
മടങ്ങിയെത്തുന്ന പ്രവാസികള്ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സാധ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ വേണ്ട ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതായും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 151 പ്രവാസികളുമായി അബുദാബിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇതിലെ യാത്രക്കാരിൽ നാല് കൈക്കുഞ്ഞുങ്ങളും പത്ത് വയസിൽ താഴെയുള്ള പതിനഞ്ച് കുട്ടികളും നാൽപത്തിഞ്ച് ഗർഭിണികളുമാണ് ഉൾപ്പെടുന്നത്. യാത്രക്കാരിൽ അഞ്ചു പേരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദുബായിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ 152 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇതിൽ 177 പേർ മുതിർന്നവരും അഞ്ചു പേർ കുട്ടികളുമാണ്. ഇന്ന് റിയാദിൽ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30-ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തും. കേരളത്തിലെ പതിമൂന്ന് ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക, തമിഴ്നാട് സ്വദേശികളായ പത്തുപേരുമാണ് ഇതിൽ ഉൾപ്പെടുന്നത്.
യാത്രക്കാരിൽ 84 പേർ ഗർഭിണികളാണ്. ഇവരെക്കൂടാതെ 22 കുട്ടികളും അടിയന്തര ചികിത്സയ്ക്കെത്തുന്ന അഞ്ചു പേരും എഴുപതിന് മുകളിൽ പ്രായമുള്ള മൂന്നു പേരുമാണ് വിമാനത്തിലുള്ളത്. ഞായറാഴ്ച ദോഹയിൽനിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ടര വിമാനത്താവളത്തിൽ എത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരായിരിക്കും ഇതിൽ വരുന്നത്. എയർപോർട്ടിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.