
കാഴ്ചയുള്ള അന്ധൻ
ഏതാനും നാളുകൾക്കു മുമ്പ് കണ്ടഒരു പത്രവാർത്ത:”മൊബൈൽ ഫോൺ വിളിച്ചുകൊണ്ടിരിക്കെ ടെറസിനു മുകളിൽ നിന്ന് വീണ് മരിച്ചു.”
കൂടാതെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മരിച്ച വ്യക്തിയും ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ച വ്യക്തിയും, മൊബൈൽഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയുമുണ്ട് ഇതുപോലുള്ള ഒരുപാടനുഭവങ്ങൾ
വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പുറം കാഴ്ചകൾക്ക് മുഖം കൊടുക്കാതെ ഫോണിൽ നോക്കിയിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലെ?
മൊബൈൽ ഫോണിൻ്റെ ആകർഷണത്തിൽ എത്രയെത്ര യുവജനങ്ങളാണ് ജന്മം നൽകിയ മാതാപിതാക്കളേയും വീടിനേയും ഉപേക്ഷിച്ച് കടന്നുപോയത്? ചില കുടുംബ ബന്ധങ്ങൾപോലും തകർന്നില്ലാതായത് ഫോണിൻ്റെ അമിതാസക്തി മൂലമായിരുന്നു
ഏറെ സങ്കടകരമായ് തോന്നിയത് കാസർകോഡ് നടന്ന സംഭവമാണ്: സമൂഹമാധ്യങ്ങളിൽ പരിചയപ്പെട്ട അജ്ഞാതയായ ഒരു പെൺകുട്ടിക്ക് വേണ്ടി സ്വന്തം സഹോദരിയെ വിഷം കൊടുത്ത് കൊന്ന വാർത്ത നമ്മുടെ മിഴികളെ ഇപ്പോഴും ഈറനണിയിക്കുന്നതല്ലെ?
ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ ധാരാളം പേർ പല ഓൺലൈൻ ചൂതാട്ടങ്ങളിൽ പെട്ട് വൻ സാമ്പത്തിക നഷ്ടം വരുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ കാലഘട്ടത്തിൽ മൊബൈൽ ഫോൺ ഉപയോഗം ഒറ്റയടിക്ക് നിറുത്തണമെന്നല്ല പറയുന്നത്. മറിച്ച്, അമിതമായ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഫോൺഅടിമത്തത്തിലേക്ക് നയിക്കപ്പെടാൻ സാധ്യതയുണ്ടെന്നത് മറക്കരുത്.
വീട്ടിലെത്തുന്ന അതിഥികളെ മാനിക്കാത്തവരും ഫോണിൽ മാത്രം മുഴുകി കഴിയുന്നവരും തൊട്ടടുത്ത മുറിയിലെ പ്രിയപ്പെട്ടവരോടു പോലും ചാറ്റിലൂടെ മാത്രം ആശയവിനിമയം നടത്തുന്നവരും ‘ഫോൺമാനിയ’ ബാധിച്ചു എന്നകാര്യം തീർച്ചയാണ്
ക്രിസ്തുവിൻ്റെ ഈ വാക്കുകൾ നമുക്ക് നൽകുന്ന സൂചന മറക്കാതിരിക്കാം:”…അവര് കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല”(മത്തായി 13:13).
ചില കാര്യങ്ങളിൽ അമിതശ്രദ്ധ ചെലുത്തുമ്പോൾ പലതും കാണാനും കേൾക്കാനും ഗ്രഹിക്കാനും നമ്മൾ മറന്നുപോകുമെന്നുള്ളത് ഉറപ്പാണ്.

ഫാദർ ജെൻസൺ ലാസലെറ്റ്ഡി
സംബർ 4-2020.