
കൊവിഡ് കാലത്തെ ജെ.ഇ.ഇ പരീക്ഷയ്ക്ക് കർശന നിയന്ത്രണം: പരീക്ഷാഹാളിലെത്താൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേക സമയം
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്ക് നടുവിലാണ് ഈ വർഷത്തെ ജെ.ഇ.ഇ മെയിൻ പരീക്ഷനടക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പരിശോധന, സാനിറ്റൈസേഷൻ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിനാൽ പരീക്ഷാർത്ഥികൾ ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്തണം.
കേന്ദ്രങ്ങളിലെത്തുന്നതിന് പരീക്ഷാർത്ഥികൾക്ക് പ്രത്യേക സമയം അനുവദിക്കുമെന്ന് എൻടിഎ ഡയറക്ടർ വിനീത് ജോഷി പറഞ്ഞു. കുട്ടികൾ കൂട്ടമായി എത്തുന്നത് ഒഴിവാക്കാനാണിത്. വിദ്യാത്ഥികൾക്കൊപ്പം രക്ഷിതാക്കൾ വരുന്നത് കഴിവതും ഒഴിവാക്കണം. വരുന്നുണ്ടെങ്കിൽ പരീക്ഷാർത്ഥികളെ അവിടെ വിട്ടതിന് ശേഷം ഉടൻ തന്നെ പരിസരപ്രദേശങ്ങളിൽ നിന്ന് മാറണം. കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും തിരക്ക് നിയന്ത്രിക്കുന്നതി്‌ന് വേണ്ടിയാണിത്.
വിദ്യാർത്ഥികൾ അറിയാൻ
- ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡും ഐഡന്റിറ്റി പ്രൂഫും ഇല്ലാത്തവരെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. ബാഗുകൾ ഉൾപ്പെടെ മറ്റു വസ്തുക്കളൊന്നും പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കില്ല.
- ഹാളിൽ പ്രവേശിച്ചാലുടൻ പരീക്ഷാർത്ഥികൾ സാമൂഹിക അകലം ഉറപ്പാക്കി അവരുടെ നിശ്ചിത സീറ്റിൽ ഇരിക്കണം.
- പേപ്പർ രണ്ടിന് ജോമെട്രി ബോക്‌സ്, കളർ പെൻസിലുകൾ, ക്രയോണുകൾ എന്നിവ അനുവദിക്കും. വാട്ടർ കളർ അനുവദിക്കില്ല.
- ചെയ്തു നോക്കുന്നതിനായി (rough work) ബ്ലാങ്ക് പേപ്പർ, പേന/പെൻസിൽ എന്നിവ നൽകും. പരീക്ഷയ്ക്ക് ശേഷം ഇൻവിജിലേറ്റർമാർക്ക് ഈ പേപ്പർ തിരികെ ഏൽപ്പിക്കണം. ഇതിന് മുകളിലായി പേര്, റോൾ നമ്പർ എന്നിവ എഴുതിയിരിക്കുകയും വേണം.
- പരീക്ഷക്ക് മുമ്പായി തന്നെ ഫോട്ടോയും ഒപ്പും കൃത്യമായി അറ്റാച്ചു ചെയ്തിട്ടുണ്ടെന്ന് പരീക്ഷാർത്ഥികൾ ഉറപ്പാക്കണം. തമ്പ് ഇംപ്രെക്ഷൻ ഇടുമ്പോൾ കൃത്യമായി ചെയ്യണം.
- പ്രമേഹരോഗികളായ പരീക്ഷാർത്ഥികളെ ഗുളികകൾ, പഴങ്ങൾ (വാഴപ്പഴം/ആപ്പിൾ/ഓറഞ്ച്), വാട്ടർ ബോട്ടിലുകൾ എന്നിവയുമായി പ്രവേശിക്കാം
- പായ്ക്ക് ചെയ്ത ചോക്ലേറ്റുകൾ/കാൻഡി/സാൻഡ്‌വിച്ച് എന്നിവയുമായി പ്രവേശിക്കാൻ ആരെയും അനുവദിക്കില്ല.