സംസ്ഥാന പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ IPSചുമതലയേറ്റു.

Share News

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എ.ഡി.ജി.പി എച്ച്. വെങ്കടേഷ് പുതിയ പോലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ശ്രീജിത്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം ആർ അജിത് കുമാർ പോലീസ് ആസ്ഥാനത്തേയും തിരുവനന്തപുരം ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

തുടർന്ന് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അർപ്പിച്ച ശേഷം പുതിയ പോലീസ് മേധാവി സ്പെഷ്യൽ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു.

1991 ബാച്ചിലെ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്തു നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തുന്നത്.

കേരള കേഡറിൽ എ.എസ്.പിയായി കണ്ണൂർ തലശ്ശേരിയിൽ സർവീസ് ആരംഭിച്ച അദ്ദേഹം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റയിൽവേസ്, വിജിലൻസ് എറണാകുളം റെയ്ഞ്ച്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ എസ്.പിയായും പോലീസ് ആസ്ഥാനത്ത് എ.ഐ.ജി 1 ആയും കെ.എ.പി രണ്ടാം ബറ്റാലിയൻ, കെ.എ.പി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടന്റ് ആയും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി ബോസ്നിയയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.

ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി സുഡാൻ, തൃശൂർ റെയ്ഞ്ച്, എറണാകുളം റെയ്ഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയി പ്രവര്ത്തിച്ചിട്ടുണ്ട്. ഡി.ഐ.ജി റാങ്കിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.

ഐ.ജി ആയി സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി ഇന്റലിജൻസ് ബ്യൂറോയിലേയ്ക്ക് പോയത്. ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനം, ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിൽ അദ്ദേഹം ജോലി നോക്കി.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി നോക്കവേ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം ഐ.ബി അഡീഷണൽ ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം.

വിശിഷ്ടസേവനത്തിന് 2015 ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009 ൽ ഇന്ത്യൻ പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Share News