കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേർ

Share News

കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാർ 3,80,385 (37.84 ശതമാനം) പേരാണ്. ആഭ്യന്തര യാത്രക്കാരിൽ 59.67 ശതമാനം പേരും റെഡ്‌സോൺ ജില്ലകളിൽ നിന്നാണെത്തിയത്.

ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ കർണാടകയിൽ നിന്നാണ് വന്നത്, 1,83,034 പേർ. തമിഴ്‌നാട്ടിൽ നിന്നും 1,67,881 പേരും മഹാരാഷ്ട്രയിൽ നിന്നും 71,690 പേരും വന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ കൂടുതൽ എത്തിയത് യുഎഇയിൽ നിന്നാണ്, 1,91,332 പേർ. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനമാണിത്. സൗദി അറേബ്യയിൽ നിന്ന് 59,329 പേരും ഖത്തറിൽ നിന്ന് 37,078 പേരും വന്നു.

ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേർക്ക് നൽകി. 39 കോടി രൂപ ഇങ്ങനെ വിതരണം ചെയ്തു. കേരളം പ്രവാസികൾക്കു മുന്നിൽ വാതിൽ കൊട്ടിയടക്കുന്നു എന്ന് ഒരു ഘട്ടത്തിൽ പ്രചരിപ്പിച്ചവരുണ്ട്. എന്നാൽ ഇവിടേക്ക് വന്ന എല്ലാവരെയും സ്വീകരിക്കുകയാണ് നാം ചെയ്‌തെന്ന് ഈ കണക്ക് തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Share News