നന്ദി പറയാന്‍ എം. ജയചന്ദ്രന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ എത്തി.

Share News

പ്രമുഖ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ എത്തി. രണ്ട് വര്‍ഷം മുമ്പ് കോവിഡ് കാലത്ത് സ്‌കൂളിലെ 25 അധ്യാപകര്‍ ചേര്‍ന്ന് എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ 25 ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരു ഗാനോപഹാരം തയ്യാറാക്കിയിരുന്നു. എം. ജയചന്ദ്രന്റെ സംഗീത ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് ഇത് തയ്യാറാക്കിയത്.

ജൂണ്‍ മാസം 14 ന് എം.ജയചന്ദ്രന്റെ ജന്മദിന സന്ധ്യയില്‍പതിവുപോലെ സ്‌കൂള്‍ രക്ഷാധികാരി കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഞാന്‍ ഈ ഗാനോപഹാരം ജയചന്ദ്രന് നല്‍കി. ഗാനോപഹാരം ഇഷ്ടപ്പെട്ട ജയചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇത് പങ്കുവച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ഒന്നരലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. അന്ന് ജയചന്ദ്രന്‍ സ്‌കൂളിലെത്തി അധ്യാപകര്‍ക്ക് നന്ദി പറയുമെന്ന് വാക്ക് നല്‍കിയിരുന്നു. തിരക്കുകള്‍ കാരണം ഇന്നാണ് അത് സാധ്യമായത്. സ്‌കൂളിലെ മ്യൂസിക് ടീച്ചര്‍ അശ്വതിയുടെ നേതൃത്വത്തിലാണ് ഗാനോപഹാരം അന്ന് തയ്യാറാക്കിയത്. നന്ദിപറയാന്‍ ജയചന്ദ്രന്‍ എത്തിയപ്പോള്‍ അശ്വതിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ അധ്യാപക ഗായകസംഘം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ആലപിച്ചു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഗാനോപഹാരത്തിന് ഉപയോഗിച്ച പാട്ടുപുസ്തകത്തില്‍ ജയചന്ദ്രന്‍ കൈയ്യൊപ്പ് ചാര്‍ത്തി നല്‍കി.

Share News