വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തില്‍പ്പെടുത്താന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് ഖുര്‍ആനെ കൊണ്ടുവന്ന പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന് സൃഷ്ടിച്ച് വിവാദത്തിന് ശ്രമിച്ചത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.
ഖുര്‍ആന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി ആദ്യം ആരോപം ഉന്നയിച്ചത് ബി ജെ പിയും, ആര്‍ എസ് എസുമാണ്. തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പരാതിയുമായി യു ഡി എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുന്നു. എന്ത് അടിസ്ഥാനത്തിലായിരുന്നു ഇത്. കള്ളക്കടത്ത് വഴി ഖുര്‍ആന്‍ പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാറാണിതെന്ന് ലീഗ് നേതാക്കളല്ലേ ആരോപിച്ചത്. ഇത് എന്തിനായിരുന്നു. ആര്‍ക്ക് വേണ്ടിയായിരുന്നു. എന്തിന് അവര്‍ ഖുര്‍ആനെ വിവാദത്തിലേക്ക് കൊണ്ടുവന്നു.
ആര്‍ എസ് എസിനും ബി ജെ പിക്കും ഒരു ലക്ഷ്യമിട്ടുണ്ട്. എന്തിനാണ് അവരുടെ പ്രചാരണം യു ഡി എഫ് നേതാക്കള്‍ ഏറ്റുപിടിച്ചത്. ഇപ്പോള്‍ കുറച്ച് ഒന്ന് തിരിച്ച് കുത്തുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ചില ഉരുണ്ടുകളില്‍ ഉണ്ട്. ഏതായാലും പറ്റിയ അബദ്ധം തിരിച്ചറിയുന്നത് നല്ലതാണ്. കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ബോധോദയം ഉണ്ടായത് നന്നായി. ഖുര്‍ആനെ വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിനേയും മന്ത്രിയേയും ആക്രമിക്കാന്‍ പുറപ്പെടേണ്ടതില്ലായിരുന്നു. സര്‍ക്കാറിനെ ആക്രമിക്കാന്‍ എന്തും ആയുധമാക്കാമെന്നല്ലേ യു ഡി എഫ് നേതാക്കള്‍ കരുതിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തില്‍ വിശുദ്ധ ഖുര്‍ആനെ അംഗീകരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളില്ലേ. ഖുര്‍ആനോട് അനാധരവ് കാണിക്കുമ്ബോള്‍ അവരുടെ വികാരം വൃണപ്പെടും. ഇത് സ്വാഭാവികമാണ്. അവരുടെ വികാരം ഇപ്പോള്‍ ആര്‍ക്കെതിരായാണ് വന്നത്. ലീഗ് എന്ന് പറയുന്നത് എന്താണെന്ന് നാട്ടിലെ എല്ലാവര്‍ക്കും അറിയാം. നമ്മുടെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പാര്‍ട്ടിയെന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. അത്തരത്തിലൊരു പാര്‍ട്ടി ഖുര്‍ആനെ വിവാദത്തിലേക്ക് കൊണ്ടുവരുതായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.