
എന്നും എപ്പോഴും എല്ലാവര്‍ക്കും ഈസി ആയ ഉമ്മന്‍ ചാണ്ടി
‘ഇല്ല’ എന്നൊരു വാക്ക് നിഘണ്ടുവില്‍ നിന്നു നീക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. നോ പറയാന്‍ അറിയില്ല. ജനനേതാവെന്നതു മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ കരുണയുള്ള ഹൃദയം ആണ് ഏറെ ആകര്‍ഷിച്ചത്. എപ്പോഴും എല്ലാവര്‍ക്കും അഭയം തേടാവുന്ന കെടാവിളക്കാണ് ഉമ്മന്‍ ചാണ്ടി.എന്നും എപ്പോഴും എല്ലാവര്‍ക്കും ഈസി ആയ ഒസി.

ആരോടും ദേഷ്യപ്പെടാതിരിക്കാനും കഴിയുന്ന സഹായം ചെയ്യുകയെന്നതും ആര്‍ക്കും എളുപ്പമല്ല. എന്നാല്‍ രാഷ്ട്രീയ തന്ത്രങ്ങളില്‍ അഗ്രഗണ്യനുമാണ്. കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം, തോല്‍ക്കാത്ത മനസ്, അചഞ്ചലമായ കൂറ്, സമന്വയം, സമഭാവം, ലാളിത്യം, വിനയം, ദൈവഭക്തി തുടങ്ങി പലതു കൊണ്ടും ഉമ്മന്‍ ചാണ്ടിക്കു പകരം ഉമ്മന്‍ ചാണ്ടി മാത്രം.
തിരുവനന്തപുരത്ത് 1991 മുതല്‍ ദീപിക റിപ്പോര്‍ട്ടര്‍ ആയിരുന്ന കാലത്താണ് ഉമ്മന്‍ ചാണ്ടിയെ അടുത്തറിഞ്ഞത്. അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ 1994, 1995 കാലത്ത് ഞാന്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായിരുന്നതിനാല്‍ വളരെയേറെ അടുപ്പമുണ്ടായി. 1996ല്‍ ഞാന്‍ എറണാകുളം ബ്യൂറോ ചീഫ് ആയും തുടര്‍ന്ന് അതേ വര്‍ഷം കണ്ണൂര്‍ റസിഡന്റ് എഡിറ്ററുമായ ശേഷം സൗഹൃദം നിലനിര്‍ത്തിയെങ്കിലും പഴയപോലെ എപ്പോഴും കാണുന്നില്ലായിരുന്നു. 2002 മുതല്‍ ഡല്‍ഹിയിലെ ദീപികയുടെ ബ്യൂറോ ചീഫായി ദേശീയ തലസ്ഥാനത്തെത്തിയതോടെ ഉമ്മന്‍ ചാണ്ടിയുമായി വീണ്ടും ഉറ്റസൗഹൃദം ഉണ്ടായി. പിന്നീടിങ്ങോട്ട് രണ്ടു തവണ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായതോടെ ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനെ, വലിയ നേതാവിനെ, ഭരണാധികാരിയെ കൂടുതല്‍ ആഴത്തില്‍ കണ്ടറിഞ്ഞു.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട എന്റെ പത്രപ്രവര്‍ത്തന കാലത്ത് അടുത്തറിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ ചില രഹസ്യങ്ങളുടെ നേര്‍സാക്ഷിയുമാണ്. കാത്തിരിക്കുക. ഇനിയും പുറംലോകത്തോടു വെളിപ്പെടുത്താത്ത ചില രഹസ്യങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ എഴുതാം.

1970 മുതല്‍ തോല്‍വിയറിയാതെ 11 തെരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി നിയമസഭയിലെത്തിയ ഈ വലിയ മനുഷ്യന്‍ കേരള രാഷ്ട്രീയത്തിലെ അത്യപൂര്‍വ നക്ഷത്രമാണ്. കേരള രാഷ്ട്രീയത്തിലെ മറ്റൊരു വലിയ നക്ഷത്രമായിരുന്ന കെ.എം. മാണിക്കു ശേഷം ഇത്തരമൊരു നേട്ടം കൈവരിച്ച ഏകയാള്‍. നിയമസഭാ സാമാജികനെന്ന നിലയില്‍ നാളെ 50 വര്‍ഷം തികയ്ക്കുന്ന കേരള ജനത നെഞ്ചിലേറ്റിയ കരുതലിന്റെ നായകനായ ഉമ്മന്‍ ചാണ്ടിക്ക് സര്‍വമംഗളങ്ങളും ആശംസകളും നേരുന്നു.(എ.കെ. ആന്റണി ഇന്നലെ ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക സ്റ്റാമ്പ് ആണ് ഫോട്ടോയില്‍)
George Kallivayalil