എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി.

Share News

പോൾ കല്ലുവീട്ടിൽ അച്ചൻ മരിച്ചു.

എന്നെ മനസ്സിലാക്കിയ ഒരാൾ കൂടി ഇല്ലാതായി.

ഞാൻ എത്തിപ്പിടിക്കേണ്ട സ്വപ്നങ്ങളും ലക്ഷ്യ സ്ഥാനങ്ങളും പറഞ്ഞു തന്ന് എന്നെ പിന്നിൽ നിന്ന് തള്ളി തന്നിരുന്ന ഒരാൾ മരിച്ചു.

എന്റെ പാപങ്ങൾ പതിവായി കേട്ടു എന്നോടൊപ്പം സങ്കടപ്പെട്ടിരുന്ന, ഒരു നേടുവീർപ്പോടെ എന്നെ ആശീർവദിച്ചിരുന്ന അച്ചൻ മരിച്ചു.

കഴിഞ്ഞ 16 വർഷത്തിനിടയിൽ കഴിഞ്ഞ 6 മാസം മാറ്റിനിർത്തിയാൽ ഒരു മാസത്തിൽ കൂടുതൽ സമയം എന്നെ അങ്ങോട്ട് കാണാതിരുന്നാൽ അച്ചൻ ഫോൺ ചെയ്യുമായിരുന്നു. ” ആളെ ഇങ്ങോട്ടു കാണാനെ ഇല്ലല്ലോ. ” എല്ലാം മാറ്റി വച്ചു ഞാൻ ഓടി ചെല്ലും. 2004 മുതൽ 2010 വരെ മേരിമാതാ മേജർ സെമിനാരിയിലും പിന്നീട് അച്ചന്റെ ആശ്രമത്തിലും വച്ചു അച്ചൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളിൽ വേദനയോടെ ഞാൻ ഫോൺ വിളിക്കുമ്പോൾ ഒരു ആശീർവാദത്തോടെയെ അച്ചൻ ഫോൺ അവസാനിപ്പിക്കാറുള്ളൂ. പ്രാർത്ഥിക്കുന്നുണ്ട് എന്ന അച്ചന്റെ വാക്കുകൾ കേൾക്കുമ്പോൾ മഞ്ഞുമല പോലെയുള്ള പ്രശ്നങ്ങൾ മൂടൽമഞ്ഞു പോലെ മാഞ്ഞു പോകാറുണ്ട്.തന്റെ ഹൃദയം ദൈവത്തോട് മാത്രം ഒട്ടിയിരുന്നതിനാൽ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അച്ചൻ സങ്കടപ്പെട്ടിരിക്കില്ല.

അച്ചൻ സ്നേഹിച്ച ദൈവം അച്ചനെ സ്വന്തമാക്കി. സങ്കടമില്ല എനിക്ക്. പക്ഷെ ഞാൻ ഒറ്റക്കായി.ദുർഘടമായ പാതയിലൂടെ ആടിയുലഞ്ഞു പോകുന്ന ബസ് യാത്ര പോലെ ആയിരുന്നു ജീവിതം. യാത്രയിൽ കൂടെ ഇരുന്നു അച്ചൻപലതും പറഞ്ഞു തന്നു. നിനച്ചിരിക്കാതെ ഇതാ അച്ചൻ യാത്ര അവസാനിപ്പിച്ചു. യാത്രയിൽ ഇനി ഒറ്റക്ക്. എവിടെ ഇറങ്ങണം, എന്തൊക്കെ ചെയ്യണം. എല്ലാം പറഞ്ഞു തന്നിരുന്നു.അച്ചൻ പറഞ്ഞത് എഴുതിയെടുത്തെങ്കിലും ആടി ഉലഞ്ഞുള്ള ആ യാത്രയിൽ എഴുതിയത് പലതും ഇന്ന് വായിച്ചെടുക്കാൻ പറ്റുന്നില്ല.

ദൈവത്തിനു വേണ്ടി ഞാൻ എല്ലാം ഉപേക്ഷിച്ചെന്ന്, കുറഞ്ഞ പക്ഷം ഉപേക്ഷിക്കാനും ഒന്നുമല്ലാത്തവനാകാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന് അറിയാവുന്നവരിൽ ഒരാൾ അച്ചനായിരുന്നു.

അച്ചൻ കിടന്നു മരിച്ച മുറിയിൽ ഒന്നു പോകണം. കഴിഞ്ഞ 6 മാസം അച്ചൻ കൂടെ കൂടെ വിളിച്ചെങ്കിലും കോവിഡ് കാലത്ത് അച്ചന്റെ സുരക്ഷയെ കരുതി പോകാൻ ഞാൻ മടിച്ചു. അച്ചന്റെ മുറിയിൽ ഒന്നു തിരയണം. എനിക്കായി എന്തെങ്കിലും രണ്ടുവരി ഉപദേശം എവിടെയെങ്കിലും കോറി വച്ചിട്ടുണ്ടോ എന്നു എനിക്ക് പരതിനോക്കണം.

അച്ചൻ അവസാനം ചൊല്ലിയ ജപമാലകളിൽ ഒന്നു സ്വന്തമാക്കണം.

അച്ചന് വേണ്ടി ഈ പോസ്റ്റ് എഴുതുമ്പോൾ ഒഴുകിയ രണ്ടു തുള്ളി കണ്ണീർ കൂടി ഈ പോസ്റ്റിൽ ഉൾപ്പെടുത്തണം എന്നു ആഗ്രഹിക്കുന്നു.

Nibin Thaliyath

Share News