
എന്തുതന്നെയായാലും ഈ വിവാദം യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല എന്ന് നിശ്ചയം.
വിശാലമായ ഹൃദയത്തോടെയും സമാനതകളില്ലാത്ത കരുണയോടെയും ഈ ലോകത്തെ വീക്ഷിക്കുന്നതിനാൽ ഫ്രാൻസിസ് പാപ്പയെ കല്ലെറിയേണ്ടതുണ്ടോ?
“സ്വവർഗ്ഗ ബന്ധത്തിന് നിയമ പരിരക്ഷവേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ””
സ്വവർഗ്ഗ ബന്ധങ്ങൾ അധാർമ്മികമെന്ന മുൻഗാമികളുടെ നിലപാട് മാർപ്പാപ്പ തിരുത്തി””
സ്വവർഗ്ഗ പ്രണയികൾക്കും കടുംബബന്ധത്തിന് അവകാശമുണ്ട്”
“എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് പോപ്പ് പ്രഖ്യാപിക്കുന്നത് ഇതാദ്യം” “
എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് മാർപ്പാപ്പ പ്രഖ്യാപിച്ചത് “ഫ്രാൻസിസ്‌കോ” എന്ന ഡോക്യുമെന്ററിയിൽ”ഇന്നലെ, (ഒക്ടോബർ 21) രാത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിനുവേണ്ടി “വിപ്ലവകരമായ” ഒരു വാർത്ത അബ്ദുൾ റഷീദ് എന്ന റിപ്പോർട്ടർ അവതരിപ്പിക്കുന്നതിനിടെ സ്‌ക്രീനിൽ ഹൈലൈറ്റ് ചെയ്ത് എഴുതിക്കാണിച്ചുകൊണ്ടിരുന്ന വാചകങ്ങളാണ് ഇവ.
ലോകത്തെമുഴുവൻ അമ്പരപ്പിക്കാൻ വേണ്ടതെല്ലാം ഈ വാചകങ്ങളുടെ ആന്തരികാർത്ഥങ്ങളായി ഉൾച്ചേർന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള സഭയുടെയും പോപ്പ് ഫ്രാൻസിസിന്റെയും വ്യക്തമായ നിലപാടുകൾ എന്താണെന്ന് വിശദീകരിക്കുന്നതിന് മുമ്പ് ഈ ഡോക്യുമെന്ററിയെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.
“ഫ്രാൻസിസ്‌കോ” എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ എവ്‌ഗിനി അഫിനീവ്സ്കി എന്ന റഷ്യൻ ഫിലിം മേക്കർ ലക്‌ഷ്യം വച്ചിരിക്കുന്നത് പോപ്പ് ഫ്രാൻസിസിന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും അദ്ദേഹത്തിന്റെ സ്വാധീന ശക്തിയെയും അവതരിപ്പിക്കുന്നതോടൊപ്പം ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെയും വെല്ലുവിളികളെയും വിശാലമായ ഒരു ക്യാൻവാസിൽ ചിത്രീകരിക്കുകയാണ്. സിറിയയിലെയും ഉക്രൈനിലേയും യുദ്ധങ്ങൾ മുതൽ, കോവിഡ് രോഗബാധ ഉയർത്തിയിരിക്കുന്ന ആശങ്കകൾ, ലൈംഗികാതിക്രമങ്ങൾ, വംശീയത തുടങ്ങി ഒട്ടേറെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ഡോക്യുമെന്ററി, മാനവികതയുടെ ആൾരൂപമായ ഒരു മഹദ് വ്യക്തിത്വത്തിന്റെ ഹൃദയം തന്നെയാണ് തുറന്നുകാണിക്കുന്നത് . ഇന്ന് ലോകത്തിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട ഒട്ടേറെ വിഷയങ്ങൾക്കിടയിൽ നിന്ന് ഒരേയൊരുവിഷയം മാത്രം തെരഞ്ഞ് കണ്ടെത്തി വിവാദമാക്കാൻ കഠിനപ്രയത്നം നടത്തിയവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നല്ലതായിരിക്കാൻ ഇടയില്ല. സഭാതലവൻ എന്ന നിലയിൽ ലോകത്തോട് പറയാനുള്ള ആശയങ്ങൾ പോപ്പ് ഒരു വിദേശി നിർമ്മിച്ച ഡോക്യുമെന്ററിയിലൂടെയല്ല പറയുക എന്ന് ചിന്തിക്കാൻ കഴിയാത്തവിധം വിവേകശൂന്യരാണോ ഈ മാധ്യമ പ്രവർത്തകർ, എന്ന ചോദ്യം അവശേഷിക്കുന്നു.
പോപ്പ് ഫ്രാൻസിസ് എന്ന വ്യക്തിയുടെ, സഭാതലവന്റെ, പുരോഹിതന്റെ അന്തരംഗത്തെ അതിന്റെ ആഴത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു എന്ന അഭിപ്രായമുയർന്നുകഴിഞ്ഞ ഈ ഡോക്യുമെന്ററിയുടെ പൂർണ്ണരൂപം പൊതുസമൂഹത്തിന് ലഭ്യമാകണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടതായി വന്നേക്കും. അതിനാൽത്തന്നെ പൂർണ്ണവ്യക്തതയുള്ള ഒരു ചിത്രം നൽകുക എളുപ്പമല്ല. എന്നിരുന്നാലും, ഇതിനകം ഏറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ആ ഡോക്യുമെന്ററി ചർച്ച ചെയ്യപ്പെടേണ്ടത് പോപ്പ് ഫ്രാൻസിസ് പറഞ്ഞു എന്ന് മാധ്യമങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ചില വാചകങ്ങളുടെ പേരിലല്ല എന്ന് നിശ്ചയം. ആ ഡോക്യുമെന്ററി നേരിട്ട് കണ്ട് വിലയിരുത്താൻ അവസരം ലഭിക്കുംവരെ അൽപ്പം ക്ഷമയോടെ കാത്തിരിക്കാം.
വിവാദ പരാമർശങ്ങളെപ്പറ്റി
കഴിഞ്ഞദിവസം വിവിധ മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തതിനൊപ്പം പരാമർശിച്ച പലതും വാസ്തവവിരുദ്ധമാണ്. തന്റെ മുൻഗാമികളെ തള്ളിപ്പറഞ്ഞ് സഭയുടെ പ്രബോധനങ്ങൾ തിരുത്തണം എന്ന നിലപാടല്ല ഒരിക്കലും ഫ്രാൻസിസ് പാപ്പയുടേത്. ധൈര്യപൂർവ്വം ഈ പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങുന്നു എന്നുള്ളതും, സാമൂഹികമായ വിഷയങ്ങളിൽ തന്റെ നിലപാട് മടികൂടാതെ വെളിപ്പെടുത്തുന്നു എന്നുള്ളതുമാണ് ഫ്രാൻസിസ് പാപ്പയെ വ്യത്യസ്തനാക്കുന്നത്. ഈ കാലഘട്ടത്തിലെ പാപ്പ എപ്രകാരമായിരിക്കണം എന്നുള്ളതിന് ഗോർഗെ മാരിയോ ബർഗോളിയോ എന്ന പോപ്പ് ഫ്രാൻസിസിനെ ചൂണ്ടിക്കാണിക്കുന്നതിനപ്പുറം കൂടുതൽ വ്യക്തമായ മറ്റൊരു ഉത്തരമില്ല. പാർശ്വവൽക്കരിക്കപ്പെട്ട സകലർക്കുംവേണ്ടി, അവരുടെ യോഗ്യതകൾ പരിഗണിക്കാതെ അദ്ദേഹം നിലകൊള്ളുന്നു എന്നുള്ളത് സഭയുടെ സാമൂഹികമായ കാഴ്ചപ്പാടുകളോട് പൂർണമായും ചേർന്നുനിൽക്കുന്നതാണ്. ലൂക്ക 7: 34 ഇപ്രകാരം പറയുന്നു: മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ ഇതാ, ഭോജനപ്രിയനും മദ്യപനും, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനായ മനുഷ്യൻ എന്ന് നിങ്ങൾ പറയുന്നു. തുടർന്നുള്ള വചനം ഇപ്രകാരമാണ്: ജ്ഞാനം ശരിയെന്ന് തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്
പാപികളെയും ദരിദ്രരെയും വേദനിക്കുന്നവരെയും തന്റെ സ്നേഹിതരായിക്കണ്ട് ചേർത്തുപിടിച്ച ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരിൽ പ്രധാനി ഈ കാലഘട്ടത്തിൽ എങ്ങനെയായിരിക്കണം? അൽപ്പം വിവേകത്തോടെ ചിന്തിച്ചാൽ ക്രിസ്തു സഞ്ചരിച്ച അതേ പാതയിലൂടെയാണ് ഈ വലിയ ഇടയനും സഞ്ചരിക്കുന്നതെന്ന് വ്യക്തമാകും. അതിന് ഏറ്റവും വലിയ ഉദാഹരണങ്ങൾ അദ്ദേഹം നേരിടുന്ന അന്ധമായ വിമർശനങ്ങളും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളും കൂടെയുള്ളവരിൽനിന്ന് പോലും നേരിടുന്ന ഒറ്റപ്പെടുത്തലുകളുമാണ്. സന്തോഷത്തോടെ ഉല്ലാസവാനായി തുറന്ന ഹൃദയത്തോടെ എവിടെയും പ്രത്യക്ഷപ്പെടുന്നവനായിരുന്ന, ആർക്കുവേണ്ടിയും നിലകൊള്ളാൻ മടികാണിക്കാതിരുന്ന, കരയുന്നവനൊപ്പം കരഞ്ഞ ക്രിസ്തു അക്കാരണത്താൽ തന്നെയാണ് സ്വന്തം സമൂഹത്തിനിടയിൽ അനഭിമതനായി തീർന്നത്. ആ ക്രിസ്തുവിന്റെ പാത പിന്തുടരാൻ തീരുമാനിക്കുന്നെങ്കിൽ പാപ്പ മുതൽ സാധാരണ വിശ്വാസികൾ വരെയുള്ള സകലർക്കും ആ അനുഭവങ്ങൾ നിശ്ചയമായും ഉണ്ടായിരിക്കും എന്ന് തീർച്ച.
പാപ്പ പറഞ്ഞതായി മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്ന ആശയങ്ങളും, ഈ വിഷയങ്ങളിൽ പാപ്പയുടെയും സഭയുടെയും നിലപാടുകളുംഇത്തരം വിഷയങ്ങളിലുള്ള ക്രൈസ്തവ കാഴ്ചപ്പാടുകളെക്കുറിച്ചോ, കത്തോലിക്കാ സഭയുടെ നിലപാടുകളെക്കുറിച്ചോ ബോധ്യമില്ലാത്തവരും അക്രൈസ്തവരുമായ ചിലരുടെ വിശദീകരണങ്ങളാണ് കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങളിൽ ഏറെയും ചർച്ച ചെയ്യപ്പെട്ടത്. അവരിൽ പലരും ഹൈലൈറ്റ് ചെയ്ത ആശയങ്ങളിൽ പലതും വാസ്തവ വിരുദ്ധവുമാണ്. തന്റെ മുൻഗാമികളുടെ നിലപാടുകളെയോ, കത്തോലിക്കാ സഭയുടെ പഠനങ്ങളെയോ പാപ്പ നിരാകരിക്കുകയോ തിരുത്തുകയോ ഉണ്ടായിട്ടില്ല. പലപ്പോഴായി ഫ്രാൻസിസ് പാപ്പ ഇത്തരം സാമൂഹിക വിഷയങ്ങളിൽ നടത്തിയിട്ടുള്ള പ്രതികരണങ്ങളെ തികച്ചും സാമൂഹികവും മതേതരവുമായ ഒരു തലത്തിൽ പുനരവതരിപ്പിക്കുകയാണ് അഫിനീവ്സ്കി ചെയ്തിരിക്കുന്നത്. ഈ ഡോക്യുമെന്ററിക്ക് മാത്രമായി പാപ്പ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. LGBT എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലൈംഗിക ന്യൂനപക്ഷം, അഥവാ വേറിട്ട ലൈംഗികത സ്വന്തമായുള്ളവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആഗോളതലത്തിൽ തന്നെ സമൂഹങ്ങളുടെ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. പതിവായെന്നോണം പരസ്യമായി ചർച്ച ചെയ്യപ്പെടുകയും സംവാദ വിഷയമാവുകയും ചെയ്യുന്ന ഇത്തരം വിഷയങ്ങളിൽ തുറന്ന മനസോടെയാണ് പാപ്പ മുമ്പും ഇടപെട്ടിട്ടുള്ളത്. അത്തരക്കാർ പുറംതള്ളപ്പെടരുത്, ദൈവത്തിന്റെ അനന്ത കരുണ അവർക്കും അവകാശപ്പെട്ടതാണ് എന്ന സന്ദേശം പാപ്പ പലപ്പോഴും ആവർത്തിച്ചിട്ടുള്ളതാണ്. ഇത്തരത്തിൽ പാപ്പ പലപ്പോഴായി പറഞ്ഞിട്ടുള്ളതും ഇപ്പോഴത്തേതിന് സമാനമായ ചിലവിവാദങ്ങൾക്ക് കാരണമായിട്ടുള്ളതുമായ ചില സ്റ്റേറ്റ്മെന്റുകളാണ് ഈ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
തൃശൂർ അതിരൂപതാംഗമായ ഫാ. ജിയോ തരകന്റെ വാക്കുകളിൽനിന്ന്:
ഡോക്യുമെന്ററിയിൽ ആൻഡ്രെയ റുബേര എന്ന സ്വവർഗ്ഗ അനുഭാവം ഉള്ളതും അങ്ങനെ കുടുംബമായി ജീവിക്കുന്ന വ്യക്തി ഫ്രാൻസിസ് പാപ്പയോട് പറയുന്ന സംഭാഷണമായാണ് ഈ സംഭവം ചിത്രീകരിച്ചിരിക്കുന്നത്. ആൻഡ്രെയ പാപ്പയോട് തന്റെ കുട്ടികളെ പള്ളിയിൽ അയക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പാപ്പയുടെ താമസസ്ഥലത്തെ പള്ളിയായ സാൻത മർത്തയിലെ വി. ബലിയർപ്പണത്തിന് ശേഷം അദ്ദേഹത്തെ കണ്ടുമുട്ടുന്നതും അദ്ദേഹത്തോട് കുട്ടികളെ പള്ളിയിൽ അയക്കാനും പറയുന്നതാണ് രംഗം. അദ്ദേഹം ഈ ഡോക്യുമെന്ററിയിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞതിന് അനുസരിച്ച് ഞാൻ ചെയ്തു എന്ന് പറയുന്നതോടൊപ്പം പാപ്പ കുടുംബ ജീവിതത്തെ പറ്റി ഒന്നും പറഞ്ഞില്ല എന്നും ജനത്തോടുള്ള നിലപാടുകളിൽ മാറ്റം വരുത്തണം എന്നുമാണ് പറഞ്ഞത്.കത്തോലിക്ക സഭ ഈ കാലഘട്ടത്തിൽ ഒരിക്കൽപോലും സ്വവർഗ്ഗ അനുഭാവം പുലർത്തുന്ന വരെ മാറ്റി നിർത്തിയിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനം ആയ അമോരിസ് ലെറ്റീഷ്യയിൽ പാപ്പ പഠിപ്പിക്കുന്നതും ഇത് തന്നെയാണ് എന്ന് ഇറ്റലിയിലെ കിയേത്തി ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. സ്വവർഗ്ഗ അനുഭാവികൾക്കും കുടുംബത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും, അവരും ദൈവമാക്കളാണ് എന്ന് പറയുന്നതോടൊപ്പം, പാപ്പ, ആരെയും കുടുംബത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള അധികാരം നമുക്ക് ഇല്ല എന്നും, സിവിൽ പരമായി അവർക്ക് സംരക്ഷണം വേണം എന്നും പാപ്പ പറയുന്നത്. റോമിലെ ഫിലിം ഫെസ്റ്റിവലിൽ കിനെയോ പുരസ്കാരം നേടിയ ചിത്രീകരണം ആണിത്. വത്തിക്കാൻ മാധ്യമ വിഭാഗം ഇതിനെ പറ്റി പറഞ്ഞത് പാപ്പ ഈ സംഭാഷണങ്ങളിൽ തന്റെ ജീവിത അനുഭവങ്ങൾ കൊണ്ട് ജ്ഞാനത്തോടും അനുകമ്പയോടും കൂടെ മറുപടി പറയുന്നു എന്നാണ്. പരമ്പരാഗത കുടുംബ ജീവിതവും, പുതിയ സാഹചര്യങ്ങളും തമ്മിൽ സംശയങ്ങൾക്ക് വഴിയൊന്നും ഇല്ല എന്ന് തന്നെയാണ് പാപ്പ പറയുന്നത്. ക്രിസ്തീയ വിശ്വാസത്തിൽ കുടുംബം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. യാഥാർത്ഥ്യത്തിന് എതിരായി ഭരണാധികാരികൾക്കോ നിയമപാലകർക്കോ, എന്തിന് മാർപാപ്പക്ക് പോലും ഒന്നും കൊണ്ടുവരാൻ സാധിക്കില്ല (contra factum non valet argumentum). 2016 ൽ ഓസ്കാർ, എമ്മി അവാർഡ് നോമിനഷനുകൾ ലഭിച്ചിട്ടുള്ള അഫിനെവിസ്കിയുടെ ഡോക്യുമെന്ററിയിൽ അഭയാർത്ഥികളുടെ പ്രശ്നം, പാവങ്ങളുടെ ഭക്ഷണത്തിന് വേണ്ടിയുള്ള മുറവിളികൾ, സഭയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ട ആവശ്യം, വൈദികരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള ദുരുപയോഗങ്ങൾ എന്നിവയും പ്രതിബാധിക്കുന്നുണ്ട്. പാപ്പയെ കുറിച്ച് മനോഹരമായ ഈ ഡോക്യൂമെന്ററി പുറത്തിറക്കിയതിന് വത്തിക്കാൻ മാധ്യമ വിഭാഗം തന്നെ വാർത്ത നൽകിയതാണ്. ***********************************അകറ്റിനിർത്തിക്കൊണ്ടും തള്ളിക്കളഞ്ഞുകൊണ്ടും ആരുടേയും ഒരുവിധ പ്രശ്നങ്ങളിലും ഇടപെടാനോ പരിഹരിക്കാനോ കഴിയില്ല എന്ന കാഴ്ചപ്പാട് ഫ്രാൻസിസ് പാപ്പയുടേത് മാത്രമല്ല, കത്തോലിക്കാ സഭയുടേത് കൂടിയാണ്. ആ അർത്ഥത്തിൽ സമൂഹം അവരെയും ഉൾക്കൊള്ളാൻ ബാധ്യസ്ഥരാണ് എന്ന ശക്തമായ സന്ദേശം വളരെ മുമ്പേ ഫ്രാൻസിസ് പാപ്പ ലോകത്തിന് നൽകിയിട്ടുണ്ട്. സമൂഹം അവരെ കരുണയോടെയും സഹാനുഭൂതിയോടെയും പരിഗണിക്കണം എന്ന ആഹ്വാനം അദ്ദേഹം ലോകത്തിന് നൽകുന്നെങ്കിൽ അതിന്റെ അർത്ഥം അവരുടെ തെറ്റുകളെ ശരികളായി കാണുന്നു എന്നോ, അത്തരം തെറ്റുകൾ തെറ്റുകളല്ല എന്നോ അല്ല. സഭയുടെ നിലപാടുകളൊന്നും അവിടെ തിരുത്തപ്പെടുന്നില്ല. ഇത്തരം വിഷയങ്ങൾ വളരെ രൂക്ഷമായ രീതിയിൽ ലോകമെങ്ങും പടരുകയും, സെക്കുലർ സമൂഹവും സാംസ്കാരിക നേതൃത്വവും പോലും അത്തരക്കാരുടെ വക്താക്കളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഈ കാലത്ത്, വിശാലമായ അർത്ഥത്തിൽ എല്ലാ വിധത്തിലും സമൂഹത്തിന്റെ ഭാഗമാണ് അവരുടെ പ്രതിസന്ധികൾ എന്ന വാസ്തവം ഉൾക്കൊണ്ടുകൊണ്ട് അവരെ ചേർത്തുനിർത്തി അവരോട് ആരോഗ്യകരമായി സംവദിക്കാനാണ് പാപ്പ ആവശ്യപ്പെടുന്നത്. ഇതിനപ്പുറം, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നവയെല്ലാം വാസ്തവ വിരുദ്ധവും വളച്ചൊടിക്കപ്പെട്ടവയുമാണ്. പരസ്യമായി ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകപോലും ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഈ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത് എന്നുള്ളത് ചില ഗൗരവതരമായ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. റോം ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഈ ഇതേക്കുറിച്ചുള്ള ചർച്ചകൾ ഉടലെടുത്തിരിക്കുന്നത്. ഇന്നുമുതൽ (22 / 10) നാല് ദിവസങ്ങളിലാണ് ഈ ഡോക്യുമെന്ററിയുടെ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ഈ വിഷയം വാർത്തയാക്കിയ മാധ്യമപ്രവർത്തകർ പോലും കാണാതെ ഇത്തരമൊരു വിവാദം എങ്ങനെ ഉടലെടുത്തു? സംശയങ്ങൾ പലതാണ്. സാമ്പത്തിക അഴിമതികളുടെ പേരിൽ കർശന നടപടികൾ സ്വീകരിച്ചത് നിമിത്തം പാപ്പയുടെ വിരോധികളായിമാറിയ ചിലർക്ക് ഇത്തരമൊരു വിവാദത്തിന് പിന്നിൽ പങ്കുണ്ടാവാം. “ഫ്രത്തെല്ലി തൂത്തി” എന്ന ശ്രദ്ധേയമായ ചാക്രിക ലേഖനത്തിലൂടെ ലോകത്തെ ശക്തമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പാപ്പയെ ആരോ കരുതിക്കൂട്ടി അവഹേളിക്കാൻ ശ്രമിക്കുന്നതാവാം. അതുമല്ലെങ്കിൽ, ഫ്രാൻസിൽ കഴിഞ്ഞയിടെ അരങ്ങേറിയ അനിഷ്ട സംഭവവും സമാനമായ മറ്റു ചില വിവാദങ്ങളും ചർച്ചകളും അപ്രസക്തമാക്കാൻ ചിലർ ശ്രമിച്ചതാവാം. എന്തുതന്നെയായാലും ഈ വിവാദം യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല എന്ന് നിശ്ചയം. ഈ മഹാനായ വലിയ ഇടയനെ അവഹേളിക്കാനും തേജോവധം ചെയ്യാനും മുന്നിട്ടിറങ്ങുന്നവരോട് ദൈവം ക്ഷമിക്കട്ടെ.

കടപ്പാട്:- Vigilant Catholic