ഇനി മുതൽ നേരിട്ട് ഒന്നാം ക്ലാസ് പ്രവേശനമില്ല: പുതിയ വിദ്യാഭയസനയം, അറിയേണ്ടതെല്ലാം

Share News

പുതിയ വിദ്യാഭ്യാസ നയം നടപ്പാകുന്നതോടെ ‘സ്കൂൾ റെഡി’ കുട്ടികളായി മാറിയ ശേഷമേ ഒന്നാംക്ലാസ് പ്രവേശനം ലഭിക്കൂവെന്നു വ്യക്തം. പലയിടത്തും കുട്ടികൾക്കു നേരിട്ട് ഒന്നാംക്ലാസ് പ്രവേശനം അനുവദിക്കുന്ന രീതി ഇതോടെ ഇല്ലാതാകും.

അടിസ്ഥാന ഘട്ടത്തിൽപെടുന്ന അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനത്തിലൂടെ കുട്ടികൾ ഒന്നാംക്ലാസ് പ്രവേശനത്തിനു തയാറാകണമെന്ന നിർദേശമാണു നയത്തിലുള്ളത്. ഇതിനായാണ് 3 വയസ്സു മുതൽതന്നെ കുട്ടികളെ സ്കൂൾ എന്ന പരിധിയിൽപെടുത്തുന്നത്.

നേരത്തേതന്നെ കുട്ടികൾക്കു വേണ്ടത്ര ശ്രദ്ധയും പഠനവും ലഭിക്കാത്ത പ്രശ്നത്തെക്കുറിച്ചു നയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നാം ക്ലാസിന്റെ ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം കുട്ടികളും പഠനത്തിൽ പിന്നിലാകുന്നുവെന്നാണു നിരീക്ഷണം. 6 വയസ്സിനു മുൻപുള്ള കാലം ബുദ്ധിവികാസത്തിന് ഏറ്റവും അനുയോജ്യമാണ്. അങ്കണവാടി, പ്രീപ്രൈമറി ക്ലാസുകൾക്കു പുറമേ 3 മാസത്തെ സ്കൂൾ പ്രിപ്പറേഷൻ മൊഡ്യൂളും നയത്തിൽ നിർദേശിക്കുന്നു.

സ്കൂളിന്റെ ‘കൈപിടിച്ച്’ അങ്കണവാടികൾ

പുതിയ വിദ്യാഭ്യാസ നയം നടപ്പിലാകുന്നതോടെ അങ്കണവാടികളുടെ പ്രാധാന്യം വർധിക്കും. തൊട്ടടുത്ത സ്കൂളുമായി ചേർന്നാകും പ്രവർത്തനം. സ്കൂളിലെ പരിപാടികൾക്ക് അങ്കണവാടി കുട്ടികളെയും ജീവനക്കാരെയും വിളിക്കണം; തിരിച്ചും. ശിശുസൗഹൃദ കെട്ടിടം, മികച്ച അടിസ്ഥാനസൗകര്യം, വിനോദ ഉപകരണങ്ങൾ, പരിശീലനം ലഭിച്ച അധ്യാപകരടക്കം ജീവനക്കാർ തുടങ്ങിയവ അങ്കണവാടികളിൽ ഉറപ്പാക്കണം. അങ്കണവാടിയിലേതടക്കം ചെറിയ കുട്ടികൾക്കായി കാലേക്കൂട്ടിയുള്ള ശിശുപരിപാലന – വിദ്യാഭ്യാസ (ഇസിസിഇ) പരിപാടി നടപ്പാക്കും.

Share News