ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം/ നിലവിലെ സാഹചര്യത്തിൽ പ്രത്യേകം മുൻകരുതലുകളും മുന്നൊരുക്കങ്ങളും സ്വീകരിക്കണം.

Share News

ജൂൺ പതിനാല്, ലോകരക്തദാതാക്കളുടെ ദിനം (blood donor day). രക്തദാനം ജീവദാനം എന്നതാണ് പൊതുവെ പറയാറുള്ളത് തന്നെ. ഈ വിശേഷണം മുമ്പെന്നത്തെക്കാളും പ്രസക്തമായ അവസ്ഥയിലൂടെയാണ് ഈ ലോകരക്തദാതാക്കളുടെ ദിനത്തിൽ ലോകം സഞ്ചരിക്കുന്നത്. കോവിഡ് 19 ന്റെ വ്യാപനം മൂലം ആതുരസേവന രംഗത്ത് സ്വാഭാവികമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികൾ രക്തദാനത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ വലിയ പ്രതിസന്ധികൾ ഇല്ലെങ്കിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുവാൻ സാധ്യതയുണ്ട്.

ആരോഗ്യമുള്ള വ്യക്തികളുടെ രക്തദാനം ഉറപ്പ് വരുത്തേണ്ടത് ഈ അവസരത്തിലാണ്. രക്തം ദാനം ചെയ്യുവാനുള്ള സന്നദ്ധത വ്യാപകമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രത്യേകം മുൻകരുതലുകളും മുന്നൊരുക്കങ്ങളും സ്വീകരിക്കണം.

രക്തദാനത്തിനിടെ കോവിഡ് പകരുവാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്ക പൊതുവെ വ്യാപകമാണ്. നിലവിൽ ലോകത്തെവിടെയും തന്നെ ഇത്തരത്തിൽ കോവിഡ് പകർന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ നമ്മൾ പരിചയിച്ച കോവിഡിന്റെ വകഭേദങ്ങളായ സാർസ്, മെർസ് എന്നിവ പടർന്ന കാലത്തും രക്തദാനത്തിലൂടെ വൈറസിന്റെ വ്യാപനം രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Illustration about blood safety in Russia A donor is giving blood, Tambov, Russia.

അതുകൊണ്ട് തന്നെ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്ന സെന്ററുകളിൽ നിന്ന് രക്തദാനം നിർവ്വഹിക്കുന്നത് മൂലം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് സാധ്യതയില്ല എന്ന് തന്നെ പറയാം.

എന്തൊക്കെ ശ്രദ്ധിക്കണം

കോവിഡ് 19 ന്റെ വ്യാപനം ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രക്തദാനത്തിന് തയ്യാറാകുന്നവർക്ക് സ്വാഭാവികമായും ചില ആശങ്കകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

രക്കതദാതാക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (മിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ, ഗവണ്മന്റ് ഓഫ് ഇന്ത്യ) ഇനി പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.

🩸 1. യാത്രാ ചെയ്തവർ: ഇതര രാജ്യങ്ങളിൽ നിന്നോ, ഇതര സംസ്ഥാനങ്ങളിൽ നിന്നോ, കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഹോട് സ്പോട്ടുകളിൽ നിന്നോ ഉള്ളവരിൽ നിന്നുള്ള രക്തദാനം നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.

🩸 2. രോഗികൾ: കൊറോണ പോസിറ്റീവായി സ്ഥീരീകരിച്ച രോഗികളിൽ നിന്നും അസുഖം ഭേദമായി 28 ദിവസത്തിന് മുൻപുള്ള രക്തദാനം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.

🩸 3. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ: കൊറോണ സ്ഥീരീകരിക്കുകയോ, സംശയിക്കുകയോ, ക്വാറന്റൈനിൽ ഉൾപ്പെടുകയോ ചെയ്തവരുമായി ബന്ധപ്പെട്ടവർക്ക് അവസാനം ബന്ധപ്പെട്ട ദിവസം മുതലുള്ള 28 ദിവസത്തിനിടയിൽ രക്തദാനം ചെയ്യുവാൻ പാടുള്ളതല്ല.

🩸 4. സാമൂഹിക അകലം: രക്തം സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അതത് കേന്ദ്രങ്ങൾ ഒരുക്കുകയും അതുമായി രക്തദാതാക്കൾ നിർബന്ധമായും സഹകരിക്കുകയും വേണം.

🩸 5. കൈകളുടെ ശുചിത്വം : കോവിഡ് വ്യാപനത്തിന്റെ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് കൈകളുടെ ശുചിത്വം ഉറപ്പ് വരുത്തൽ.ഇതിനായി അതത് കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന സാനിറ്റൈസറുകൾ, സോപ്പ് എന്നിവ ഉപയോഗിച്ച് ശുചിത്വം നിർബന്ധമായും ഉറപ്പ് വരുത്തുക.

🩸 6. മുഖാവരണം : സുരക്ഷിതമായ മുഖാവരണങ്ങൾ നിർബന്ധമായും ധരിക്കുക.

🩸 7. അനാരോഗ്യം : ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശനം ഉള്ളതായി തോന്നുകയാണെങ്കിൽ ഒരു കാരണവശാലും രക്തദാനം ചെയ്യാതിരിക്കുക. രക്തം ദാനം ചെയ്യുന്ന ദിവസം നല്ലരീതിയിൽ ഭക്ഷണം കഴിക്കുകയും രക്തദാന ശേഷം ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾ കുടിക്കുകയും ചെയ്യുക.

🩸 8. രക്തദാനത്തിന് ശേഷം : രക്തം ദാനം ചെയ്ത വ്യക്തിക്ക് 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും സാഹചര്യത്തിൽ കോവിഡ് രോഗബാധ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്താൽ നിർബന്ധമായും രക്തം ദാനം ചെയ്ത കേന്ദ്രത്തെ അറിയിക്കണം. ഇതിൽ ഉപേക്ഷ വരുത്തരുത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു