ബ്രദർ മാരിയോ ജോസഫിന്റെ ഭാര്യ ജിജി മാരിയോയുടെ ഹ്യദയ സ്പർശിയായ എഴുത്ത്.
വ്യക്തിപരമായ അന്വേഷണത്തിലും പഠനത്തിലും എനിക്ക് ലഭിച്ച ബോദ്ധ്യത്തിൽ ഉറച്ചുനിന്ന് ഞാൻ ബ്രദർ മാരിയോ ജോസഫിനെ പിന്തുണക്കുന്നു.
ബ്രദർ മാരിയോ ജോസഫിന്റെ ഭാര്യ ജിജി മാരിയോയുടെ ഹ്യദയ സ്പർശിയായ എഴുത്ത്.
മാരിയോ ജോസഫ് എന്ന വ്യക്തിയെ ട്രോജെൻ കുതിരയെന്നും മൗദൂദിയെന്നും വിളിച്ചു ചാപ്പ കുത്തി പുറത്താക്കാൻ ശ്രമിക്കുവരുടെ പിന്നിലെ ചേതോവികാരം എന്തെന്ന് അറിയാൻ ശ്രമിക്കുന്നതിനിടയിൽ മനസ്സിൽ ഓടിയെത്തിയത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് , ” ഇവൻ ആ തച്ചന്റെ മകനല്ലേ”? എന്ന പുച്ഛത്തോടെ ഉയർന്നിരുന്ന ചോദ്യമായിരുന്നു.. സതിയും, ആയിത്തവും, മേൽക്കോയ്മയും തുടച്ചു നീക്കപ്പെട്ട ഈ കാലത്തും ഒളിഞ്ഞും തെളിഞ്ഞും ആ ചോദ്യം വീണ്ടും ഉയരുമ്പോൾ ജാതിവെറി കൊടി കുത്തിവാഴുന്നു എന്നല്ലേ വ്യക്തമാകുന്നത്. പിറന്നപ്പോഴേ മാമോദിസ വെള്ളം തലയിൽ വീണ പാരമ്പര്യക്രിസ്ത്യാനികൾ എന്ന് അഹങ്കരിക്കുന്നവർ “മൗദൂദി” എന്ന് വിളിച്ച് കുറ്റപ്പെടുത്തലിന്റെ വിഷം പുരട്ടി ക്രൂശിക്കുമ്പോഴും ഗാഗുൽത്തമലയിൽ അന്നുയർന്ന മുറവിളി ഇന്നുമുയരുന്നു..
” അവനെ ക്രൂശിക്കുക.. അവനെ ക്രൂശിക്കുക… ”
ആ മുറവിളി കുറ്റപ്പെടുത്തലിന്റെ, മറ്റൊലിയായി മനുഷ്യമനസ്സിൽ സംശയം കുത്തി നിറച്ച് ആർത്തലയ്ക്കുമ്പോൾ ഇരിപത്തിമൂന്ന് വർഷത്തിനിടയിൽ ആ മനുഷ്യൻ താണ്ടിയ കദന വഴികളെ പരിഗണിച്ചില്ലെങ്കിലും മനഃപൂർവം അവഗണിക്കരുത്…. 1997- ലെ ഒരു പകൽ വെളിച്ചത്തിൽ രക്ഷകനെ തേടിയുള്ള യാത്ര എത്തിച്ചേർന്നത് ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വിശാലമായ ലോകത്തേക്കായിരുന്നു.. ചങ്കോട് ചേർത്ത് പിടിച്ചു അറിവും സ്നേഹവും ആവോളം നൽകിയ അപ്പന് തുല്യം സ്നേഹിക്കുന്ന പനക്കലച്ചന്റെ വാത്സല്യം ഇന്നും സ്തുത്യർഹം.. വീട്ടുകാരുടെയും നാട്ടുകാരുടെയും ഭീഷണിക്കിടയിലും അദ്ദേഹം മാരിയോ ജോസെഫിനെ ചേർത്ത് പിടിച്ചിരുന്നുവെങ്കിലും ഒറ്റപ്പെടലിന്റെ വേദന പതിനെട്ടാം വയസ് മുതൽ മനസിന്റെ അടിത്തട്ടിൽ ഊറി കിടന്നിരുന്നു.. ക്രിസ്തുവിൽ ഞാൻ രക്ഷ കണ്ടെത്തി എന്ന് ഘോരം ഘോരം പ്രസംഗിക്കുമ്പോഴും പെറ്റമ്മയുടെ മുഖം ഒന്ന് കാണുവാൻ കഴിഞ്ഞിരുവെങ്കിൽ എന്ന് കൊതിച്ചിരുന്ന രാവുകൾ ഏറെ… രാത്രിയുടെ ഏതൊക്കെയോ യാമങ്ങളിൽ ‘സുലൂക്കാ ‘ എന്നുള്ള കുഞ്ഞിപ്പെങ്ങന്മാരുടെ കിളിക്കൊഞ്ചലുകൾ സ്വപ്നങ്ങളിലൂടെ ഉയർത്തെഴുന്നേൽക്കുമ്പോൾ ഉറക്കം നഷ്ട്ടപെട്ട എത്രയോ രാത്രികൾ… ജനലഴികളിലൂടെ ഊളിയിട്ടിറങ്ങുന്ന നിലാവിന്റെ കഷണത്തേയും ചേർത്ത് പിടിച്ചു ഉറങ്ങുവാൻ ശ്രമിക്കുമ്പോൾ ഏകാന്തയിൽ അദ്ദേഹത്തിന് കൂട്ടായിരുന്നത് ക്രിസ്തുവിൽ കണ്ടെത്തിയിരുന്ന ആനന്ദം മാത്രമായിരുന്നു.
അനാഥനെ പോലെ ആരുമില്ലാതെ നാഗർകോവിലുള്ള ആശുപത്രിയിൽ രണ്ടാഴ്ച അർദ്ധബോധവസ്ഥയിൽ കിടന്നപ്പോഴും അനുഭവിച്ച ഏകാന്തയുടെയും ഒറ്റപെടലിന്റെയും മുറിഞ്ഞു തൂങ്ങിയ വാക്കുകൾ പിൽക്കാലത്ത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞത് സ്വാഭാവികം.. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കീറിമുറിച്ച തൊണ്ടയുമായി കിടക്കുമ്പോൾ കാവൽ നിൽക്കാനോ, കൂട്ടിനിരിക്കാനോ ആരുമില്ലല്ലോ എന്നോർത്ത് വിഷമിച്ചിരുന്നപ്പോഴും ആശ്വാസമായിരുന്നത് ക്രിസ്തുവിനോടുള്ള സ്നേഹം അദ്ദേഹം പങ്ക് വച്ചു തുടങ്ങി എന്നതിൽ ആയിരുന്നു. വേദനയുടെയും അനാഥത്വത്തിന്റെയും നേരിപൊടിൽ അമർന്നു താൻ അനുഭവിച്ച രക്ഷകനെ പ്രഘോഷിക്കുമ്പോഴും പല ദിക്കിൽ നിന്നും ഉയർന്നു കേൾക്കാമായിരുന്നു,,, ഇവനാ തച്ചന്റെ മകനല്ലേ? എന്ന പുച്ഛത്തിലുള്ള ചോദ്യം.. ഏകാന്തതയെ മറികടക്കുവാൻ വായനയുടെയും പഠനത്തിന്റെയും ലോകത്തേക്ക് ചുവടുറപ്പിച്ചപ്പോൾ ദൈവകൃപയാൽ സ്വയത്തമാക്കിയത് ഒൻപത് ഭാഷകൾ.. ഞാൻ ഇപ്പോഴും ഓർക്കുന്നു, അദ്ദേഹത്തെ കണ്ടുമുട്ടിയ ആ സായാഹ്നം ഇന്നലെയെന്നപോലെ…..
കീറിമുറിച്ച തൊണ്ടയിൽ പച്ച മാംസം തുന്നികെട്ടിയത് ഷാൾ കൊണ്ട് മറച്ച് നടന്നു വന്നിരുന്ന അദ്ദേഹത്തെ ഒരുപാട് നേരം നോക്കി നിന്നിരുന്നു.. അന്ന് ചേർത്ത് വച്ചതാണ് എന്റെ ചങ്കോട്… തിരിഞ്ഞു നോക്കുമ്പോൾ ചങ്കോട് ചേർത്തത്തിൽ അഭിമാനവും, ആനന്ദവും.. മാരിയോ എങ്ങനെ കോടീശ്വരൻ ആയി എന്നും, മാരിയോയുടെ സാമ്പത്തിക സ്രോതസ് തിരക്കണമെന്നും ഊറ്റം കൊള്ളുന്നവർ അറിയാതെ പോയ ചിലതുണ്ട്.. “ആശുപത്രിബിൽ കെട്ടുവാൻ വഴിയില്ലാതെ ഉപയോഗിച്ചിരുന്ന വാച്ചും വാക്മാനും വിറ്റാണ് പണം കണ്ടെത്തിയത് എന്നുള്ള വസ്തുത .”… മാറിയുടുക്കുവാൻ ഒരു ജോഡി വസ്ത്രം കൊതിച്ചിരുന്ന കാലമുണ്ടായിരുന്നു എന്ന്.. നല്ല ഭക്ഷണം കഴിക്കുവാൻ അലഞ്ഞിരുന്നുവെന്ന്… സ്വന്തം അപ്പനെ ആറടി മണ്ണിലേക്ക് വയ്ക്കുന്നതിന് മുൻപ് ഒരു വട്ടം കാണുവാൻ കൊതിച്ചിരുന്നുവെന്നുള്ള യാഥാർഥ്യം.
ചുറ്റും തിരിഞ്ഞു നോക്കിയിരുന്നു, ഒരു സഹായവും എവിടെ നിന്നും കണ്ടില്ല… പരിഹാസങ്ങളുടെ കൂരമ്പുകൾ മാത്രം…. വിവാഹം കഴിക്കുമ്പോൾ ആകെയുണ്ടായിരുന്ന സാമ്പാദ്യമായ രണ്ട് ജോഡി പിഞ്ഞി തുടങ്ങിയ വസ്ത്രങ്ങളും ആയിരത്തി മുന്നൂറു രൂപയും പിടിച്ചു മുന്നോട്ട് എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലടിച്ചിരിക്കുമ്പോൾ , മാരിയോ എങ്ങനെ കോടീശ്വരൻ ആയി എന്ന് പ്രസ്താവനകൾ ഇറക്കുന്ന ആരെയും കണ്ടില്ല .. നൂറ്റിയൻപത് സ്‌ക്വായർ ഫീറ്റുള്ള ഒറ്റമുറിയിൽ രണ്ട് മക്കളെയും പ്രസവിച്ചു നിത്യ വൃത്തിക്കായി കഷ്ട്ടപെടുമ്പോൾ “മൗദൂദി “എന്ന് മുദ്ര കുത്തി സഭയെയും ഞങ്ങളെയും ഭിന്നിപ്പിക്കാൻ നോക്കുന്ന, മുറവിളി കൂട്ടുന്നഈ മാന്യന്മാരെ ആരെയും അന്ന് കണ്ടിരുന്നില്ല…
വീട് പണിയുന്ന സമയത്ത് ഒരു ഇഷ്ട്ടികയെങ്കിലും വേണോ എന്ന് ചോദിച്ചു ആശ്വസിപ്പിക്കാൻ ആരുമുണ്ടായില്ല…. എങ്ങനെ ജീവിക്കുന്നു എന്ന് തിരക്കുവാൻ ഇവരെ കണ്ടിരുന്നില്ല.. സഹായം ചോദിച്ചപ്പോൾ പലരും കൈ മലർത്തി, ദൈവം തരുമെന്ന് പറഞ്ഞ് മേലോട്ട് നോക്കിനിന്നു….. ഞങ്ങളും നോക്കി മേലേക്ക്.. മുകളിലെ അത്യുന്നതിനിൽ…. ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമെന്നുള്ള വാക്കുകളെ അന്വർത്ഥമാക്കികൊണ്ടുള്ള ഞങ്ങളുടെ ജീവിതം അനുഗ്രഹിക്കപെട്ട് തുടങ്ങി… കഷ്ടപ്പാടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും അൽപാൽപ്പമായി മോചനം ലഭിച്ചു തുടങ്ങി.. സാമാന്യം തരക്കേടില്ലാത്ത ശമ്പളത്തിൽ ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ ഞങ്ങൾ ജോലിക്ക് പ്രവേശിച്ചിരുന്നു… അപ്പോഴും കേട്ടു, ഒരു കൂട്ടം മാന്യൻമാർ പിറുപിറുക്കുന്നത്.. “സുവിശേഷകർ സുവിശേഷം പറയണം, അല്ലാതെ കാശ് ഉണ്ടാക്കാൻ നടക്കരുത് “എന്നും മറ്റും…. കഞ്ഞിവെള്ളമെങ്കിലും കുടിച്ചോ? വേണോ? എന്ന് ചോദിക്കാനുള്ള മനസ് കാട്ടാത്തവരാണ് ഇത്തരക്കാർ എന്നുള്ളത് മഹാ അതിശയം..
എവിടെയാണ് മാരിയോയ്ക്ക് പിഴച്ചു പോയത് ? മാരിയോയുടെ ക്ലാസ്സുകളും, നിലപാടുകളും മറ്റുള്ളവരെ വഴിതെറ്റിക്കുന്നു, ഇവൻ ചാരനാണെന്ന് പറഞ്ഞ് പ്രസ്താവനകളും വീഡിയോയുകളും ഇറക്കുമ്പോൾ പാരമ്പര്യക്രിസ്ത്യാനികളുടെ പ്രേത്യേക അജണ്ടയല്ലേ കൂട്ടത്തിൽ നിന്ന് ഒറ്റുക എന്നത് എന്ന് തോന്നിപോകുന്നു. മറ്റു മതസ്ഥർ വന്ന് നസ്രാണികളെ പഠിപ്പിക്കാൻ മാത്രം വളർന്നോ എന്ന വൃത്തികെട്ട കോംപ്ലസിൽ നിന്നും വ്യക്തിഹത്യ ചെയ്ത് തളർത്തുവാൻ നോക്കുന്നവർ അറിയണം, തളരുന്നത് മാരിയോ അല്ല ക്രിസ്തുവിന്റെ സുവിശേഷം ആണ് എന്നുള്ള യാഥാർഥ്യം. എവിടെയാണ് മാരിയോയുടെ നിലപാടുകൾക്ക് തെറ്റ് പറ്റിയത് ?
ഈ ചോദ്യം ചോദിക്കുന്നവർ അറിയേണ്ട ഒരു യാഥാർഥ്യം ഉണ്ട്… പല വചനപ്രഘോഷകരും പലതിനെയും പാപമായി ചിത്രീകരിച്ച് ( കുരിശ് വിളക്ക്, അരഞ്ഞാണം കെട്ടുന്നത്, ദൈവാലയത്തിലെ കൊടിമരം, പൊട്ടു തൊടുന്നത്, ഓണാഘോഷം ) ഏതാണ് ശരി ? ഏതാണ് തെറ്റ് ? എന്ന കൺഫ്യൂഷൻ സൃഷ്ടിക്കുമ്പോൾ മാരിയോയുടെചില പ്രതികരണങ്ങൾ ചിലരെ ചൊടിപ്പിച്ചു എന്നുള്ളത് വാസ്തവം.
യഥാർത്ഥ ക്രിസ്തീയ വിശ്വാസപ്രമാണത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ നമ്മൾ ആയിരിക്കുന്ന നാട്ടിലെ ദൈവസ്നേഹത്തിന് ചേർന്ന നല്ല സംസ്ക്കാരത്തെ നാം ഉൾക്കൊള്ളുന്നതിൽ തെറ്റില്ല എന്ന മാരിയോയുടെ ക്ലാസ്സ് പല വചനപ്രഘോഷകരെ പ്രകോപിച്ചിരുന്നു എന്ന് മനസിലായത് പലരുടെയും പ്രസ്താവനകൾ കണ്ടപ്പോഴും ഫോൺ കാളുകൾ വന്നപ്പോഴും ആണ്. ആക്കൂട്ടത്തിൽ വളരെ പ്രശ്‌സ്തനായ ധ്യാനഗുരു ( Fr.James Manjakkal ) മാരിയോയോട് നേരിട്ട് പറയുകയും പ്രസ്താവന ഇറക്കുകയും ചെയ്തത് ഇങ്ങനെയാണ്.. “കത്തോലിക്ക വചനപ്രഘോഷണ വേദിയിൽ നിന്ന് നിന്നെ പുറത്താക്കേണ്ടതാണ്.. അതിനായ് ഞാൻ ശ്രമിക്കും,” എന്ന വെല്ലുവിളി നേരിട്ടും ഒളിഞ്ഞും മറഞ്ഞും ഇപ്പോഴും പറഞ്ഞ് കൊണ്ടേയിരിക്കുന്നു.. അതിനെ പിൻതാങ്ങി കൊണ്ട് പാരമ്പര്യവാദികൾ എന്ന് അവകാശപെടുന്ന പല നസ്രാണികളും ചില വചനപ്രഘോഷകരും ചേർന്ന് വ്യക്തി ഹത്യ ചെയ്ത് തകർക്കുവാൻ നോക്കുമ്പോൾ അത്ഭുതപെടാനില്ല, കാരണം, അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്ന മുറവിളി രണ്ടായിരം വർഷത്തിനിപ്പറവും അവസാനിച്ചിട്ടില്ല എന്ന് വേണം കരുതാൻ.. നാണയതുട്ടിന് വേണ്ടി ഒറ്റി കൊടുത്ത യൂദാസ് ഇപ്പോഴും അവശേഷിക്കുന്നു എന്ന് വേണം മനസിലാക്കുവാൻ.. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തീയ വിശ്വാസത്തിന് ഊന്നൽ കൊടുത്തു കൊണ്ട് സംസാരിക്കുമ്പോൾ സാന്ദർഭികമായി കടന്ന് വന്ന മറ്റു മതങ്ങളെ കോട്ട് ചെയ്തുകൊണ്ടുള്ള സംസാരത്തിനാൽ കൊണ്ട് മാരിയോയ്ക്ക് മൗദൂദി എന്ന പേര് ചാർത്തപെടുകയും ചെയ്തു..
വർഷങ്ങൾക്ക് മുൻപുള്ള ഏതോ ചില വിഡിയോയിൽ മറ്റു മതങ്ങളിലെ ചില നന്മകളെ ഉദാഹരിച്ചുവെന്നുള്ളത് സത്യം.. അതൊരിക്കലും മുൻകൂട്ടി പ്ലാൻ ചെയ്തതോ, മറ്റു മതങ്ങളെ പുകഴ്ത്താനോ സംസാരിച്ചതല്ല തികച്ചും യാദൃശ്ചികം മാത്രം .. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തീയ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ ചിലത് ചൂണ്ടി കാണിച്ചുവെന്ന് മാത്രം… വർഷങ്ങൾക്കിപ്പറവും ഇത്തരം വിഡിയോകൾ കുത്തി പൊക്കി വർഗ്ഗീയത സൃഷ്ടിച്ച് ഈ ‘തൊലുക്കൻ ‘ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട എന്ന് പറയുമ്പോൾ, നൂറ്റാണ്ടുകൾക്ക് മുൻപ് പൗലോസ് സ്ലീഹാ അനുഭവിക്കേണ്ടി വന്ന അതേ സ്വജാതീയ മേൽക്കോയ്മയാണ് ഇന്നും ആവർത്തിക്കപ്പെടുന്നത് എന്നത് ഖേദകരം എന്നല്ലാതെ എന്ത് പറയാൻ.. .. “ക്ഷീരമുള്ള അകിടിൻ ചുവട്ടിലും കൊതുകിന് ചോരയല്ലോ കൗതുകം “എന്ന കവി ഭാവന ഓർത്ത് പോകുന്നു.
“ജോസഫ് സാറിന്റെ കൈ വെട്ടിയ മുസ്ലീം സഹോദരങ്ങൾ മാരിയോ ജോസെഫിനെ എന്ത് കൊണ്ട് വെട്ടികൊന്ന് കടലിൽ തള്ളുന്നില്ല” ? ഇതാണ് ഇപ്പോൾ പലരുടെയും ചോദ്യവും ആഭ്യന്തര പ്രശ്നവും… ഇതിൽ നിന്നും ഒരു കാര്യം മനസിലാകുന്നത് അവർക്ക് ദൈവത്തിന്റെ സംരക്ഷണം ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതല്ലേ ? “ഹൃദയത്തിൽ നിന്ന് ദൈവത്തെ വിളിക്കുന്നവർ സമൃദ്ധമായി അനുഗ്രഹിക്കപെടും” എന്ന് വിശ്വസിക്കാത്തവർ ആണ് ഈ മുറവിളി കൂട്ടുന്ന പാരമ്പര്യവാദികൾ എന്നത് എത്ര വിരോധാഭാസം ആണ്..
വ്യത്യസ്തമായ വാക്ചാതുര്യത്തിൽ മികവാർന്ന പ്രബോധനത്തോടെ പുത്തൻ ശൈലിയിൽ ആത്മീയ ഉണർവിനു പുതിയ ചൈതന്യം, പുതിയ കാഴ്ചപാട് ഫിലോകാലിയ ധ്യാനത്തിലൂടെ നൽകുമ്പോൾ അസൂയയും കുശുമ്പും ഉണ്ടാവുക സ്വാഭാവികം.. അതിനാൽ തന്നെ എന്തെങ്കിലും കാരണം കാണിച്ച് പിഴവുകൾ കുത്തിപ്പൊക്കി ഈ ‘തൊലുക്കൻ’ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട എന്ന് പാരമ്പര്യവാദികൾ കൊട്ടിഘോഷിക്കുമ്പോൾ ഇവർ ഇപ്പോഴും ക്രിസ്തുവിനെ ക്രൂശിച്ചു കൊണ്ടിരിക്കുകയല്ലേ ? ദൈവ സ്നേഹത്തിന്റെ ഒരു കണികയെങ്കിലും ഇവരിലുണ്ടെന്ന് അവകാശപെടുവാൻ ആകുമോ?
“ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ട് ഒരിക്കലും പാപംചെയ്‌തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ?”പ്രഭാഷകന്‍ 19 : 16.. ഒരു തിന്മയെ നശിപ്പിക്കാൻ വേണ്ടി മറ്റു തൊണ്ണൂറ്റിയൊൻപത് നന്മകളെയും തേജോവധം ചെയ്ത് നശിപ്പിക്കുമ്പോൾ ഇക്കൂട്ടരുടെ ഉള്ളിരിപ്പ് എന്താണ് ?വിശ്വാസികളുടെ ഇടയിൽ എന്തിനിങ്ങനെ ഉതപ്പ് ഉണ്ടാക്കുന്നു ? ഭിന്നിപ്പ് ഉണ്ടാക്കുന്നു ? കാരണം, ജാതിവെറിയോ ? ഇവനാ തച്ചന്റെ മകനല്ലേ ? ചോദ്യം വീണ്ടും ആവർത്തിക്കപ്പെടുന്നു.. ഒറ്റപ്പെടുത്തലിന്റെയും കുറ്റപ്പെടുത്തലന്റെയും നടുവിലും ആനന്ദം നൽകുന്ന ബൈബിൾ വചനം ഓർത്തുപോകുന്നു.
” എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.”(മത്തായി 5 : 11-12).
മൗദൂദി എന്നും ചാരനെന്നും, ട്രോജൻ കുതിരയെന്നും വിളിച്ച് മുദ്ര കുത്തുന്നതിന് മുൻപ് നിങ്ങൾ മാരിയോ ജോസഫ് നടന്ന വഴികളിലൂടെയൊന്ന് നടന്നു നോക്കണം.. ആ ഷൂവിൽ കയറി നിന്ന് നോക്കണം,, അനുഭവിച്ച ചൂടും കുളിരും കൊണ്ട് നോക്കണം,,, ആശുപത്രിവരാന്തകളിലെ ഏകാന്തത ചുമന്നു നോക്കണം,,, എന്നിട്ട് പറയൂ… മാരിയോ ജോസഫ് ആരെന്ന് ?? നിങ്ങൾ മൗദൂദി എന്ന് വിളിക്കുന്ന മാരിയോ ജോസഫ് എന്റെ ചങ്കാണ്, എന്റെ പാതി . .ജിജി മാരിയോ
Noble Thomas Parackal