വിദ്യാർത്ഥികളുടെ ബൌദ്ധികമായ_വികാസത്തോടൊപ്പം വൈകാരിക_പക്വതയും അനിവാര്യം.

Share News

ലോക്ക് ഡൗണിനെ തുടർന്ന്, ഒൻപതാം ക്ലാസ്സ് ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ കൂടി വേണ്ടെന്ന് വെച്ചതോടെ പൊതുവിൽ അവർ ആഘോഷ തിമിർപ്പിലാണ്. ഇതോട് ചേർന്ന് തന്നെ ഇപ്പോൾ വേനലധിയും തുടങ്ങിയതോടെ, വീടുവിട്ടു വെളിയിലിറങ്ങാത്തതിന്റെ ഒരു വീർപ്പുമുട്ടൽ വിദ്യാർത്ഥി സമൂഹം അഭിമുഖീകരിക്കുന്നുമുണ്ട്.ഭൂരിഭാഗം സ്കുളുകളും, വിദ്യാർത്ഥികൾക്ക്, ക്രിയാത്മകവും ആരോഗ്യകരവുമായ വിവിധ ടാസ്കുകൾ കൊടുക്കുന്ന തിരക്കിലാണ്. വലിയൊരു വിഭാഗം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ, അധ്യാപകർ രണ്ടു വരയും നാലു വരയും എഴുതിപ്പിച്ചും പൊതു വിജ്ഞാനം വാട്ട്സ്ആപ്പിലൂടെ കൈമാറിയും അരങ്ങു തകർക്കുമ്പോൾ, മറ്റൊരു വിഭാഗം സ്കൂളുകൾ, ഓൺലൈൻ ക്ലാസ്സുകളും പരീക്ഷകളുമൊരുക്കി രംഗത്തുണ്ട്.പൊതു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക്, എല്ലാ ദിവസവും നടക്കാനിരിക്കുന്ന പരീക്ഷകളുടെ ഒരു മണിക്കൂർ ചോദ്യപ്പേപ്പർ വാട്ട്സ്ആപ്പിലൂടെ നൽകി, വിദ്യാർത്ഥികൾ വീട്ടിലിരുന്നു തന്നെ പരീക്ഷയെഴുതി, അവർ തന്നെ മൂല്യനിർണ്ണയം നടത്തി, നിശ്ചിത സമയത്തിനകം തങ്ങളുടെ മാർക്ക് അധ്യാപകർക്ക് വാട്ട്സ്ആപ്പിലൂടെ തന്നെ അയച്ചുകൊടുക്കുന്ന രീതി ഭൂരിഭാഗം വിദ്യാലയങ്ങളും പരീക്ഷിക്കുന്നുണ്ട്.

പൊതുവിൽ, വാട്സ് ആപ്പ് ഉപയോഗത്തെയും മൊബൈൽ ഉപയോഗത്തേയും സന്ധിയില്ലാതെ വിമർശിച്ചിരുന്ന അധ്യാപക സമൂഹമിപ്പോൾ, അവയുടെ അനന്ത സാധ്യതകളെപ്പറ്റി, വീഡിയോ യെടുത്ത് വിദ്യാർത്ഥികൾക്ക് പങ്കുവെയ്ക്കുന്ന തിരക്കിലാണ്. അങ്ങിനെ എവിടെ നോക്കിയാലും, ഇന്റർനെറ്റ്‌ സാധ്യതകളുപയോഗിച്ച് കുട്ടികളുടെ പഠനം കൂടുതൽ എളുപ്പമാക്കാനും അതുവഴി വലിയ ബൌദ്ധിക നേട്ടങ്ങൾ, കുതിര വേഗത്തിൽ തന്നെ കൈവരിക്കാനുമുള്ള ഇരുകൂട്ടരുടേയും (അധ്യാപകരും രക്ഷിതാക്കളും) ശ്രമങ്ങൾ പ്രശംസനീയം തന്നെ. ഹൈടെക് അധ്യാപകരും മാതൃകാ വിദ്യാലയങ്ങളും സാങ്കേതിക വിദ്യകൾ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥി തലമുറയും ഈ പതിറ്റാണ്ടിന്റെ അനിവാര്യത കൂടിയാണെന്ന കാര്യത്തിൽ തർക്ക – വിതർക്കങ്ങളുമില്ല.

പ്രശസ്ത ചിന്തകനും മന:ശാസ്ത്രഞ്ജനുമായ ബെഞ്ചമിൻ ബ്ലൂം പറഞ്ഞു വച്ച ബൗദ്ധിക മേഖലയിൽ മാത്രമായി, നാം ബദ്ധശ്രദ്ധരാകുന്നത്, വലിയ കുഴപ്പത്തിലേയ്ക്കാണ് നമ്മുടെ
പുതു തലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. അതായത് മക്കളുടെ ബൌദ്ധിക നിലവാരത്തിന്, വലിയ പ്രാമുഖ്യം നൽകുന്ന മാതാപിതാക്കളും അധ്യാപക സമൂഹവും, അത്ര തന്നെ ശ്രദ്ധ കൊടുക്കാത്ത വൈകാരിക വികാസത്തിന്റെ പരിമിതി, വിദ്യാർത്ഥികളിൽ തീർക്കുന്ന പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം ഈയ്യിടെ, സാക്ഷര കേരളത്തിലും ആപൽക്കരമായ ഒരു സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്നത് പറയാതെ വയ്യ. ഈ ലോക്ക് ഡൗൺ കാലത്ത്, സ്വന്തം സഹപാഠിയെ സാമൂഹ്യ മാധ്യമത്തിലെ കേവലമൊരു കളിയാക്കലിന്റെ പേരിൽ മാത്രം, കൂടെയുള്ള അയാളുടെ രണ്ടു സുഹൃത്തുക്കൾ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി, കല്ലെറിഞ്ഞും മഴു കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയിരിക്കുന്നുവെന്നത് ഉൾക്കൊള്ളാൻ പോലും നമുക്ക് പ്രയാസമാകുന്നുണ്ട്. ഇതോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ടതാണ്, ലോക്ക് ഡൗണിൽ ബൈക്കുമായി പുറത്തിറങ്ങിയ 22 കാരൻ, പോലീസ്, ബൈക്ക് പിടിച്ചു വെച്ചതിനെ തുടർന്ന്,റോഡിൽ വെച്ചു തന്നെ സ്വയം പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി, മരണത്തെ പുൽകിയത്. അപ്പോൾ എന്താണ് നമ്മുടെ കുട്ടികൾക്കും പുതുതലമുറക്കും സംഭവിക്കുന്നത്? മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരെ മാനസികമായും വൈകാരികമായും വളർച്ചയിലേയ്ക്കും പക്വതയിലേയ്ക്കും എത്തിക്കാൻ എന്തു കൊണ്ട് നമുക്ക് സാധിക്കുന്നില്ല? അല്ലെങ്കിൽ ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സഹകരണ മനോഭാവത്തോടെയും ത്യാഗ മനോഭാവത്തോടെയും പരസ്പ്പരം മനസ്സിലാക്കാനും ഒപ്പം സ്നേഹിക്കുവാനും നൈമഷികമായ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുവാനും നമ്മുടെ കുട്ടികളെ നാം എന്തുകൊണ്ട് പരിശീലിപ്പിക്കുന്നില്ല?

ചുരുക്കിപ്പറഞ്ഞാൽ, രാഷ്ട്രപിതാവായ ഗാന്ധിജി, വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ച് പൊതു സമൂഹത്തിനു മുൻപിൽ വെച്ച, വിദ്യാർത്ഥിയുടെ സമഗ്ര വികസനമെന്ന ആശയത്തിലേക്ക് നമ്മൾ, ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു വ്യക്തം.അതായത് കുട്ടിയുടെ വൈകാരിക മണ്ഡലത്തിനും പ്രാമുഖ്യം നൽകി, അവരിൽ അടിസ്ഥാനപരമായി തന്നെ സമഗ്രവികസനം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരിൽ നാം കുത്തി നിറക്കുന്ന ബൗദ്ധികപരമായ വളർച്ചക്കൊപ്പം തന്നെ, അവരുടെ വൈകാരിക വികാസം നാം ലക്ഷ്യംം വെയ്ക്കണം. അങ്ങനെയുള്ള ഒരു തലമുറയിലൂടെ മാത്രമേ, നാടിന്റെ സാമൂഹ്യപരമായ ഒരു വികസനം, നമുക്ക് അവകാശപ്പെടാനാകൂ.

അപ്പോൾ നാം രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇപ്പോൾ വേണ്ടത്, ഉയർന്ന ചിന്താശേഷിയും നൻമയിലേയ്ക്കുള്ള ഉറച്ച കാൽവെയ്പ്പുകളുമാണ്. മികച്ച ആശയ വിനിമയ ശേഷിയിലൂടെയും സംവേദനക്ഷമതയിലൂടെയുമാണ് അത്തരമൊരു നേട്ടം നമുക്ക് കൈവരിയ്ക്കാനാവുക.

പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിയ്ക്കാനും ആശയങ്ങളെ മികവുറ്റ രീതിയിൽ കൈമാറ്റം ചെയ്യാനും ഈ കാലത്ത് അവരെ പ്രാപ്തരാക്കാം…….

വീടുകളിലുള്ള സമയം കുടുംബാംഗങ്ങൾ തമ്മിൽ സൃഷ്ടിപരമായ സംവാദങ്ങൾ നടത്തി നമ്മുടെ കുടുംബ സദസ്സുകളെ സമ്പുഷ്ടമാക്കാം…….

കുടുംബ സദസ്സുകളിൽ, എല്ലാ മതങ്ങളേയും അവയുടെ വ്യതിരിക്തമായ സംസ്കാരങ്ങളെയും ബഹുമാനിയ്ക്കാനും അംഗീകരിയ്ക്കാനും പുതുതലമുറയെ പരിശീലിപ്പിക്കാം ….

കുടുംബാംഗങ്ങളുടെ എളിയ കലാസൃഷ്ടികളെ ആസ്വാദന മികവോടെ നമുക്കു സ്വീകരിയ്ക്കാം …

പുസതകങ്ങളിലൂടെയും പത്രത്താളുകളിലൂടെയും അറിവിന്റെയും പൊതു വിജ്ഞാനത്തിന്റേയും ലോകത്ത് വ്യാപരിയ്ക്കാം….

പുരുഷനും സ്ത്രീയും പരമ്പരാഗതമായി കുടുംബങ്ങളിൽ പിന്തുടരുന്ന ജോലികൾ, പരസ്പരം പങ്കുവെച്ച്, തൊഴിലിന്റെ മാഹാത്മ്യം സ്വയം അനുഭവവേദ്യമാക്കാം…..

തൊടിയിലെ തോട്ടം പരിപാലിച്ചും, അടുക്കളത്തോട്ടമൊരുക്കിയും പ്രകൃതിയോട് ഉൾച്ചേരാൻ നമുക്ക് പരിശീലിയ്ക്കാം….

അങ്ങിനെ, ഈ ലോക് ഡൗണും തുടർന്നുള്ള വേനലവധിയും ക്രിയാത്മക പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച്, പുതുമാതൃകകൾ സമൂഹത്തിൽ സൃഷ്ടിയ്ക്കാനുള്ള വലിയ സാധ്യതകളെ നമുക്കു പുൽകാം. അതിനുള്ള പരിശീലന വേദികൾ കൂടിയായി, ഈയവസരത്തിൽ നമ്മുടെ കുടുംബങ്ങൾ മാറട്ടെ.

✍ഡോ. ഡെയ്സൻ പാണേങ്ങാടൻ,
വിദ്യാഭ്യാസ ഗവേഷകൻ,
കാലിക്കറ്റ് യൂണിവേഴ്സിറ്റി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു