അവൾ മരിക്കും മുൻപ് ഇങ്ങനെ എഴുതിയിരുന്നു പോലും, ” നീ ഇത് അതിജീവിക്കുകയാണെങ്കിൽ അറിയണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്ന്”|…ഒരമ്മയുടെ സ്നേഹം….

Share News

ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി.

ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ് കുറച്ചു വിചിത്രമായ രീതിയിലായിരുന്നു, പ്രാർത്ഥിക്കാൻ വേണ്ടി മുട്ടുകുത്തി നിൽക്കുമ്പോൾ എല്ലാം കൂടെ അവളുടെ ദേഹത്തേക്ക് വീണത് പോലെയാണ് അവൾ മുട്ടുകുത്തി കുനിഞ്ഞു സാഷ്ടാംഗപ്രണാമം ചെയ്യുന്ന മട്ടിൽ കിടക്കുന്നത്. അവൾക്കു മീതെ തകർന്നു വീണ ഭവനം അവളുടെ നടുവും തലയും തകർത്തു.

People and emergency teams rescue a person on a stretcher from a collapsed building in Adana, Turkey, Monday, Feb. 6, 2023. A powerful quake has knocked down multiple buildings in southeast Turkey and Syria and many casualties are feared. (AP/PTI)(AP02_06_2023_000073B)

വളരെ ബുദ്ധിമുട്ടി രക്ഷാപ്രവർത്തനസംഘത്തിന്റെ ലീഡർ ചുവട്ടിലെ ചെറിയ പൊട്ടലിനിടയിലൂടെ കയ്യിട്ട് അവളെ തൊട്ടു നോക്കി ജീവന്റെ തുടിപ്പ് പ്രതീക്ഷിച്ചുകൊണ്ട്. പക്ഷേ അവളുടെ തണുത്തു മരവിച്ച ശരീരം ആ പ്രതീക്ഷകൾ അസ്ഥാനത്താക്കി.

അവർ അവിടെ നിന്ന് പോകാൻ ഉദ്യമിച്ചു.എന്തോ, അയാൾക്ക് ആ വീടിനുള്ളിലേക്ക് പോയി നോക്കാൻ ഒരു ഉൾവിളിയുണ്ടായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ തിരയാൻ തുടങ്ങി.പെട്ടെന്ന് അയാൾ അലറിവിളിച്ചു,

” ഒരു കുട്ടി!! ഇവിടെ ഒരു കുട്ടിയുണ്ട് ”. എല്ലാവരും അങ്ങോട്ട് ഓടി വന്നു.ആ സ്ത്രീയുടെ ശവശരീരത്തിന് താഴെ, പുതപ്പിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ്!! ആ സ്ത്രീ തന്റെ മകനെങ്കിലും രക്ഷപ്പെടാനായി തന്റെ ശരീരത്തിന് താഴെ അവനെ വച്ച് അവനെ പൊതിഞ്ഞു സംരക്ഷിച്ചു. രക്ഷാപ്രവർത്തകർ എടുക്കുമ്പോൾ കുഞ്ഞ് ഉറങ്ങുകയായിരുന്നു.

ഡോക്ടർമാർ കുഞ്ഞിനെ എടുത്തപ്പോൾ പുതപ്പിൽ നിന്ന് ഒരു മൊബൈൽ കിട്ടി. അതിന്റെ സ്കീനിൽ അവൾ മരിക്കും മുൻപ് ഇങ്ങനെ എഴുതിയിരുന്നു പോലും,

” നീ ഇത് അതിജീവിക്കുകയാണെങ്കിൽ അറിയണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്ന്”.

..ഒരമ്മയുടെ സ്നേഹം….

ഒരു വോട്സ് ആപ്പ് പോസ്റ്റ്‌ കണ്ടത് വിവർത്തനം ചെയ്തതാണ്.

ഭൂകമ്പം തകർത്ത രണ്ട് രാജ്യങ്ങളിലും നിന്ന് കരളലിയിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മരണസംഖ്യ 55000 കടക്കുമെന്ന് പറയുന്നു. കുറച്ചു സമയം കൊണ്ട് എത്രയോ ജീവൻ നഷ്ടപ്പെട്ടു…ജീവൻ പോകാതെ അവശിഷ്ടങ്ങൾക്കിടയിൽ ദിവസങ്ങളോളം കുടുങ്ങിക്കിടക്കുന്നവർ… ജീവൻ തിരിച്ചുകിട്ടിയെങ്കിലും ബാക്കിയെല്ലാം നഷ്ടപ്പെട്ട് ജീവഛവങ്ങളായി ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർ … ഉറ്റവരും ഉടയവരും മരിച്ച് അനാഥരായ കുഞ്ഞുങ്ങൾ…അവരുടെ മാതാപിതാക്കൾ ഓമനിച്ച് ഇട്ട പേരുപോലും അറിയാത്ത വിധം ഈ ഭൂമിയിൽ അവരെ ബാക്കിയാക്കി അവരുടെ പ്രിയപ്പെട്ടവർ യാത്രയായി…കുറച്ചു നേരം അവിടത്തെ ദൃശ്യങ്ങൾ കണ്ടാൽ, വാർത്തകൾ കേട്ടാൽ.. നമ്മുടെ ഈഗോയും അത്യാഗ്രഹവും സ്വാർത്ഥതയും എല്ലാം പതിയെ ഇല്ലാതെയാവും…

ജിൽസ ജോയ് ✍️

Share News