നമ്മള്‍ മാത്രം സ്‌പെഷ്യല്‍ എന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന ആത്മീയതകളില്‍ ലോകം വല്ലാതെ ചുരുങ്ങുന്നല്ലോ, സുഹൃത്തേ!
കണ്‍ചിമിഴിലെ ആകാശത്തുളളികള്‍
അഭിലാഷ് ഫ്രേസര്
എന്റെ യൗവനത്തിന്റെ പുലര്‍കാലം ചെലവഴിച്ചത് സന്ന്യാസാശ്രമങ്ങളുടെ ആവൃതിക്കുള്ളിലായിരുന്നു. അപാരതയോടു പ്രണയബദ്ധനായി തീര്‍ന്ന, അശാന്ത കൗമാരത്തിന്റെ അവസാനം ഒരു ചെറുലോകത്തിന്റെ ഇത്തിരിവട്ടത്തിനുള്ളില്‍ ഞാനെന്റെ സ്വപ്‌നങ്ങളെ തളച്ചിട്ടു...
അനശ്വരതയെയും, അപാരതയെയും ചെറുചിമിഴുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ള ശ്രമങ്ങളാകുന്നു, പലപ്പോഴും സമകാലിക ആത്മീയതകള്‍… പിന്നീട്, നഷ്ടപ്പെടുന്ന ആകാശങ്ങളെ കുറിച്ച് ബോധവാനാകുമ്പോള്‍ എത്രയോ കാലം കഴിഞ്ഞിരുന്നു!
ഇന്ന് ആഘോഷിക്കപ്പെടുന്ന ആത്മീയതകള്‍ക്കെല്ലാം ഇസ്രായേലിന്റെ മനസ്സാണ്. ഞങ്ങളുടെ മാത്രം ദൈവം. ഞങ്ങളുടെ അതിര്‍ത്തിക്കുള്ളിലെ ദൈവം. പുറമേയുള്ളവരെല്ലാം ദൈവത്തിന് അപരിചിതര്‍, ദൈവം ഉപേക്ഷിച്ചവര്‍! സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ജിഹാദുകള്‍ നടത്തുന്ന മതതീവ്രവാദികള്‍ മുതല്‍ സ്വയം രക്ഷിക്കപ്പെട്ടവര്‍ എന്നു വിളിച്ചു സ്വന്തമായി സൃഷ്ടിക്കുന്ന ദൈവരാജ്യങ്ങള്‍ക്കു വെളിയിലേക്ക് തങ്ങളുടെ അഭിപ്രായത്തെ മാനിക്കാത്തവരെയെല്ലാം പുറംതള്ളുന്ന കടുത്ത വിശ്വാസികള്‍ വരെ ഈ മനോഭാവം പുലര്‍ത്തുന്നവരാണ്. ദൈവത്തിന്റെ സ്വകാര്യവല്കരണം ഒരര്‍ത്ഥത്തില്‍ ആത്മീയഭീകരത തന്നെയാണ്!
ഞാന്‍ ആഫ്രിക്കയിലെ ആദിവാസികളെ കുറിച്ചു ചിന്തിക്കുന്നു. ഒരിക്കലും നമ്മുടെ ഭാഷ്യങ്ങളിലെ ദൈവത്തിന്റെ വെളിച്ചം കാണാന്‍ ഭാഗ്യം ലഭിക്കാത്തവര്‍. ആത്മീയതയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്തവര്‍. അവരോടു ദൈവം എപ്രകാരം ഇടപെടും?
അവരുടെയുള്ളില്‍ നന്മതിന്മയുടെ നിയമങ്ങള്‍ ആരു നടും?
നമ്മുടെ ആത്മീയനിയമങ്ങളുടെ അളവുകോലുകള്‍ കൊണ്ട് അവരുടെ ചെയ്തികളെ വിധിക്കാനാകുമോ?
വ്യാഖ്യാനിക്കാന്‍ പോലുമാകുമോ?
എന്നിട്ടും ദൈവത്തിനു അത്തരം ജനവിഭാഗങ്ങള്‍ ഇസ്രായേലിനോളം പ്രിയപ്പെട്ടവരാകാതിരിക്കുമോ?
ഒരേ തരം രക്തവും ശ്വാസവുമല്ലേ, അവരിലും നമ്മിലും ഒഴുകുന്നത്! ഇത് ആഫ്രിക്കക്കാരുടെ മാത്രം കാര്യമല്ലല്ലോ. നമുക്കിടയില്‍ തന്നെ വേറെ വേറെ ജനവിഭാഗങ്ങളല്ലേ! എന്നിട്ടും ഓരോരുത്തര്‍ക്കും അവരവര്‍ മാത്രമാണ് ഇസ്രായേല്‍ക്കാര്‍. നമ്മള്‍ മാത്രം സ്‌പെഷ്യല്‍ എന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന ആത്മീയതകളില്‍ ലോകം വല്ലാതെ ചുരുങ്ങുന്നല്ലോ, സുഹൃത്തേ!
നൊവിഷ്യേറ്റ് എന്നൊരു കാലമോര്‍ക്കുന്നു. ആത്മീയശീലങ്ങളുടെ കാര്യത്തില്‍ സുന്ദരമായ ഒരു കാലഘട്ടമാണത്. മനസ്സ് മഞ്ഞുപോലെ ശുദ്ധമാകുന്ന സന്ന്യാസത്തിന്റെ മധുവിധുകാലം. ഒരു പൂര്‍ണവര്‍ഷം മുഴുവനും ഒരാവൃതിക്കുള്ളില്‍. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. പഠനവും പ്രാര്‍ത്ഥനയും മണ്ണിലുള്ള ചെറുജോലികളും വിനോദങ്ങളും. ചിട്ടയായ ജീവിതം. സന്ന്യാസത്തിന്റെ അനുഭൂതികള്‍ സത്യസന്ധമായ ഹൃദയത്തോടെ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് അത് മറക്കാനാവാത്ത ഒരു കാലയളവാണ്. എന്നിരിക്കിലും, ഒരു വശത്ത് ഒരാത്മീയാനന്ദം നിലനില്‍ക്കേ തന്നെ, തീവ്രമായ വ്യഥയോടെ എന്റെ ഹൃദയം നഷ്ടപ്പെട്ട ആകാശത്തെയോര്‍ത്തു കേണു. ടൈംടേബിള്‍ വച്ചു കൃത്യമായി മുറിച്ചു വീതിച്ച ദിവസത്തിന്റെ അവസാനം ആകെ ലഭിക്കുന്നത് സായാഹ്നങ്ങളില്‍ ആകാശം നോക്കിനില്‍ക്കുന്ന പതിനഞ്ചോ ഇരുപതോ നിമിഷങ്ങളാണ്. പ്രപഞ്ചത്തെ തൊടുന്ന സ്വച്ഛമായ ആ നിമിഷങ്ങള്‍ ഓര്‍മകളില്‍ ഒരുത്സവം പോലെയാണ്. വെയിലുമാഞ്ഞ സന്ധ്യകളില്‍, കുളി കഴിഞ്ഞെത്തി, ആവൃതിയുടെ ചെറുമട്ടുപ്പാവില്‍ നിന്നു കാണാവുന്ന ഒരു തുള്ളി ആകാശം ഞാന്‍ മുലപ്പാല്‍ പോലെ നുണഞ്ഞിറക്കി. ഒരു തൂവാലയോളം പോന്ന ആകാശത്തിന്റെ ചിന്തിനെ പ്രണയപൂര്‍വം നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു. വാനിലൂടെ എന്നും കൂടണയാന്‍ പാറിപ്പോകുന്ന പറവക്കൂട്ടങ്ങളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. എന്റെ ചെറുമുറിയുടെ ജാലകത്തിനു പുറത്തു ചെമ്പകം പൂത്ത നാളുകളുമോര്‍മ വരുന്നു. ത്രിസന്ധ്യയില്‍ പരന്നൊഴുകുന്ന ചെമ്പകഗന്ധം പ്രപഞ്ചത്തിന്റെ സമസ്തസൗന്ദര്യങ്ങളോടും കൂടി വന്നെത്തി പ്രാണനെ പുല്‍കിയുണര്‍ത്തിയിരുന്നു. അതിരില്ലായ്മയെ ആഘോഷിച്ച ദുര്‍ലഭമായ നിമിഷങ്ങളായിരുന്നു, അത്.
ആകാശം കാണാന്‍ കഴിയാതിരിക്കുക എന്നത് (നമ്മള്‍ അതിനെ എന്തു പേരിട്ടു വിളിച്ചാലും) ജീവിതത്തിന്റെ ദുരന്തമാണെന്നു ബോധ്യമായ കാലമാണത്. പില്‍ക്കാലത്ത് നീണ്ട ആതുരാലയകാലത്ത്, ആകാശങ്ങളിലേക്കു തുറക്കുന്ന ഒരു ജാലകമായിരുന്നു, ഒരേയൊരു ശാഠ്യം. പ്രകാശം ഹൃത്തിലേറ്റു വാങ്ങി തുടുത്ത മേഘമാലകളും, അതിരുകള്‍ മായ്ച്ചു പറക്കുന്ന പറവകളും… ഇവയൊന്നും കാണാനാവാതെ ജീവിക്കുക എന്തൊരു ദുര്‍ഭഗമാണ്! ആകാശം കാണാനാവാതിരിക്കുക എന്നതു തന്നെയാണ് തടവുപുള്ളികളുടെ ഏറ്റവും വലിയ ശിക്ഷ എന്നു തോന്നുന്നു. ആകാശത്തിന്റെ അപാരത നോക്കിക്കിടക്കാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, അവരുടെ നെഞ്ചിലെ ദുഷ്ടതയുടെ ചെറുതുരുത്തുകള്‍ മാഞ്ഞുപോകുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പറയൂ, ആകാശം നമ്മുടെ നെഞ്ചിലെ ചങ്ങലകളഴിച്ചു തരില്ലേ? ഒരു പറവയുടെ ചിറകു തരില്ലേ?
്‌നക്ഷത്രങ്ങള്‍ വാരിത്തൂവിയ രാത്രിവാനം നോക്കി ഒരു വലിയ ടെറസ്സിന്റെ മുകളില്‍ മലര്‍ന്നു കിടന്നിട്ടുണ്ടോ? എത്ര നോക്കിയാലും പിന്നെയും പിന്നെയും മായുന്ന അതിരുകള്‍. എത്ര എണ്ണിയാലും പിന്നെയും പിന്നെയും പ്രത്യക്ഷപ്പെടുന്ന നക്ഷത്രപ്പൊട്ടുകള്‍… പ്രകാശത്തരികള്‍ വീണുചിതറിയ കരിനീലാകാശം. അനന്തത നിങ്ങള്‍ക്കു മുകളില്‍ ചിറകു വിരിച്ചു നില്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലെ എല്ലാ ചെറുവേലിക്കെട്ടുകളും തകര്‍ന്നു വീഴുന്നു. നിങ്ങള്‍ അപാരതയുടെ ഭാഗമാകുന്ന പോലെ.. എന്തൊരനുഭൂതിയാണത്!
ആകാശത്തേക്കു നോക്കാന്‍ നേരമില്ല എന്നതാണ് നമ്മുടെ കാലത്തിന്റെ ദുരന്തം. അളന്നു മുറിച്ചിട്ട ഭൂമി. ഓരോ തിരിവിലും ഒരായിരം വേലിക്കെട്ടുകള്‍. ഒരായിരം നിയമങ്ങളും നിയന്ത്രണരേഖകളും കൊണ്ടു മുറിച്ചിട്ട മനസ്സുകള്‍. ദൈവത്തെ പോലും ഭാഗം വച്ച് പങ്കിടുമ്പോള്‍, ആകാശത്തെ കുറിച്ചുള്ള നമ്മുടെ ആദിമസ്വപ്‌നങ്ങളെയാണ് നമ്മള്‍ വഞ്ചിക്കുന്നത്. എന്നാണ് നമ്മുടെ ആകാശസ്വപ്‌നങ്ങള്‍ കൈമോശം വന്നത്? ആര്‍ക്കാണ് നമ്മുടെ ചിറകുകള്‍ നമ്മള്‍ പണയം വച്ചത്?
കാലദേശങ്ങളുടെ അതിരുകള്‍ക്കുള്ളിലേക്ക്, അറിവില്ലായ്മയുടെ മതില്‍ക്കെട്ടിനുള്ളിലേക്കു ചുരുങ്ങിയ ഈ ചെറുജന്മത്തിന്റെ ആവൃതിക്കുള്ളില്‍ നിന്നു നമ്മള്‍ ഒരേ ആകാശക്കീറിലേക്ക് നോക്കിനില്‍ക്കുന്നു. ഞാന്‍ ഇവിടെ നിന്നും, നീ അവിടെ നിന്നും. പല വിശ്വാസപ്രമാണങ്ങളില്‍ നിന്നും പലവര്‍ണങ്ങളില്‍ നിന്നും ഒരേ ആകാശം നമ്മുടെ മിഴികളെയും മനസ്സിനെയും ഒന്നിപ്പിക്കുന്നു; ഒരേ സ്വപ്‌നങ്ങള്‍ നിന്നില്‍ നിന്നും എന്നില്‍ നിന്നും ചിറകു വിടര്‍ത്തുന്നു.
ആകാശങ്ങളെയും മഴവില്ലിനെയും നോക്കി നൃത്തമാടുന്ന കുട്ടികളെ കാര്‍ക്കശ്യങ്ങളുടെ കാവലാളുകള്‍ ദേവസന്നിധിയില്‍ നിന്നു പുറം തള്ളുമ്പോള്‍, ഹൃദയാകാശങ്ങളുടെ അതിരുകള്‍ കണ്ടൊരാള്‍ അവരെ ചാരത്തേക്കു തിരികെ വിളിക്കുമെന്ന പ്രത്യാശയോടെ, അതിരുകള്‍ മായ്ച്ചു പറക്കുന്ന പറവക്കൂട്ടങ്ങളുടെ വാനവീഥിയിലൂടെ ഞാനെന്റെ കിനാവുകളെ പറത്തിവിടട്ടേ!(സജലം എന്ന പുസ്തകത്തില്‍ നിന്ന്)