
തൊഴില്‍ നിയമചട്ടങ്ങൾ പാസാക്കി: രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: തൊഴില്‍ നിയമചട്ടങ്ങളും ജമ്മുകാഷ്മീര്‍ ഔദ്യോഗികഭാഷ ബില്ലും പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തൊഴില്‍ നിയമഭേദഗതി ബില്ലുകള്‍ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്‍്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളിയിരുന്നു.
തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴില്‍ സുരക്ഷ, ആരോഗ്യ തൊഴില്‍ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴില്‍ ചട്ട ഭേദഗതിയാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. 44 തൊഴില്‍ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ബില്ലുകള്‍. വ്യവസായിക രംഗത്ത് അനുകൂല്യസാഹചര്യം ഒരുക്കല്‍ ലക്ഷ്യമിട്ടാണ് തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍്റെ വിശദീകരണം.
ചെറുകിട വ്യവസായ സംരംഭങ്ങളിലെ തൊഴില്‍ വ്യവസ്ഥകള്‍ക്ക് പുതിയ ബില്ലില്‍ കാര്യമായ ഇളവുകളുണ്ട്. 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ പിരിച്ചുവിടലിന് തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം പുതിയ ബില്‍ അനുവദിക്കുന്നു. പിരിച്ച വിടലിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല.
തൊഴില്‍ യൂണിയനുകള്‍ക്കും മിന്നല്‍ സമരങ്ങള്‍ക്കും ബില്ലില്‍ നിയന്ത്രണമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെയും സാമൂഹിക സുരക്ഷ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രാബത്ത ഉറപ്പുവരുത്തേണ്ടത് തൊഴില്‍ ദാതാവായിരിക്കും. പുതിയ ബില്‍ പ്രകാരം ദൃശ്യമാധ്യമങ്ങള്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് നിയമത്തിന്റെ പരിധിയിലാകും ഇതോടെ വേജ് ബോര്‍ഡ് നിയമം ഇല്ലാതായി.
നിശ്ചയിച്ചതിലും എട്ട് ദിവസം ബാക്കി നില്‍ക്കേയാണ് പാര്‍ലമെന്‍്റ് സമ്മേളനം വെട്ടിചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്സഭ പാസാക്കിയ തൊഴില്‍ നിയമ ഭേദഗതികള്‍ പാസാക്കിയ ശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇരുസഭകളും ബഹിഷ്ക്കരിച്ച പ്രതിപക്ഷം പാര്‍ലമെന്റ് വളപ്പില്‍ സംയുക്തമായി പ്രതിഷേധിച്ചു.
സഭയില്‍ നടന്ന ചില സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നടപടികള്‍ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കാനാണ് അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തത്. ബഹിഷ്ക്കരണത്തിലൂടെ ബില്ലുകള്‍ തടുക്കാന്‍ ആരെയും അനുവദിക്കാനാവില്ല. പ്രതിഷേധിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അതു പരിധിവിടാതെ നോക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.