ്റ്റുകൾ ആവശ്യത്തിനു ചെയ്യുന്നില്ല എന്നതാണ് ചിലരൊക്കെ ഉന്നയിക്കുന്ന പരാതി. പല തവണ അതിനുള്ള മറുപടി കൃത്യമായി തന്നതാണ്. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെർ മില്യൺ വെഴ്സസ് കേസ് പെർ മില്യൺ എന്നീ സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്.
100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര ടെസ്റ്റുകൾ പോസിറ്റീവ് ആകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിനു ടെസ്റ്റുകൾ നടക്കുമ്പോളാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവർക്കിടയിലും രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കിടയിലും മാത്രം ടെസ്റ്റുകൾ നടത്തുകയും, രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ ആവശ്യമായ രീതിയിൽ ടെസ്റ്റുകൾ നടത്താതിരിക്കുകയും ചെയ്യുമ്പോൾ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ ഏറ്റവും മികച്ചതാണ്. നിലവിൽ 2.27 ശതമാനമാണത്. അല്പ നാൾ മുൻപ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാൽ ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. കർണാടകയിൽ 4.53-ഉം, തമിഴ്നാട്ടിൽ 8.57-ഉം, മഹാരാഷ്ട്രയിൽ 19.25-ഉം തെലുങ്കാനയിൽ 20.6-ഉം ആണ്. ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകൾ ചെയ്യുന്നുണ്ട് എന്നതിൻ്റെ സൂചകമാണ് ടെസ്റ്റ് പെർ മില്യൺ വെഴ്സസ് കേസ് പെർ മില്യൺ. 50-നു മുകളിൽ അതു സൂക്ഷിക്കുക എന്നതാണ് അഭികാമ്യമായ കാര്യം.
കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ വെഴ്സസ് കേസ് പെർ മില്യൺ ഇപ്പോൾ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിനു നമ്മൾ മിനിമം 44 ടെസ്റ്റുകൾ ചെയ്യുന്നുണ്ട്. തുടക്കം മുതൽ ഒരാഴ്ച മുൻപു വരെ നമുക്കത് 50-നു മുകളിൽ നിർത്താൻ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് വീണ്ടും ഉടനടി 50-നു മുകളിൽ ആ നമ്പർ എത്തിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. എങ്കിലും ഇപ്പോൾ പോലും ടെസ്റ്റ് പെർ മില്യൺ വെഴ്സസ് കേസ് പെർ മില്യൺ എടുത്താൽ കേരളം മറ്റു പ്രദേശങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. അക്കാര്യത്തിൽ ഇന്ത്യയിലെ ശരാശരി 13 ആണ്.
കർണാടകയിൽ 22-ഉം, തമിഴ്നാട്ടിലും മഹാരാഷ്ടയിലും 6-ഉമാണ് ടെസ്റ്റ് പെർ മില്യൺ വെഴ്സസ് കേസ് പെർ മില്യൺ. നമ്മുടേതാകട്ടെ 44 ആണ്. അതായത് ടെസ്റ്റുകൾ നടത്തുന്ന കാര്യത്തിൽ നമ്മൾ മുന്നിലാണ് എന്നു കാണാൻ സാധിക്കും.ഈ തരത്തിൽ ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും, മരണനിരക്ക് നിയന്ത്രിക്കുന്നതിലും, ടെസ്റ്റുകൾ ആവശ്യത്തിനു നടത്തുന്നതിലും നമ്മൾ വളരെ മുൻപിലാണ്.
കോവിഡ് പ്രതിരോധത്തിൻ്റെ കാര്യത്തിൽ ലോകത്തിൻ്റെ തന്നെ അംഗീകാരം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. ഇതു മനസ്സിലാക്കാതെ വിമർശനമുന്നയിക്കുന്നവർ കാര്യങ്ങൾ കൃത്യമായി പഠിച്ചുകൊണ്ടു വേണം സംസാരിക്കാൻ.
ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനു പകരം, വിഷയത്തെ ശാസ്ത്രീയമായി സമീപിക്കാനും അതിനാവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കാനും അത്തരക്കാർ ശ്രദ്ധിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ