
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുത്തനെ കൂട്ടി. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാൽ തീരുവ വർധിപ്പിച്ചത് ചില്ലറവിൽപ്പന വിലയെ ബാധിക്കില്ല.
പെട്രോളിന്റെ എക്സൈസ് തീരുവ രണ്ട് രൂപയും റോഡ് സെസ് എട്ട് രൂപയുമാണ് വർധിപ്പിച്ചത്. ഡീസലിന്റെ എക്സൈസ് തീരുവ ലിറ്ററിന് അഞ്ച് രൂപയും റോഡ് സെസ് എട്ട് രൂപയും വർധിപ്പിച്ചു. ഇതോടെ പെട്രോളിന്റെ ആകെ എക്സൈസ് തീരുവ ലിറ്ററിന് 32.98 രൂപയായും ഡീസലിന്റേത് 31.83 രൂപയായും ഉയർന്നു.
2014 ൽ മോദി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിന്റെ നികുതി ലിറ്ററിന് 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്ന് മാർച്ചിനു ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം പെട്രോൾ ഡീസൽ നികുതി വർധിപ്പിക്കുന്നത്. മാർച്ചിൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ ഉയർത്തി 39,000 കോടി രൂപയാണ് കേന്ദ്രം നേടിയത്.
അന്താരാഷ്ട്ര എണ്ണവില രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലായിട്ടും മാർച്ച് 16 മുതൽ പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചിട്ടില്ല. എക്സൈസ് തീരുവ വർധനവിലൂടെയാണ് വിലയിലെ ഇടിവ് ജനങ്ങൾക്ക് നൽകാതെ കേന്ദ്രം പിടിച്ചെടുത്തത്.