ടാഗോറിന് നോബൽ സമ്മാനം കിട്ടിയിട്ട് 107 വർഷം

Share News

1913 നവംബർ13നാണ് രവീന്ദ്രനാഥ ടാഗോർ നോബൽ സമ്മാനിതനായി ആദരിക്കപ്പെട്ടത്. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ.

പി.കൃഷ്ണനുണ്ണി ഭാഷാപോഷിണിയിൽ എഴുതിയ ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാര ജേതാവ് അമേരിക്കൻ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിനെക്കുറിച്ചുള്ള ലേഖനം വായിക്കുന്നതിനിടയിലാണ് ഈ ദിനത്തിന്റെ പ്രാധാന്യവും ടാഗോറിനെയും ഓർത്തത്. അതിന് കാരണം കൃഷ്ണനുണ്ണി ഉയർത്തിയ ചോദ്യം തന്നെയാണ്. കൃതികളുടെ പിൽക്കാല ജീവിതം. പുരസ്കാരാനന്തരം കൃതികളുടെ ഭാവിയെന്തായിരിക്കും?

1911ലാണ് ബംഗാളി ഭാഷയിൽ ടാഗോർ ഗീതാഞ്ജലി എഴുതിയത്. ഇന്നും വായിക്കപ്പെടുകയും വിവിധ ഭാഷകളിൽ പുതിയ വിവർത്തനങ്ങളുണ്ടാകുകയും ചെയ്യുന്ന ടാഗോറിന്റെ ഗീതാഞ്ജലി വിസ്മയിപ്പിക്കാതിരിക്കുന്നില്ല. ഇന്നും എന്നും പ്രഭ ചൊരിയും ഗീതാഞ്ജലി.

ലൂയിസ് ഗ്ലിക്കിന്റെ അഭിപ്രായത്തിൽ കവിത ലോകത്തിന്റെ സ്വാന്തനമാണ്. ഓരോ കവിയും ഉറങ്ങാതെ മാലാഖമാരോടൊപ്പം ചരിക്കുന്നു.
ടാഗോറിനെ ഓർത്ത് തന്നെയായിരിക്കും ഗ്ലിക്ക് ഇങ്ങനെ പറഞ്ഞത്.

ഗീതാഞ്ജലിയിലെ ശ്ലോകം 35 എത്രയോ വട്ടം ഉരുവിട്ടിട്ടുണ്ട്. ഓരോ ഭാരതീയനും ദിനംപ്രതി നടത്തേണ്ട പ്രാർത്ഥന. വിശ്വമാനവികതയുടെ പ്രതീകമായ ആ മനീഷിയെ പ്രണമിച്ചു കൊണ്ട് കെ സി പിള്ളയും ഡോ.വി.എസ് ശർമയും ചേർന്ന് പരിഭാഷപ്പെടുത്തിയ ശ്ലോകം അനുബന്ധമായി ചേർക്കുന്നു.

എവിടെ മനസ്സ് നിർഭയമായും ശിരസ്സ് ഉന്നതമായും ജ്ഞാനം സ്വതന്ത്രമായും നില്ക്കുന്നു; എവിടെ ഗൃഹഭിത്തികൾ ലോകത്തെ ഖണ്ഡഖണ്ഡമായി മുറിച്ച് രാവും പകലും അതതിന്റ അങ്കണതലങ്ങളിൽ ഒതുക്കി നിർത്താതിരിക്കുന്നു; എവിടെയാണോ വാക്കുകൾ ഹൃദയത്തിന്റെ അഗാധമായ ഉറവിടത്തിൽ നിന്നും നിർവിശങ്കം പൊട്ടിപ്പുറപ്പെടുന്നത് ; കർമ്മധാര ദിക്കുകൾ തോറും ദേശങ്ങൾ തോറും ആയിരമായിരം വിധത്തിൽ ചാരിതാർത്ഥതയോടെ സ്വച്ഛന്ദം പ്രവഹിച്ചുകൊണ്ടിരിക്കുന്നത്; എവിടെ ചിന്തയുടെ സ്രോതസ്സ് ദുരാചാരങ്ങളുടെ വരണ്ട മരു ഭൂമിയിൽ പ്രവേശിച്ച് അതിന്റെ സ്വതന്ത്രമായ ഗതിക്ക് വിഘ്നം വരുത്താതിരിക്കുന്നു ; പൗരുഷം നൂറ് നൂറായി നുറുങ്ങി പോകാതിരിക്കുന്നു; എവിടയാണോ എല്ലാ കർമ്മങ്ങളെയും വിചാരങ്ങളെയും ആനന്ദത്തെയും അങ്ങ് എന്നെന്നും നേർവഴിക്ക് നയിച്ചു കൊണ്ടിരിക്കുന്നത്; ആ സ്വാതന്ത്ര്യ സ്വർഗ്ഗത്തിലേക്ക് അല്ലയോ പിതാവേ; ഭാരതീയരെ സ്വന്തം കൈ കൊണ്ട് നിർദയം കരുപ്പിടിപ്പിച്ച് ഉന്മുഖരാക്കി തീർക്കേണമേ!!

ഷാജി ജോർജ്

Share News