നമ്മുടെ അദ്ധ്യാപകരിൽ നല്ല അശതമാനം പേരും കുട്ടികളുടെ മന:ശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ചും, സമകാലിക വിദ്യാഭ്യാസ മാതൃകകളെക്കുറിച്ചും, വിദ്യാഭ്യാസത്തിൻ്റെ അന്താരാഷ്ട്ര നിലവാരത്തെക്കുറിച്ചും പല അബദ്ധ ജ്ഞാനം ഉള്ളവരാണ്.

Share News

ഫാ. റോബിൻ പേണ്ടാനത്ത്
സാമൂഹിക ഗവേഷകൻ

ശിക്ഷണത്തിനായി ദാഹിക്കുന്ന പുതിയ തലമുറ

പരിശീലനം, ശിക്ഷണം, പരിപോക്ഷണം, പരിലാളനം, വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കൽ തുടങ്ങിയ പദങ്ങൾ സമകാലിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നാം തുടർച്ചയായി കേൾക്കുന്ന പദങ്ങളാണ്.

കേവലം അറിവ് പകരുന്നതിനപ്പുറം വിദ്യാർത്ഥികളിൽ നടക്കുന്ന പരിണാമത്തിൻ്റെ അളവു കൂടെ കണക്കിലെടുക്കാനാണ് ഉന്നത വിദ്യാഭ്യാസം ആവശ്യപ്പെടുന്നത്. അതിന് ഉപയുക്തമായ പാഠ്യ പദ്ധതിയിലേയ്ക്കാണ് അടുത്ത കാലത്തെ ഓരോ ഭേദപ്പെടുത്തലുകളും വിരൽ ചൂണ്ടുന്നത്.

സമൂഹത്തിൽ ദിനംപ്രതി ഉണ്ടാകുന്ന മാറ്റം, മൂല്യങ്ങളുടെ തകിടം മറിച്ചിൽ, ഉപഭോഗ സംസ്കാരത്തിൻ്റെ ബാക്കി പത്രങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ കച്ചവട വൽക്കരണം, ചൂക്ഷണങ്ങൾ, മത്സരങ്ങൾ എന്നിവയെല്ലാം അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുസമൂഹവും നിരന്തരം നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്. പല ഗൗരവമായ തെറ്റുകളെയും കണ്ടിട്ടും കണ്ണടയ്ക്കേണ്ട സാഹചര്യങ്ങളിലൂടെയാണ് ആത്മാർത്ഥതയുള്ള പല അദ്ധ്യാപക സുഹൃത്തുക്കളും കടന്നു പോകുന്നത്. ഇവയെക്കല്ലാം ഇടയിലൂടെ നടത്തപ്പെടുന്ന ഒരു സർക്കസ്സായി നമ്മുടെ വിദ്യാഭ്യാസം മരുന്നുവോ എന്ന് സംശയിക്കണം.

നാളെയുടെ വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്ധ്യാർത്ഥികളെ പരിശീലിപ്പിച്ചെടുക്കുക എന്നത് മാതാപിതാക്കളും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുസംവിധാനങ്ങളും ചേർന്ന് കൂട്ടുത്തരവാദിത്വത്തോടെ നിർവ്വഹിക്കേണ്ട ഒരു സമസ്യയാണ്. ഏതെങ്കിലുമൊന്നിൽ പാളിച്ച വന്നാൽ മൊത്തം സംവിധമാണ് തകരുന്നത്.

സമകാലികമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്വപൂർണ്ണമായ ശിക്ഷണം എന്താണ് എന്ന് ഈ ലേഖനത്തിലൂടെ പറയാൻ ശ്രമിക്കുന്നു.

ശിക്ഷണം ഒരു ചികിത്സയാണ്.

ഒരു ഡോക്ടർ രോഗിയെ ചികിത്സിക്കുന്ന കരുതലോടും ശ്രദ്ധയോടും കൂടെ വേണം ശിക്ഷണം നടത്താൻ. വിവിധതരം രോഗങ്ങൾക്ക് പലവിധ ചികിത്സാ രീതികൾ ഉള്ളതുപോലെ ഓരോ തരം ശിക്ഷണത്തിനും പ്രത്യേകം പ്രത്യേകം രീതികൾ അവലംബിക്കേണ്ടതുണ്ട്. പരിശോധന, വസ്തുതകളുടെ വിലയിരുത്തൽ, ശിക്ഷണത്തിൻ്റെ രൂപരേഖ തയ്യാറാക്കൽ, ഇടപെടൽ, വിലയിരുത്തൽ, തുടർ നടപടികൾ എന്നീ വിവിധ നിലകളിലൂടെ കടന്നു പോകുമ്പോൾ മാത്രമാണ് ശിക്ഷണം ശരിയായ ലക്ഷ്യം നേടിയെടുക്കുന്നത്.

ശിക്ഷണം നടത്താൻ ചുമതലപ്പെട്ട ആളുകൾക്ക് ഇവയെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. സമയക്കുറവു കൊണ്ടോ, തിരക്കുകൾ കൊണ്ടോ ഇവയിൽ വെള്ളം ചേർക്കാനോ, കാലതാമസം വരുത്താനോ പാടുള്ളതല്ല. ശിക്ഷണം നടത്തുന്ന ആളിൻ്റെ ഉത്തരവാദിത്യത്തിൽ ആയിരിക്കണം ശിക്ഷണത്തിലൂടെ കടന്നുപോകുന്ന വ്യക്തികൾ ഓരോ നിലകളും കടന്നു പോകേണ്ടത്. പരസ്പര ധാരണയോടെ, തികഞ്ഞ ആത്മാർത്ഥതയോടെ സുതാര്യമായി വേണം ഇവ നിർവ്വഹിക്കപ്പെടാൻ.

ശിക്ഷണത്തിൻ്റെ ആദ്യപടി തെറ്റ് ചെയ്ത വ്യക്തിയെ അവ ഉൾക്കൊള്ളാൻ സഹായിക്കുക എന്നതാണ്. തികച്ചും വ്യക്തിഗതമായി നടത്തപ്പെടേണ്ട ഒരു പ്രക്രിയയാണ് ഇത്. വ്യക്തികളുടെ സാമൂഹികവും സാംസ്കാരികവും വൈകാരികവും ബൗദ്ധികവുമായ നിലവാരങ്ങൾ പരിഗണിച്ചു മാത്രമേ ഇത് സാധ്യമാകൂ.

മാതാപിതാക്കളുടെ ശിക്ഷണം കുട്ടികളുടെ അവകാശം

കുട്ടികളുടെ ശിക്ഷണം നടത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വിലപ്പെട്ടതാണ്. ചെറുപ്പം മുതലേ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്ത് യാതൊരു അല്ലലും ഇല്ലാതെ വളരുന്ന കുട്ടികൾ വലുതാകുമ്പോൾ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോൾ ചെറിയ പ്രശ്നങ്ങൾക്കു മുമ്പിൽ പതറിപ്പോവുക സ്വേഭാവികമാണ്.

കായികമായും മാനസികമായും പ്രായത്തിനനുസരിച്ചുള്ള വെല്ലുവിളികളെ നേരിടാനുള്ള ശേഷിയോടെയാണ് തങ്ങളുടെ കുട്ടികൾ കടന്നു പോകുന്നത് എന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തേണ്ടതാണ്. അതിനായി സ്വോഭാവികമോ അസ്വോഭാവികമോ ആയ സാഹചര്യങ്ങൾ വീടുകളിൽ തന്നെ സംജാതമാക്കേണ്ടത് ഇന്നിൻ്റെ ആവശ്യമായി മാറിയിരിക്കുന്നു.

പരാജയങ്ങളെ നേരിടാൻ, ഒറ്റപ്പെടലുകളിൽ ധീരതയോടെ പൊരുതാൻ, തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളിൽ സമചിത്തത പുലർത്താൻ, ബന്ധപ്പെട്ടവരുടെ വിയോഗങ്ങളെ ഉൾക്കൊള്ളാൻ, പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ പിടിച്ചു നിൽക്കാൻ, തെറ്റുകൾ പിടിക്കപ്പെടുമ്പോൾ അവയെ അംഗീകരിക്കാൻ എല്ലാം കുട്ടികൾ പരിശീലിക്കേണ്ടത് കുടുംബങ്ങളിൽ നിന്നുമാണ്.

അദ്ധ്യാപകരുടെ ശിക്ഷണം കുട്ടികൾ ഇന്നും ആഗ്രഹിക്കുന്നു

കലാലയങ്ങളിൽ നിന്നും കുട്ടികൾക്ക് കിട്ടുന്ന ശിക്ഷണം അവരുടെ സമഗ്രമായ വളർച്ചയെ മുന്നിൽ കണ്ടു കൊണ്ടുള്ളതായിരിക്കണം.

പ്രശ്നങ്ങളുടെ ഗൗരവം അനുസരിച്ച് ഒന്നിലധികം അദ്ധ്യാപകർ ചേർന്ന് ന്യായ വിചാരണ നടത്തുമ്പോൾ ഒരാൾ കുട്ടികളുടെ ഭാഗത്തുനിന്ന് സംസാരിക്കാൻ ഉണ്ടായിരിക്കണം.

തിരുത്തലും, തലോടലും ഒരേപോലെ നടക്കേണ്ടതാണ്. തുടക്കത്തിൽ തന്നെ മാതാപിതാക്കളുടെയോ ഉത്തരവാദിത്യപ്പെട്ടവരുടെയോ അറിവോടെ മാത്രമേ ഏതൊരു നടപടികളും ആരംഭിക്കാവൂ. വ്യക്തിപരമായ താല്പര്യങ്ങളൊന്നും ശിക്ഷണ നടപടികളിൽ കടന്നു കൂട്ടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

കുട്ടികളുടെ ഭാഗത്തുനിന്ന് ഭാവനാത്മകമായ വീക്ഷണവും (subjective) അദ്ധ്യാപകരുടെ തീരുമാനങ്ങളിൽ വസ്തുനിഷ്ഠമായ (objctive) സമീപനവുമാണ് അനുഗുണമായിട്ടുള്ളത്. ഇത്തരം ശിക്ഷണങ്ങളെ കുട്ടികൾ വിലമതിക്കുകയും സ്വീകരിക്കുകയും ചെയ്യും.

പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തോട് കരുതൽ

അന്താരാഷ്ട്ര സംഘടനകൾ, ഇന്ത്യൻ ഭരണഘടന എന്നിവ പ്രത്യേക പരിഗണ അർഹിക്കുന്ന വിഭാഗങ്ങളായി വേർതിരിച്ചിട്ടുള്ളവയാണ് കുട്ടികൾ, സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, പ്രത്യേക ഗോത്ര -വർഗ്ഗങ്ങളിൽ പെട്ടവർ തുടങ്ങിയവർ.

ഇത്തരം വിഭാഗങ്ങളിൽ ഉളളവരെ ശിക്ഷണ നടപടി കൾക്കായി സമീപിക്കുമ്പോൾ പ്രത്യേക കരുതലും, സാമാന്യബുദ്ധിയും പ്രയോജനപ്പെടുത്തേണ്ടതാണ്. എല്ലാവർക്കും തുല്യ നിധിയെന്ന കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ ഇനിയെങ്കിലും ഉപേക്ഷിച്ചേ മതിയാകൂ.

പ്രത്യേക സാഹചര്യങ്ങൾക്കൊണ്ട് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വരാൻ സാധിക്കാത്തവരെ ഉയർത്തിക്കൊണ്ടുവരുവാൻ അദ്ധ്യാപക സമൂഹം പ്രതിജ്ഞാബദ്ധരാകേണ്ടതാണ്.

ഇത്തരം വിഭാഗങ്ങളോട് കലാലയ അന്തരീക്ഷം കാണിക്കുന്ന ക്രൂരത സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നവയാണ്. ക്ലാസ്സിൽ ഒറ്റപ്പെടുമോ എന്ന് വിചാരിച്ച് വീർപ്പുമുട്ടിക്കഴിയുന്നവരുടെ എത്രയോ അനുഭവങ്ങൽ നമുക്ക് മുൻപിലുണ്ട്‌. ഉത്തരക്കാരെ പരിരക്ഷിക്കുക, പരിപാലിക്കുക, അവസരങ്ങൾ നൽകുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കാരണം ഇവർ ഒരു കുടുംബത്തിൻ്റെ മക്കളല്ല, മറിച്ച് സമൂഹത്തിൻ്റെ മുഴുവൻ മക്കളാണ്.

തെറ്റ് ചെയ്തവരെ ചേർത്തു നിർത്തിക്കൊണ്ട്, തെറ്റിനെ വെറുക്കുക

തെറ്റിനെയും തെറ്റുകാരനെയും രണ്ടായി കാണാനുള്ള വിശാലത ശിക്ഷണം നൽകുന്നവർക്ക് ഉണ്ടാകണം.

ജീവിത സാഹചര്യങ്ങർ, പൂർവ്വകാല അനുഭവങ്ങൾ, തെറ്റായ സൗഹൃദങ്ങൾ, സമൂഹിക സമ്മർദങ്ങൾ, വികലമായ ബോധ്യങ്ങൾ, മൂല്യം നഷ്ടപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ എന്നിവയെല്ലാമാണ് കുട്ടികളെ തെറ്റിൻ്റെ ചതിക്കുഴികളിലേക്ക് വലിച്ചടുപ്പിക്കുന്നവ.

സാഹചര്യങ്ങൾ മാറ്റിയെടുത്തു കൊണ്ടോ, സ്വയം ശക്തിയാർജിക്കാൻ സഹായിച്ചു കൊണ്ടോ തെറ്റിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ നമുക്ക് കഴിയും.

വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ ഉള്ളിൽ നടക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും പിരിമുറുക്കങ്ങളെക്കുറിച്ചും പരിശീലകർക്ക് ധാരണയുണ്ടാകണം. അല്ലാത്തപക്ഷം പലതും കൈവിട്ട അവസ്ഥയിൽ എത്താനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനകില്ല.

ഉപസംഹാരം

നൂറു കണക്കിന് സ്കൂളുകളിൽ ആയിരക്കണക്കിന് കുട്ടികളുടെ ഇടയിൽ പരിശീലനം നടത്തിയ അനുഭവത്തിൽ എനിക്ക് തോന്നിയ സത്യം നമ്മുടെ അദ്ധ്യാപകരിൽ നല്ല അശതമാനം പേരും കുട്ടികളുടെ മന:ശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ചും, സമകാലിക വിദ്യാഭ്യാസ മാതൃകകളെക്കുറിച്ചും, വിദ്യാഭ്യാസത്തിൻ്റെ അന്താരാഷ്ട്ര നിലവാരത്തെക്കുറിച്ചും പല അബദ്ധ ജ്ഞാനം ഉള്ളവരാണ്.

“തല്ലിയാൽ മാത്രമേ കട്ടികളെ നന്നാക്കാൻ കഴിയൂ, എന്ന് തല്ല് നിർത്തിയോ അന്ന് തുടങ്ങിയതാണ് ഈ പ്രശ്നങ്ങൾ “എന്ന് വിചാരിക്കുന്നവരാണ് അധികവും.

എത്രയോ പ്രാകൃതമായ ധാരണയാണ് ഇത്. ഇത് ശരിവയക്കുന്ന എത്രയോ പഠനങ്ങൾ, ഗവേഷണങ്ങൾ നമുക്ക് മുമ്പിലുണ്ട്.

ശിക്ഷ കൊടുക്കാതെ തന്നെ ശിക്ഷണത്തിൻ്റെ നൂറു കണക്കിന് മാതൃകകൾ ഉപയോഗിച്ച് സമൂഹശില്പിയുടെ ക്രിയാത്മകമായ ഉപകരണങ്ങളാകുവാൻ അദ്ധ്യാപകർക്കു കഴിയട്ടെ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു