
ജലീലിന്റെ രാജി: പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം.
കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച് നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.
കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ ഉൾപ്പെടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.
പ്രളയത്തിന് ശേഷം പല മതസംഘടനകള്‍ക്കും കോടിക്കണക്കിന് രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടിട്ടുണ്ടെന്നും ഇതില്‍ ജലീലിന് നേട്ടമുണ്ടായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ജലീലിന്റെ തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. അതാണ് ജലീലിനെ തൊടാന്‍ ധൈര്യമില്ലാത്തത്. ഇ പി ജയരാജന് ഇല്ലാത്ത എന്തു ആനുകൂല്യമാണ് ജലീലിന് മുഖ്യമന്ത്രി നല്‍കുന്നതത്. കള്ളന് കഞ്ഞിവെച്ചവനായി മുഖ്യമന്ത്രി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജലീലിനെതിരെ കൃത്യമായ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്ബില്‍ പറഞ്ഞു. ആദ്യം കള്ളനെ പുറത്താക്കൂ, എന്നിട്ട് തൊണ്ടിമുതല്‍ തേടി പോകൂ. തെളിവ് പുറത്തുവന്നു. അപ്പോള്‍ ആദ്യം മന്ത്രിയെ മാറ്റി നിര്‍ത്തി അന്വേഷണം നടക്കട്ടേ. യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും നിരന്തരസമരം ഉണ്ടാകുമെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.
യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്നും ഇപി ജയരാജനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്തരം ഒരു നിലപാട് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുമോ എന്നെല്ലാം പരിഹസിച്ച മുഖ്യമന്ത്രിയുടെ ധാര്‍മ്മികത ജലീല്‍ വിഷയത്തില്‍ എവിടെപ്പോയെന്നും ഷാഫി പറമ്ബില്‍ ചോദിച്ചു.
അതേസമയം, മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്നും തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഇഡി വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഉള്‍പ്പടെയുള്ള പ്രതികളുമായുള്ള കെ.ടി. ജലീലിന്റെ സൗഹൃദം ഇഡി പരിശോധിക്കും.