![](https://nammudenaadu.com/wp-content/uploads/2019/06/constantinopole.jpg)
കോണ്‍സ്റ്റന്റിനോപ്പിളിന്റെയും പൌരസ്ത്യ ക്രൈസ്തവ സംസ്കാരത്തിന്റെയും പതനം
റിപ്പബ്ലിക്ക് ഓഫ് തുര്‍ക്കി എന്ന രാജ്യം മുഖ്യമായും ഏഷ്യയിലും ഒരു ഭാഗം യൂറോപ്പിലും ആയി സ്ഥിതിചെയ്യുന്നു. ഉദ്ദേശം മൂന്നു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും ( നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനം പോലെ ) എട്ടു കോടി ജനസംഖ്യയും ഉള്ള ഈ രാജ്യം പുരാതന കാലം മുതല്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഓദ്യോഗികമായി ഇസ്ലാമിക റിപ്പബ്ലിക്ക് എന്ന് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ജനസംഖ്യയിലെ 99 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്.
ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പല കേന്ദ്രങ്ങളും, ഉദാ : അന്തിയോക്യ, എഫേസൂസ്, വെളിപാട് ഗ്രനഥത്തില്‍ പറയുന്ന ഫിലാഡല്‍ഫിയ, സാര്‍ഡിസ്, ലാവോദിക്ൃയ, സ്മിര്‍ന, മുതലായവ എല്ലാം തന്നെ തുര്‍ക്കിയിലാണ്. എന്നാല്‍ ഇപ്പോള്‍ ക്രൈസ്തവരുടെ എണ്ണം, ഉദ്ദേശം രണ്ടു ലക്ഷം, ഏറിയാല്‍ മൂന്ന് ലക്ഷം മാത്രം.
പുരാതന ക്രൈസ്തവ നഗരമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ മുമ്പ് തുര്‍ക്കിയുടെ തലസ്ഥാനമായിരുന്നു. ആ നഗരത്തിനു സഭാ ചരിത്രത്തില്‍ പ്രധാനമായ ഒരു സ്ഥാനമുണ്ട്, അതിന്റെ ചരിത്രം ഒരു നിമിഷം പരിശോധിക്കുന്നത് നല്ലതാണെന്നു തോന്നുന്നു.
![](https://nammudenaadu.com/wp-content/uploads/2020/06/eae8d0518ec27a0411480e1ed7444f9a-1024x593.jpg)
എ.ഡി. 1453 മെയ് മാസം, ക്രൈസ്തവ സഭാ ചരിത്രത്തില്‍ മറക്കാനാവാത്ത വിധം നിര്‍ണായകമാണ്. മെയ് 29 — ആം തീയതിയാണ് ആ നഗരം തുര്‍ക്കി സൈന്യം കീഴടക്കിയത്. മഹാനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ എ.ഡി. 330 ഇല്‍ സ്ഥാപിതമായ ഈ നഗരം പിന്നീട് പാരസ്ത്യ റോമാ സാമ്രാജ്യത്തിന്റെയും ബൈസാന്റിന് സംസ്കാരത്തിന്റെയും ആസ്ഥാനമായിത്തീര്‍ന്നു. പുരാതന കാലത്തെ വന്‍ ശക്തിയായിരുന്ന റോമാ സാമ്രാജ്യം ഭരണപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ എ.ഡി. 395 ഇല്‍ രണ്ടായി വിഭജിക്കപ്പെട്ടു. റോമാ നഗരം ആസ്ഥാനമായ പാശ്ചാത്യ വിഭാഗവും കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായ പൌരസ്ത്യ വിഭാഗവും.
അഞ്ചാം നൂറ്റാണ്ടില്‍ വടക്കുനിന്നെത്തിയ ജര്‍മന്‍ വംശജര്‍ റോമന്‍ സൈനിക ശക്തിയെ തകര്‍ത്തു,
എന്നാല്‍ പൌരസ്ത്യ റോമാ സാമ്രാജ്യം ഏതാണ്ട് ആയിരം വര്‍ഷത്തോളം തുടര്‍ന്നും നിലനിന്നു. ലാറ്റിന്‍ ആരാധന ക്രമം സ്വീകരിച്ച കത്തോലിക്കാ സഭയുടെ ആസ്ഥാനമായി റോം
നിലകൊണ്ടപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെയും പൌരസ്ത്യ ആരാധന ക്രമത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമായിതീര്‍ന്നു.
7 — ആം നൂറ്റാണ്ടില്‍ ഇസ്ലാമിക സൈനിക ശക്തികളുടെ മുന്നേറ്റത്തില്‍, പലസ്തിന, ഈജിപ്ത്, സിറിയ, മുതലായവജയെല്ലാം പൌരസ്ത്യ റോമാ സാമ്രാജ്യത്തിനു നഷ്ടപ്പെട്ടു. ആദിമ ക്രൈസ്തവ സഭകളുടെ ശക്തികേന്ദ്രങ്ങളായിരുന്ന അലക്സാണ്ര്രിയ, ഡമാസ്ക്സ്, അന്തിയോഖ്യ, കാര്‍ത്തേജ്, മുതലായ നഗരങ്ങളെല്ലാം, മുസ്ലിം ഭരണത്തിന് കീഴിലായി.
11 — ആം നൂറ്റാണ്ടില്‍ തുര്‍ക്കികള്‍ പൌരസ്ത്യ റോമാ സാമ്രാജ്യത്തില്‍ പെട്ടതും, ഏഷ്യ മൈനര്‍ അഥവാ അനറ്റോളിയ എന്ന് അറിയപ്പെട്ടിരുന്നതുമായ ( ആധുനിക തുര്‍ക്കി ) വിസ്തൃതമായ ഭൂ പ്രദേശം മുഴുവനും കീഴ്പെടുത്തി. പക്ഷെ
സുശക്തമായ കോട്ടകളാല്‍സംരക്ഷിക്കപ്പെട്ടിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം എല്ലാ ആക്രമണങ്ങളെയും
ചെറുത്തുനിന്നു. അതിന്റെ പ്രതിരോധ മതിലുകളെ തകര്‍ക്കുവാന്‍, സുല്‍ത്താന്‍ മഹമൂദ്, ഹംഗറികാരനായ ഒരു എന്‍ജിനീയറുടെ സഹായത്തോടെ ഒരു ” സൂപ്പര്‍ ” പീരങ്കി നിര്‍മിച്ചു. കൂടാതെ, നഗര
പ്രമാണികളില്‍ ചിലരെ പണം കൊടുത്തു വശത്താക്കി കോട്ടവാതിലുകള്‍ തുറന്നിടുവാന്‍ ഏര്‍പ്പാട് ചെയ്തതായും
പറയപ്പെടുന്നു. എന്തായാലും 1453 — ലെ മെയ് മാസം 29 –ആം തീയതി ആ സുരക്ഷിത നഗരവും കീഴടക്കി ക്രൈസ്തവരുടെ അവസാന സൈനിക ശക്തിയെയും തകര്‍ത്തു, തുര്‍ക്കി സൈന്യം നഗരത്തില്‍
പ്രവേശിച്ചു. സുപ്രസിദ്ധമായ ഹാഗിയ സോഫിയ ( പരിശുദ്ധ ജ്ഞാനം എന്നാണ് അര്‍ഥം) കത്തീഡ്രല്‍ ഉള്‍പ്പടെ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രമുഖ ദേവാലയങ്ങളെല്ലാം
മസ്ജിദുകളാക്കി മാറ്റി. അക്കാലത്തു റോമിലെ മാര്‍പാപ്പയായിരുന്ന നിക്കോളാസ് V , പഈരസ്ത്യയ സഭകളെ സഹായിക്കുന്നതിനായി സൈന്യത്തെ അയക്കുവാന്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി മുതലായ രാജ്യങ്ങള്‍ മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ചില്ല. വെനീസ്, നേപ്പിള്‍സ്, ജെനോവ, മുതലായ ഇറ്റാലിയന്‍ രാജ്യങ്ങള്‍ മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം പടക്കപ്പലുകള്‍ അയച്ചുവെങ്കിലും വൈകിപ്പോയിരുന്നു, അവര്‍ എത്തുന്നതിനു മുമ്പ് തുര്‍ക്കി സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം കീഴടക്കിയിരുന്നു. കത്തോലിക്കാ സഭയെയും മാര്‍പാപ്പയുടെ അധികാരത്തെയും വെറുത്തിരുന്ന ഗെന്നഡിയുസ് എന്ന ബിഷപ്പിനെ
ഗ്രീക്ക് ഓര്‍ത്തഡോക്കസ് സഭയുടെ പാത്രിയര്കീസായി സുല്‍ത്താന്‍ മെഹമൂദ് അവരോധിച്ചു. ഈ നടപടിയിലൂടെ കത്തോലിക്ക സഭയും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ഭിന്നത ശക്തമായി നിലനിര്‍ത്തുവാന്‍ സുല്‍ത്താന് കഴിഞ്ഞു, ഒരു നയതന്ത്ര വിജയം !
കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ പേര് ഇരുപതാം നൂറ്റാണ്ടു വരെ തുര്‍ക്കികള്‍ മാറ്റിയില്ല. മുസ്തഫ കമാല്‍ പാഷ എന്ന ആധുനിക
തുര്‍ക്കിയുടെ ഭരണാധികാരിയാണ്, 1930 — ഇല്‍ നഗരത്തിന്റെ പേര്
ഇസ്താന്‍ബുള്‍ എന്നാക്കി മാറ്റിയത്. തലസ്ഥാനം അങ്കാറ എന്ന നഗരത്തിലേക്ക് അദ്ദേഹം മാറ്റുകയും ചെയ്തു.
കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ പതനം സംഭവിച്ചിട്ടു 567 വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും, അത് ക്രൈസ്തവ സഭാ ചരിത്രത്തില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല.
![](https://nammudenaadu.com/wp-content/uploads/2020/06/republic-of-turkey-1024x513.jpg)
1923 — ഇല്‍ രാജ ഭരണം അവസാനിക്കുകയും, മുസ്തഫ കെമാല്‍ പാഷ എന്ന നേതാവ് അധികാരത്തില്‍ എത്തുകയും ചെയ്തു. പിന്നീട് ജനാധിപത്യ രീതിയിലുള്ള ഭരണമാണ് നടക്കുന്നത്. 2003 — മുതല്‍ തയ്യിപ് എര്‍ദോഗാന്‍ എന്ന നേതാവാണ് ഭരിക്കുന്നത്, 2014 വരെ പ്രധാന മന്ത്രിയായി, പിന്നീട് ഇപ്പോഴും പ്രസിഡന്‍റ് ആയി. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുവാനുള്ള തുര്‍ക്കിയുടെ ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചിട്ടില്ല.
എഡ്വിന്‍ ജൂഡിനൊപ്പം, ഡോ. സിബി മാത്യൂസ്