![](https://nammudenaadu.com/wp-content/uploads/2020/07/Covid_testing_PTI-1.jpg)
അഞ്ചുതെങ്ങില്‍ കോവിഡ് വ്യാപനം രൂക്ഷം: 104 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: അഞ്ചുതെങ്ങിലെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ രോഗവ്യാപനം അതിരൂക്ഷം. ഇന്ന് 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തീരപ്രദേശത്തെ ആറ് കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.
അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50 ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
ആറിടത്തായി 443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള അഞ്ചുതെങ്ങ്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
കടല്‍ക്ഷോഭം മൂലം മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളില്‍ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് സ്ഥിതി രൂക്ഷമാക്കുന്നു. സെന്റ് ജോസഫ് സ്കൂളില്‍ മാറ്റിപ്പാര്‍പ്പിച്ച 19 കുടുംബങ്ങളെ പരിശോധിച്ചതിലാണ് 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.