
ന്യായീകരണ തൊഴിലാളികള്‍?!
ഒരു മറയും ഇല്ലാതെ തന്‍റെ രാഷ്ട്രീയപ്രസ്ഥാനത്തെയും നേതാക്കളെയും ന്യായീകരിക്കുന്നവരെയാണ് ന്യായീകരണതൊഴിലാളികള്‍ എന്ന് വിവക്ഷിക്കുന്നത്.
ഏതുവിധത്തിലുള്ള ന്യായവാദങ്ങളും ഉയര്‍ത്തുവാനും
ആരോപണങ്ങള്‍ ഉന്നയിക്കാനും അതിനെ സാധൂകരിക്കാനും ഒരു മന:സ്താപവുമില്ലാതെയും കരുണയില്ലാതെയും ഇക്കൂട്ടര്‍ക്കു കഴിയുന്നു. നയിക്കുന്നവര്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് വരുത്തി തീര്‍ക്കാനുള്ള ന്യായീകരണവാദിക ളുടെ ശ്രമം സാമൂഹികതിന്മയാണ്. സത്യം തുറന്നുപറയലാണ് ഏറ്റവും വലിയ വിപ്ലവം. അതിന് അനന്യസാധാരണ മായ മനക്കരുത്ത് വേണം. സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി “സത്യഗ്രഹ”ത്തെ ഒരു സമരമാര്‍ഗമായി അവതരിപ്പിച്ചത്. സത്യഗ്രഹമെന്നാല്‍ സത്യം ജനത്തെ ഗ്രഹിപ്പിക്കല്‍. സത്യം ബോധ്യപ്പെടുന്ന ജനം സത്യത്തോടൊപ്പം നിലകൊള്ളും. അങ്ങനെയാണ് സത്യഗ്രഹസമരം വിജയിക്കുന്നത്. “സത്യമേവ ജയതേ” എന്ന മുദ്രാവാക്യം നാം സ്വീകരിക്കാന്‍ കാരണം സത്യത്തിനാണ് അത്യന്തികമായ വിജയം എന്നുള്ളതിനാ ലാണ്. സത്യം ഒരുനാള്‍ മറ നീക്കി പുറത്തുവരും എന്ന് എല്ലാവരും വിശ്വസിക്കുന്നു. ന്യായീകരണങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത് സത്യത്തെ മൂടിവയ്ക്കാനും പുകമറ സൃഷ്ടിച്ച് ജനത്തെ സംശയനിഴലില്‍ കൊണ്ടെത്തിക്കുവാനുമാണ്.

മുല്ല നസുറുദ്ദീന്‍റെ ഒരു കഥയുണ്ട്. മുല്ല നസുറുദ്ദീന്‍ താന്‍ മരിച്ചുവെന്ന് എപ്പോഴും പറയും. ഒരുദിവസം ഭാര്യ അദ്ദേഹത്തെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയി. ഡോക്ടര്‍ വേറൊരുളുടെ കയ്യില്‍ സൂചികൊണ്ട് കുത്തി. രക്തം വന്നു. മുല്ല പറഞ്ഞു; ഇയാള്‍ മരിച്ചിട്ടില്ല. ഇപ്പോള്‍ കാര്യം മനസ്സിലായില്ലേ എന്ന് ചോദിച്ച് ഡോക്ടര്‍ മുല്ലയുടെ വിരലില്‍ മൊട്ടുസൂചികൊണ്ട് കുത്തി. രക്തം വന്നപ്പോള്‍ ഡോക്ടര്‍ ചോദിച്ചു. ഇപ്പോള്‍ മനസ്സിലായില്ലേ താങ്കളും മരിച്ചിട്ടില്ലെന്ന്. അപ്പോള്‍ മുല്ല പറഞ്ഞു; ഇപ്പോള്‍ മനസ്സിലായി മരിച്ചയാളുടെ കയ്യില്‍ നിന്നും രക്തം ഒഴുകുമെന്ന്. എന്ത് പറയാന്‍?. ഇതാണ് ന്യായീകരണ തൊഴിലാളികളുടെ വാദമുഖം. യാഥാര്‍ത്ഥ്യങ്ങളോട് പെരുത്തപ്പെടാത്തവരെ “മരിച്ചവര്‍” എന്ന് വിളിക്കേണ്ടിവരും. സത്യത്തെ നിഷേധിച്ച് തങ്ങള്‍ സൃഷ്ടിക്കുന്ന ഭാവനാലോകത്തിന്‍റെ സൃഷ്ടാക്കളാകുന്ന ന്യായീകരണ തൊഴിലാളികളും ഒരര്‍ത്ഥത്തില്‍ “മരിച്ചവര്‍” തന്നെ. സ്വന്തം സത്യബോധം പണയം വച്ച് ഒരിനം “തത്തമ്മേ പൂച്ച, പൂച്ച” എന്ന് ആവര്‍ത്തിക്കുകയാണവര്‍. ടിവി ചര്‍ച്ചകളില്‍ ഉരുളക്കിഴങ്ങ് വായിലിട്ടപോലെ “ബ ബ്ബ ബ്ബ” കളിക്കുകയാണ് പലരും. അവരുടെ ശരീരപ്രകടനങ്ങളില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പറയുന്നത് ശുദ്ധനുണയും അസംബന്ധവുമെന്ന് തിരിച്ചറിയാനാകും. പലരും “അരിയെത്ര” എന്നതിന് “പയര്‍ അഞ്ഞാഴി” എന്നാണ് മറുപടി പറയുന്നത്. ചിലര്‍ പ്രകോപിപ്പിച്ചും തടസ്സവാദങ്ങള്‍ ഉന്നയിച്ചും ഉത്തരം പറയാതെയും പറയിപ്പിക്കാ തെയും സമയം കളയുന്നു. ചിലര്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നു. ഇറങ്ങിപ്പോകുന്നു. ഒരിനം കോമാളി വേഷങ്ങള്‍.

ന്യായീകരണ വാദികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ന്യായീകരണ “ക്യാപ്സ്യൂള്‍” നല്‍കുന്നു എന്നതും ഒരേ നുണ പലര്‍ ആവര്‍ത്തിക്കുന്നു എന്നതും ഒരു ഗീബല്‍സിയന്‍ തന്ത്രമാണ്. വ്യാജ ആരോപണങ്ങള്‍, വ്യാജ തെളിവുകള്‍, വ്യാജ രേഖകള്‍ തയ്യാറാക്കല്‍, നിരന്തരം ഗൂഢപ്രവൃത്തികള്‍ ചെയ്യാന്‍ ഒരു സംഘത്തെ നിയോഗിക്കല്‍ തുടങ്ങിയ കുതന്ത്രങ്ങള്‍ സത്യത്തെ നിഗ്രഹിക്കലാണ്. കാടടച്ച് വെടിവയ്ക്കുന്ന ഇക്കൂട്ടര്‍ പലപ്പോഴും ആദര്‍ശത്തി ന്‍റെയും സത്യത്തിന്‍റെയും മേലങ്കി ധരിച്ചാണ് പ്രത്യക്ഷപ്പെടുക. നീതി, നീതി എന്ന് നിരന്തരം പറയും. ആട്ടിന്‍തോല ണിഞ്ഞ ഇക്കൂട്ടര്‍ പരസ്പരവിശ്വാസം നഷ്ടപ്പെട്ട് സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യും. എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; “വിമര്‍ശനം നല്ല ഒരു ഗുരുവാണ്. അതില്‍നിന്ന് പഠിക്കാന്‍ നാം സന്നദ്ധമാ ണെങ്കില്‍”. സ്വയം വിലയിരുത്താനും തിരുത്താനും വിമര്‍ശനംവഴി സാധിക്കും. വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്നു നോക്കുന്നത് നമുക്ക് നേര്‍വഴി തിരിച്ചറിയാന്‍ അവസരം നല്‍കും. സത്യത്തെ കണ്ടെത്താനാകണം വിമര്‍ശനം. ഭാരതീയ ദര്‍ശനത്തിലും സംസ്കാരത്തിലും സത്യത്തിന് വലിയ സ്ഥാനം നല്‍കിയിട്ടുണ്ട്. സത്യമാണ്, സത്യസ്വരൂപ നാണ് ഈശ്വരന്‍ എന്ന് മതസിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നു. ഭരണകര്‍ത്താക്കള്‍ സത്യത്താല്‍ സംരക്ഷിക്കപ്പെടുന്നു വെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. സത്യനിഷ്ഠയാണ് നേതാക്കള്‍ക്കുവേണ്ട പ്രധാന ഗുണസവിശേഷത. സത്യം പോയാല്‍ സര്‍വം പോയി.

സ്തുതിപാഠകരെയാണ് പലരും ഇഷ്ടപ്പെടുക അവര്‍ ഒരിക്കലും “രാജാവ് നഗ്നനാണെന്ന്” പറയില്ല. സത്യം മനസ്സിലാക്കാന്‍ കഴിയാതെ നേതാവ് ഒരുനാള്‍ വീണുപോകും. സൃഷ്ടിപരവിമര്‍ശനമാണ് എപ്പോഴും ഗുണകരം. “കാക്കവായിലും പൊന്നിരിക്കും”. എന്ന നാടന്‍ ചൊല്ല് ആരുടെയും അഭിപ്രായത്തെ അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതെന്നും കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും നമുക്ക് കഴിയണമെന്നും നമ്മെ പഠിപ്പിക്കുന്നു. സ്വയം വിലയിരുത്താനും തിരുത്താനും നേതാക്കള്‍ക്കും പ്രസ്ഥാനത്തിനും കഴിയണം. കാലം ഏറെ കഴിഞ്ഞ് “ഞങ്ങള്‍ക്കു തെറ്റുപറ്റി” എന്ന് പറഞ്ഞിട്ടെന്തുകാര്യം.
അനുസരണം അടിമത്തമല്ല; വിധേയത്വം ദാസ്യവൃത്തി യുമല്ല. അനുസരണം നല്ലതാണ്. അടിമത്തം അപകടകരവും. തെറ്റ് പറ്റുന്നതിനേക്കാള്‍ വലിയ തെറ്റ്, ആ തെറ്റിനെ മഹത്വപ്പെടുത്തുവാനോ പുതിയ ശരിയായി അവതരിപ്പിക്കാനോ ഉള്ള ശ്രമമാണ്. ന്യായീകരണ തൊഴിലാളികള്‍ ഇത് മനസ്സിലാക്കുക. സ്വന്തം തലച്ചോറ് പണയപ്പെടുത്താതിരിക്കുക. പുനര്‍വിചിന്തനങ്ങള്‍ക്കും തിരുത്തലുകള്‍ക്കും സൗമനസ്യത്തിനും ഇടം കൊടുക്കാത്ത രാഷ്ട്രീയംകൊണ്ട് ഒരു പ്രയോജനവുമില്ല. സ്വന്തം തെറ്റുകളെ മറ്റുള്ളവര്‍ പുകഴ്ത്തിപ്പാടുമ്പോഴും അവ തെറ്റാണെന്ന് സ്വയം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് നേതൃത്വം എന്ന് നേതാക്കളും തിരിച്ചറിയുക.

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS
8075789768