ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു…

Share News

ഹൃദയങ്ങൾ എത്രമാത്രം മലിനമാക്കപ്പെട്ടതുകാരണം ആയിരിക്കാം ഇന്ന് ഈ കൗമാരപ്രായക്കാർ ഇത്തരം നിന്ദനങ്ങൾ കാട്ടിയത്? ഇവരുടെ മാതാപിതാക്കൾ മാത്രമല്ല, എല്ലാത്തരത്തിലും ഇവരെ ഇത്രയും എത്തിച്ചവർ തന്നെയാണ് ഇതിന് ഉത്തരം പറയേണ്ടത്… ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു…

താഴെ കാണുന്നത് ഒത്തിരി വേദനിപ്പിക്കുന്ന ചിത്രങ്ങൾ തന്നെ:

-ഈ ചിത്രങ്ങൾ ഏറെ വേദനിപ്പിക്കുന്നുണ്ട്.

ഇരയായിരിക്കുന്നത് കുരിശാണ് എന്നതു മാത്രമല്ല, ഈ മക്കൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നതെങ്ങനെ എന്ന ചിന്തയാണ് എന്നെ വിഷമിപ്പിക്കുന്നത്.

ഉത്തരവാദിത്വമുള്ള ജനാധിപത്യപൗരബോധം നമ്മുടെ മക്കൾക്ക് കുറഞ്ഞു പോവുകയാണോ എന്ന് ഉൾക്കിടിലത്തോടെയാണ് ചിന്തിച്ചു പോകുന്നത്.

മുഖം തുടയ്ക്കാൻ ഉപയോഗിക്കുന്നതും, തറതുടയ്ക്കാൻ ഉപയോഗിക്കുന്നതും രാഷ്ട്രീയപാർട്ടികൾ കൊടിയായി ഉപയോഗിക്കുന്നതും, രാഷ്ട്രങ്ങൾ ദേശീയപതാകയായി ഉപയോഗിക്കുന്നതും തുണി തന്നെയാണ്.

എന്നാൽ അവയ്ക്ക് നാം കൊടുക്കുന്ന ആദരവിൻ്റെ തലങ്ങളുടെ വ്യത്യസ്ഥത നമ്മുടെ യുവതലമുറ വ്യക്തമായി മനസ്സിലാക്കുകതന്നെ വേണം.

ഏതു മതത്തിൻ്റെയാണെങ്കിലും, രാഷ്ട്രത്തിൻ്റെയാണെങ്കിലും രാഷ്ട്രീയപാർട്ടിയുടെയാണെങ്കിലും അവർ ആദരവോടെ കാണുന്ന അടയാളങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലുമുള്ള സാമാന്യമര്യാദ പകർന്നുകൊടുക്കാൻ കുടുംബവും, വിദ്യാലയവും പൊതുസമൂഹവും കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ ഇതുപോലെയുള്ള മക്കൾ തനി റൗഡികളായി വളർന്നുവരാനുള്ള അപകടസാധ്യത ഏറെയാണ്.

മൂല്യങ്ങൾ പകരാതെ മക്കളെ വളർത്തിയാൽ മക്കളെ വളർത്തലും പന്നിവളർത്തലും തമ്മിൽ യാതൊരു മാറ്റവുമില്ലാതെവരും എന്ന സത്യം മാതാപിതാക്കന്മാരും ഗൗരവത്തോടെ തിരിച്ചറിയേണ്ടതുണ്ട്.

അതിനുമപ്പുറം, ഒരു ജനാധിപത്യസമൂഹത്തിലെ വളർന്നുവരുന്ന പൗരന്മാർക്ക് ഇതൊക്കെ ആരും വിളമ്പിക്കൊടുത്തില്ലെങ്കിൽ പോലും സാമാന്യബോധം ഉപയോഗിച്ച് ആർജ്ജിച്ചെടുക്കാനുള്ള കടമയിൽ നിന്ന് ഒഴിഞ്ഞു മാറാവുന്നതുമല്ല.

ഏതായാലും, ഇത്തരം തോന്ന്യാസങ്ങൾ മുളയിലെ നുള്ളാൻ ഗവൺമെൻറും നിയമസംവിധാനങ്ങളും ഇടപെടുകയും മാതൃകാപരമായി തന്നെ ഈ മക്കൾക്ക് ശിക്ഷണം നൽകുകയും ചെയ്യേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ ‘അപക്വത’യാണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം മനസ്സിലാകുന്നത്.

അങ്ങനെയെങ്കിൽ ഇനി ആവർത്തിക്കാതിരിക്കാൻ മാത്രം ശക്തവും, മാതൃകാപരവുമായ മുന്നറിയിപ്പുകൾ നിയമപാലകരും മറ്റു ബന്ധപ്പെട്ടവരും കൊടുത്തേതീരൂ.

ഇവരുടെ മാതാപിതാക്കന്മാർ ഇക്കാര്യം ഗൗരവമായി എടുക്കും എന്നു തന്നെയാണ് പ്രതീക്ഷ.

കടപ്പാട്: – ഫാ. സൈമൺ

Sr.Soniya Kuruvila Mathirappallil

Share News