ഉമ്മൻ ചാണ്ടി: നിയമസഭയിലും ജനഹൃദയങ്ങളിലും നിറഞ്ഞ 50 വർഷങ്ങൾ

Share News

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഗോധയിൽ പയറ്റിതെളിഞ്ഞ് കേരളരാഷ്ട്രീയത്തിലേക്ക് എത്തിയ പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടി സാമാജികനായി 50 വർഷം പൂർത്തിയാക്കിയിരിക്കുന്നു. കാലചക്രത്തിനനുസരിച്ച രാഷ്ട്രീയത്തിൽ വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ ഉമ്മൻചാണ്ടിയുടെ പിന്നിട്ട നാൾ വഴികൾ കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഏടുകൂടിയാണ്.

നാട്ടുകാർക്കും വീട്ടുകാർക്കും കൂഞ്ഞൂഞ്ഞ്, മുഖ്യമന്ത്രി പദത്തിലെത്തിയതോടെ കേരളത്തിലെ കൊച്ചു കുട്ടികൾ പോലും ഉറക്കെ വിളിക്കുന്ന ഉമ്മൻ ചാണ്ടി. പാർട്ടിക്കാർക്ക് അന്നും ഇന്നും പ്രിയപ്പെട്ട ഒ.സി. പേരുകൾ പലതെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറുന്ന വ്യക്തിത്വം. കേരളത്തിൽ ഇന്ന് ഉമ്മൻചാണ്ടിക്കുള്ള ജനപ്രീതിയുടെ കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കം കാണില്ല.

പിന്നിട്ട അഞ്ചു പതിറ്റാണ്ടിന്റെ ഊർജവുമായി ഉമ്മൻചാണ്ടി ജവഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്. സമാജികനെന്ന നിലയിൽ കഴിഞ്ഞ നാളുകളിൽ അതിവേഗം ബഹുദൂരം ഉമ്മൻചാണ്ടി പിന്നിട്ട വഴികളിലേക്ക് കേരള ന്യൂസ് നെറ്റ് വർക്ക് സഞ്ചരിക്കുന്നു.

ചെറുപ്പിന്‍റെ തിളക്കത്തിൽ ആദ്യവിജയം

1970 സെപ്റ്റംബർ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ കന്നിമത്സരം പുതുപ്പള്ളിയിൽ അരങ്ങേറി. അന്നു പാർട്ടി ചിഹ്നം നല്കാൻ എത്തിയത് കോൺഗ്രസിന്റെ സമുന്നത നേതാവ് പ്രഫ കെ.എം ചാണ്ടി. അന്ന് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു ‘പുതുപ്പള്ളിയിൽ ജയിക്കാമെന്നു കരുതണ്ടാ, രണ്ടാം സ്ഥാനത്തുവന്നാൽ ജയിച്ചെന്നു ഞങ്ങൾ കണക്കുകൂട്ടും.’ കോൺഗ്രസ് അന്നു വിഘടിച്ചു നില്ക്കുകയും സംഘടനാ കോൺഗ്രസ് പുതുപ്പള്ളിയിൽ ആധിപത്യം പുലർത്തുകയും ചെയ്ത കാലമായിരുന്നു അത്. വാശിയേറിയ ത്രികോണ മത്സരം. മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ ഇ.എം. ജോർജ് ആയിരുന്നു എതിരാളി. 7,288 വോട്ടുകൾക്ക് ഉമ്മൻ ചാണ്ടി ജയിച്ചു. കെ.എം ചാണ്ടിയുടെ കണക്ക് തെറ്റി.

പാർട്ടി 25,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ട് നല്കിയിരുന്നു. സംഭാവനയായി 2,500 രൂപയും കിട്ടി. തെരഞ്ഞെടുപ്പിന് 25,000 രൂപയായിരുന്നു ചെലവ്. മിച്ചം വന്ന 2500 രൂപ തിരികെ ഏല്പിച്ചെങ്കിലും അന്നത്തെ കെപിസിസി പ്രസിഡന്റ് കെ.കെ വിശ്വനാഥൻ സ്വീകരിച്ചില്ല.
ഉമ്മൻ ചാണ്ടിക്ക് അന്നു പ്രായം 27. മുപ്പതു വയസിൽ താഴെയുള്ള 5 യൂത്ത് കോൺഗ്രസുകാർ അന്നു നിയമസഭയിലെത്തി. 1970 ഒക്ടോബർ 4ന് പുതിയ നിയമസഭ നിലവിൽ വന്നു. കോൺഗ്രസ് പിന്തുണയോടെ സി. അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി. ഭരണത്തുടർച്ച ഉണ്ടായ ഏക സംഭവം ഇതാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഉമ്മൻ ചാണ്ടി തുടർന്ന് തൊഴിലാളി മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു.

വിജയം ആവർത്തിച്ചു, മന്ത്രിപദത്തിലേക്ക്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് 1975 സെപ്റ്റംബറിൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് 1977 മാർച്ച് 19നാണു നടന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാമൂഴം. 15,910 വോട്ടിനായിരുന്നു ജയം. ജനതാ പാർട്ടയിലെ പി.സി ചെറിയാൻ എതിർസ്ഥാനാർഥി. 111 സീറ്റ് എന്ന സർവകാല റിക്കാർഡ് നേടിയ യുഡിഎഫ് കെ. കരുണാകരന്റെ നേതൃത്വത്തിൽ മാർച്ച് 25ന് അധികാരത്തിലേറി. അതിൽ ഉമ്മൻ ചാണ്ടി 33ാം വയസിൽ തൊഴിൽവകുപ്പ് മന്ത്രിയായി. രാജൻ കേസിലെ കോടതിവിധിയെ തുടർന്ന് കരുണാകരൻ മന്ത്രിസഭ ഒരു മാസം കഴിഞ്ഞപ്പോൾ ഏപ്രിൽ 25ന് രാജിവച്ചു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിമാർ തുടർന്നു.

തൊഴിൽ മന്ത്രിയുടെ നേട്ടങ്ങൾ

കേരളത്തിൽ അന്നുണ്ടായിരുന്ന 15 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കി.
തിരുവനന്തപുരത്തെ ചെങ്കൽച്ചൂള കോളനിയിൽ പുതിയ കോൺക്രീറ്റ് വീടുകൾ നിർമിച്ചു.
പിഎസി നിയമനപ്രായപരിധി 35 വയസാക്കി ചുമട്ടുതൊഴിലാളി നിയമം പാസാക്കി. ഇതിനിടെ കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ പിളർന്നു. 1978 ഒക്ടോബർ 27നു ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് പി.കെ വാസുദേവൻ നായരുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് മന്ത്രിമാർ തുടർന്നില്ല. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ഈ മന്ത്രിസഭ രാജിവച്ചു. സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചെങ്കിലും കോൺഗ്രസ് പുറത്തുനിന്ന് പിന്തുണ നല്കുകയായിരുന്നു. രണ്ടര വർഷം മാത്രം ആയുസുണ്ടായിരുന്ന അഞ്ചാം നിയമസഭ നാലു മന്ത്രിസഭകൾക്ക് സാക്ഷിയായി.

മൂന്നാംവരവ് അഭ്യന്തരത്തിലേക്ക്

കോൺഗ്രിസിലെ അഖിലേന്ത്യാ പിളർപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഒരു വിഭാഗം ദേവരാജ് അരശ് അധ്യക്ഷനായ കോൺഗ്രസിന്റെ ഭാഗമായി. 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു ഉൾപ്പെട്ട ഇടതുമുന്നണിയിൽ നിന്ന് മത്സരിച്ച് ഉമ്മൻ ചാണ്ടി 13,659 വോട്ടിനു ജയിച്ചു. എം.ആർ.ജി പണിക്കരായിരന്നു എതിർ സ്ഥാനാർത്ഥി.

മുന്നണി മാറിയിട്ടും ഭൂരിപക്ഷത്തിൽ വലിയ വ്യത്യാസം ഉണ്ടായില്ല. ഇടതുമുന്നണിയോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും മാറി നിന്നു. 16 മാസം കഴിഞ്ഞപ്പോൾ കോൺഗ്രസ് യു മന്ത്രിസഭയക്കുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന് കോൺഗ്രസ് എ രൂപീകരിക്കുകയും ഉമ്മൻ ചാണ്ടി എ വിഭാഗത്തിന്റെ പാർലമെന്ററി പാർട്ടി നേതാവാകുകയും ചെയ്തു. കോൺഗ്രസ് എ ഉൾപ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ കരുണാകരന്റെ നേതൃത്വത്തിൽ 1981 ഡിസം 28ന് പുതിയ മന്ത്രിസഭ അധികാരത്തിലേറി. ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രിയായി.

ആഭ്യന്തര മന്ത്രിയുടെ നേട്ടങ്ങൾ

ഉമ്മൻചാണ്ടി എന്ന ആഭ്യന്തര മന്ത്രിയുടെ നേട്ടങ്ങൾ പോലീസ് യൂണിഫോമിൽ സമൂല മാറ്റം. കാക്കി നിക്കറിനു പകരം പാന്റ്‌സ്, നീണ്ട തൊപ്പിക്ക് പുതിയ ഡിസൈൻ. ലോനപ്പൻ നമ്പാടൻ എംഎൽഎ കൂറുമാറിയതിനെ തുടർന്ന് കെ കരുണാകരൻ മന്ത്രിസഭ 80 ദിവസം കഴിഞ്ഞപ്പോൾ രാജിവച്ചു.

തിളക്കം കുറയാതെ നാലാംവട്ടം

1982ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥി തോമസ് രാജനായിരുന്നു എതിരാളി. ഉമ്മൻ ചാണ്ടി 15,983 വോട്ടിനു ജയിച്ചു. യുഡിഎഫ് 77 സീറ്റു നേടി. കോൺഗ്രസ് എയിൽ നിന്ന് ഉമ്മൻ ചാണ്ടി, വയലാർ രവി, കെപി നൂറുദീൻ എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു. സിറിയക് ജോണിന്റെ പേരു നിർദേശിച്ച് ഉമ്മൻ ചാണ്ടി സ്വയം പിന്മാറി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി ഉമ്മൻ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടു. . 1982 ഡിസം. 13ന് ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന മഹാസമ്മേളനത്തിൽ രണ്ടു കോൺഗ്രസുകളും ലയിച്ചു. കെ. കരുണാകരൻ നിയമസഭാ കക്ഷിനേതാവും ഉമ്മൻ ചാണ്ടി ഉപനേതാവുമായി. അതോടൊപ്പം യുഡിഎഫ് കൺവീനറുമായി.

അഞ്ചും ആറും തേരോട്ടങ്ങൾ

1987ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സിപിഎമ്മിലെ വി. എൻ. വാസവനെതിരേ 9,164 വോട്ടിനു ജയിച്ചു. ഇടതുമുന്നണി ജയിച്ച് നായനാർ മുഖ്യമന്ത്രിയായി.
സിപിഎമ്മിലെ വി.എൻ വാസവൻ രണ്ടാം തവണയും ഏറ്റുമുട്ടി. 13,811 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജയം. 1991 ജൂൺ 24ന് കെ. കരുണാകരൻ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി ധനമന്ത്രിയുമായി.

ധനമന്ത്രിയുടെ നേട്ടങ്ങൾ

ഖജനാവിന്റെ നില അന്ന് ഒട്ടും ഭദ്രമായിരുന്നില്ല. ഓവർഡ്രാഫ്റ്റ് എടുത്താണ് കാര്യങ്ങൾ മുന്നോട്ടുപോയത്. 101 കോടി രൂപ കമ്മിയായിരുന്നത് മൂന്നു വർഷം കഴിഞ്ഞപ്പോൾ 21.91 കോടി രൂപ മിച്ചം എന്ന സ്ഥിതിയിലാക്കി. ഓവർഡ്രാഫ്റ്റിന്റെ ആവശ്യം ഇല്ലാതായി. മൂന്നു വർഷത്തിനുള്ളിൽ 5 ഡിഎ കുടിശിക നല്കിയതിന് 511 കോടി രൂപ വേണ്ടിവന്നു.

എം.എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്കാത്തതിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി 1994 ജൂൺ 16ന് ധനകാര്യമന്ത്രി സ്ഥാനം രാജിവച്ചു.
വനംമന്ത്രി കെ.പി വിശ്വനാഥന്റെ രാജി, കൂത്തുപറമ്പ് വെടിവയ്പ് തുടങ്ങിയ വിവാദങ്ങളെ തുടർന്ന് കെ. കരുണാകരൻ 95 മാർച്ച് 16നു രാജിവച്ചു. 1995 മാർച്ച് 22ന് ആന്റണി മുഖ്യമന്ത്രിയായി. കെപി വിശ്വനാഥനു പകരം വിഎം സുധീരൻ മന്ത്രിയായി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ചേർന്നില്ല.

ഏഴില്‍ മിന്നി, എട്ടിൽ മുഖ്യമന്ത്രി പദം

സി. പി. എമ്മിലെ റെജി സഖറിയക്കെതിരേ 10,155 വോട്ടിനു ജയിച്ചു. എന്നാൽ യുഡിഎഫ് തോറ്റു. എ. കെ. ആന്റണി പ്രതിപക്ഷ നേതാവായി. 2001 മെയ് മാസം നടന്ന തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ലഭിച്ചത് അപ്രതീക്ഷിത എതിരാളി ചെറിയാൻ ഫിലിപ്പ്. ഇടതു സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച ചെറിയാൻ ഫിലിപ്പിനെതിരേ 12,575 വോട്ടിനായിരുന്നു ജയം. 99 എംഎൽഎമാരുമായി എകെ ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രിയായി.

ഉമ്മൻ ചാണ്ടി വീണ്ടും യുഡിഎഫ് കൺവീനറായി. ഉമ്മൻ ചാണ്ടി 2004 ഓഗ. 31ന് കേരളത്തിന്റെ 19ാം മുഖ്യമന്ത്രിയായി. 2004 ഡിസംബർ 26ന് സുനാമി ആഞ്ഞടിച്ചു. സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. ദാവോസിൽ ലോകസാമ്പത്തിക ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉമ്മൻ ചാണ്ടി അവിടെ ഐസിൽ തെന്നിവീണ് ഇടുപ്പ് ഒടിഞ്ഞു. യുഡിഎഫ് സർക്കാരിനെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം 25 മണിക്കൂർ സഭ ചർച്ച ചെയ്തു. ലാവ്‌ലിൻ കേസ് നിരത്തി ഭരണമുന്നണി അവിശ്വാസത്തെ അനായാസം അതിജീവിച്ചു.

വിവാദങ്ങൾക്കിടയിലും വികസന പദ്ധതികളും നിരവധി ക്ഷേമപദ്ധതികളും അരങ്ങേറി. ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം അന്വർത്ഥമാക്കി സർക്കാർ കുതിച്ചു. 20 മാസം കേരളം വികസനത്തിന്റെയും കരുതലിന്റെയും മുന്നേറ്റം കണ്ടു.

ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ നേട്ടങ്ങൾ (2004 – 2006)

* നൂറുദിന കർമപരിപാടി നടപ്പാക്കി.

*എക്‌സപ്രസ് ഹൈവെക്കെതിരേ പ്രതിപക്ഷം രംഗത്തുവന്നതിനാൽ ഉപേക്ഷിച്ചു.

* 14 ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ പതിനായിരങ്ങൾക്ക് ആശ്വാസം പകർന്നു.

* സ്മാർട്ട് സിറ്റി പദ്ധതിക്കു തുടക്കം

* വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആഗോള ടെണ്ടർ ക്ഷണിച്ച് മൂന്നു കമ്പനികൾ സംയുക്തമായി സമർപ്പിച്ച ടെണ്ടറിന് അംഗീകാരം നല്കി. എന്നാൽ സുരക്ഷാ ക്ലീയറൻസ് ലഭിച്ചില്ല.

* കൊച്ചി മെട്രോ നടപ്പാക്കാൻ തീരുമാനിച്ചു.

* കണ്ണൂർ വിമാനത്താവള പദ്ധതിക്ക് അനുമതി.
മലയോര പാതക്ക് തുടക്കമിട്ടു.

* രാഷ്ട്രപതി എപിജെ അബ്ദുൾ കലാം നിയമസഭയിൽ അവതരിപ്പിച്ച വിഷൻ 2015 നടപ്പാക്കാൻ തീരൂമാനിച്ചു.

* ശബരിമല തീർത്ഥാടകർക്ക് നിലയ്ക്കലിൽ ബേസ്‌ക്യാമ്പ് ഒരുക്കാൻ 110 ഹെക്ടർ വനഭൂമി കേന്ദ്രത്തിന്റെ അനുമതിയോടെ നല്കി. പമ്പയിൽ നിന്നു സന്നിധാനത്തിലേക്കുള്ള പാതയിൽ 12.67 ഹെക്ടർ വനഭൂമി പെരിയാർ ടൈഗർ സംരക്ഷിത മേഖലയിൽ നിന്നു വിട്ടുകിട്ടുകയും ചെയ്തു.

* കേന്ദ്രത്തിൽ നിന്ന് 20,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു.

* പ്രവാസികൾക്ക് എയർ ഇന്ത്യയുടെ ബജറ്റ് എക്‌സ്പ്രസ് ആരംഭിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഒൻപതാം ജയം (2006)

സിപിഎമ്മിലെ സിന്ധു ജോയിയായിരിന്നു മുഖ്യഎതിരാളി. ഉമ്മൻ ചാണ്ടി 19,863 വോട്ടിനാണ് ജയിച്ചു. വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ച് നാടകീയത ഉണ്ടാക്കിയ തെരഞ്ഞെടുപ്പിൽ 98 സീറ്റുമായി എൽഡിഎഫ് അധികാരത്തിലേറി. യുഡിഎഫിന് 42 സീറ്റ്. തുടർന്ന് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായി.

സർക്കാരിന്റെ അഴിമതിയും ക്രമവിരുദ്ധ നടപടികളും തുറന്നുകാട്ടിയതോടൊപ്പം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലും ജനങ്ങളുടെ അടുത്തും അതിവേഗമെത്തി. ലോട്ടറി തട്ടിപ്പുകൾ, സാന്റിയോഗ മാർട്ടിന്റെ ലോട്ടറി ഇടപാട്, മെർക്കിസ്റ്റൺ ഭൂമി തട്ടിപ്പ്, കൊറിയൻ കരാർ തുടങ്ങിയവ തുറന്നു കാട്ടി. സ്മാർട്ട് സിറ്റി, വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ വൻകിട പദ്ധതികളൊന്നും മുന്നോട്ടുപോയില്ല. പുതിയ ഒരു പദ്ധതിയും ഉണ്ടായില്ല.

പത്താംവട്ടം, നേരെ മുഖ്യമന്ത്രി കസേരയിൽ

സിപിഎമ്മിലെ സുജ സൂസൻ ജോർജായിരുന്നു ഇത്തവണ എതിർ സ്ഥാനാർത്ഥി. 33,255 എന്ന പടുകൂറ്റൻ ഭൂരിപക്ഷം നേടിയാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. കേരളം ശ്വാസമടക്കി നിന്ന വോട്ടെണ്ണലിലൂടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് 72: 68. തുടർന്ന് 2011 മെയ് 18ന് ഉമ്മൻ ചാണ്ടി രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വികസനവും കരുതലുമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രകടനം. സംഭവബഹുലമായ കാലഘട്ടം കൂടിയായിരുന്നു അത്. 2012ൽ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിൽ സിപിഎം പ്രതികൾ പിടിക്കപ്പെട്ടു. അരിയിൽ ഷുക്കൂർ വധം സിബിഐ അന്വേഷണത്തിനു വിട്ടു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റ് നേടി. ദേശീയതലത്തിൽ യുപിഎ തകർന്നപ്പോഴാണ് കേരളത്തിൽ മികച്ച പ്രകടനം ഉണ്ടായത്. മൂന്നു ജനസമ്പർക്ക പരിപാടികൾ വൻവിജയമാകുകയും ഇന്ത്യയിൽ ആദ്യമായി ഒരൂ മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്ര സഭ ആഗോള തലത്തിൽ പബ്ലിക് സർവ്വീസിന് നൽകുന്ന പുരസ്‌കാരത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹം നയിച്ച ജനസമ്പർക്ക പരിപാടിയും അർഹമാവുകയും ചെയ്തു.

വികസന പ്രവർത്തനങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും ഇരമ്പൽ കേട്ടു.

രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന നേട്ടങ്ങൾ (2011 – 2016)

* കൊച്ചി മെട്രോ ആലുവ മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷൻ വരെ ട്രയൽ റൺ വരെ നടത്തി.

* കണ്ണൂർ വിമാനത്താവളം പരീക്ഷണ പറക്കൽ നടത്തി.

* സ്മാർട്ട് സിറ്റി ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.

* വിഴിഞ്ഞം പദ്ധതിക്കു തുടക്കം. 1000 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപനം.

* തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് പച്ചക്കൊടി.

* 206 പാലങ്ങൾ പൂർത്തിയാക്കി.

* കോഴിക്കോട് ബൈപാസ് പൂർത്തിയായി. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ബൈപാസ് റോഡുകളുടെ നിർമാണം ആരംഭിച്ചു.

* യു ഡി എഫ് സർക്കാർ (2011 – 2016 ) 90 ശതമാനം പൂർത്തിയാക്കിയ പദ്ധതിയാണ് ഗെയിൽ പദ്ധതി. ശക്തമായ എതിർപ്പിനെ മറികടന്ന് ഗെയിൽ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാൻ 90 ശതമാനം പേരിൽ നിന്നും അക്കാലത്ത് അനുമതി നേടിയിരുന്നു. 28 സ്റ്റേഷനുകൾക്ക് സ്ഥലമെടുപ്പ് വേണ്ടിയിരുന്നതിൽ 15 ഉം യുഡിഎഫ് പൂർത്തിയാക്കി.

രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ (2011 – 2016)

* കാരുണ്യ പദ്ധതിയിൽ 1.42 ലക്ഷം പേർക്ക് 1,200 കോടിയുടെ ചികിത്സാസഹായം.

* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 798 കോടി രൂപ വിതരണം ചെയ്തു.

* പാവപ്പെട്ടവർക്ക് 4,14,552 വീടുകൾ നിർമിച്ചു.

* 640 കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ. രാജ്യത്ത് കേരളം മാത്രമാണ് ഈ പദ്ധതി നടപ്പാക്കിയത്.

* സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളജുകൾ വരെ 595 ഇനം മരുന്നുകൾ സൗജന്യമാക്കി.

* 18 വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നല്കുന്ന ആരോഗ്യകിരണം പദ്ധതി.

* ഗർഭാവസ്ഥ മുതൽ നവജാത ശിശുവിന്റെ ഒരു വയസുവരെയുള്ള ചികത്സ വരെ സൗജന്യമാക്കിയ അമ്മയും കുഞ്ഞും പദ്ധതി.

* അവയവ മാറ്റിവയ്ക്കലിന് നടപ്പാക്കിയ മൃതസഞ്ജിവിനി പദ്ധതിയിൽ 683 പേർക്ക് പ്രയോജനം.

* ക്ഷേമപെൻഷൻ ഏറ്റവും കുറഞ്ഞത് 600 രൂപ; 80 വയസ് കഴിഞ്ഞവർക്ക് 1200 രൂപ. പെൻഷൻകാരുടെ എണ്ണം 12.9 ലക്ഷം ആയിരുന്നത് 34 ലക്ഷമാക്കി.

* ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി.

രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൻറെ കരുതലിൻറെ നേട്ടങ്ങൾ (2011 – 2016)

* മെഡിക്കൽ കോളജുകളുടെ എണ്ണം അഞ്ചിൽ നിന്ന് മഞ്ചേരി, പാലക്കാട്, ഇടുക്കി, എന്നിവ ഉൾപ്പെടെ എട്ടായി. പാലക്കാട്ട് പട്ടിക വിഭാഗത്തിന് മാത്രമായുള്ള മെഡി. കോളജ് രാജ്യത്തിനു മാതൃകയായി. 16 എണ്ണം ലക്ഷ്യമിട്ടു പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.

* കോന്നി, കാസർകോഡ് നിർമാണം തുടങ്ങി. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കൽ കോളജ്, കൊച്ചി സഹകരണ മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളജ് എന്നിവയുടെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി. വയനാട്, ഹരിപ്പാട് മെഡിക്കൽ കോളജുകളുടെ നിർമാണ ഉദ്ഘാടനം നടത്തി.

* പട്ടികജാതി മാനേജ്‌മെന്റിന്റെ കീഴിൽ 3 ആർട്‌സ് ആൻഡ് സയൻസ് കോളജുകൾ തുടങ്ങി.

* കേരളത്തിൽ ആദ്യമായി 19 സ്വയംഭരണ കോളജുകൾ ആരംഭിച്ചു.
25 പഞ്ചാത്തുകളിൽക്കൂടി പ്രാഥമികാരോഗ്യകേന്ദ്രം തുറന്നതോടെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായി.

* 730 ബാറുകളും ബിവറേജസ് കോർപറേഷന്റെ 52 ഔട്ട് ലെറ്റുകളും പൂട്ടി. 10 വർഷംകൊണ്ട് സമ്പൂർണ മദ്യനിരോധനം ലക്ഷ്യമിട്ടു. 10 % ബിവറേജസ് ഔട്ട്‌ലെറ്റുകൾ വർഷം തോറും നിർത്തലാക്കും.

* 112 വർഷം പഴക്കമുളള അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി സീറോ അൽക്കഹോളിക് പാനീയമായ നീര ചെത്തുന്നതിന് അനുമതി. 173 ലൈസൻസുകൾ നല്കി.

* 900 സ്റ്റാർട്ടപ്പ് പദ്ധതികൾക്കു തുടക്കം.

* 1,58,660 പേർക്ക് പിഎസ് സി നിയമനം. 16,815 പിഎസ്‌സിയിതര നിയമനങ്ങൾ. പുതിയ ലിസ്റ്റ് വരുന്നതുവരെ പിഎസ്സി ലിസ്റ്റിന്റെ കാലാവധി നീട്ടി.

* അധ്യാപക പാക്കേജിൽ 17,000 എയ്ഡഡ് അധ്യാപകർക്ക് സംരക്ഷണാനുകൂല്യം.

* ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നടത്തിയ ശിപാർശയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി. പരിസ്ഥിതി ലോലപ്രദേശത്തിന്റെ വ്യാപ്തി 13,108 ച.കി.മീയിൽ നിന്ന് 9,994 ച.കി.മീ ആയി കുറച്ചു.

* എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ കയറ്റണമെന്നു എൽ ഡി എഫ് സർക്കാർ നല്കിയ സത്യവാങ്മൂലത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരും നല്കിയത്. എന്നാൽ യുഡിഎഫ് സർക്കാർ, സുപ്രീം കോടതി അനുമതിയോടെ എൽ ഡി എഫ് സർക്കാർ നല്കിയ സത്യവാങ്മൂലം പിൻവലിച്ച് ശബരിമലയിൽ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ അതേപടി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അതിനുള്ള നിയമപരവും ഭരണഘടനാപരവുമായ പിൻബലവും ചൂണ്ടിക്കാട്ടി പുതിയ സത്യവാങ്മൂലം നല്കി.

* ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട് വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളിൽ ഭദ്രമായി സൂക്ഷിക്കപ്പെടും എന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ സംരക്ഷിക്കാൻ പഴുതടച്ച സുരക്ഷാ സംവിധാനം ഏർപ്പെടുത്തി.

* ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ നാവികരെ ഇന്ത്യൻ നിയമത്തിനു വിധേയമാക്കി വിചാരണ ചെയ്യാൻ നടപടി.

* മൂന്നു ജനസമ്പർക്കപരിപാടികളിലൂടെ 11,45,449 പരാതികൾ പരിഹരിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ഐക്യരാഷ്ട്ര സഭ ആഗോള തലത്തിൽ പബ്ലിക് സർവ്വീസിന് നൽകുന്ന പുരസ്‌കാരത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹം നയിച്ച ജനസമ്പർക്ക പരിപാടിയും അർഹമായി.

കരുത്ത് ചോരാതെ 11-ാമതും

എസ് എഫ് ഐ നേതാവ് ജയ്ക്ക് സി.തോമസായിരുന്നു എതിരാളി. ഉമ്മൻ ചാണ്ടി 27092 വോട്ടിനു ജയിച്ചു. യുഡിഎഫ് 47, എൽഡിഎഫ് 91, ബിജെപി 1, സ്വത 1 എന്നിങ്ങനെ ആയിരുന്നു സീറ്റു നില. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി എല്ലാ ഭരണഘടനാപദവികളിൽ നിന്നും മാറിനിന്നു. പിന്നീട് എഐസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം എന്നീ പദവികളിലേക്ക് ഉയർത്തപ്പെട്ടു.

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായ 11 വിജയവുമായി 50 വർഷത്തെ നിയമസഭാംഗത്വം ഇന്ന് പൂർത്തിയാക്കുന്നു. 11 തവണ തുടർച്ചയായ ജയം നല്കിയ മണ്ഡലത്തോടുള്ള ഹൃദയബന്ധത്തിന്റെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് ജഗതിയിലെ സ്വന്തം വീടിന് ഇട്ടിരിക്കുന്ന ‘പുതുപ്പള്ളി ഹൗസ്’ എന്ന പേര്. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്!!

കോൺഗ്രസിന് ഇത് അഭിമാനമൂഹൂർത്തം. കോൺഗ്രസിന് ദേശീയ തലത്തിൽ പോലും ഇത്തരമൊരു നേട്ടം കൈവരിച്ച മറ്റൊരാൾ കാണില്ല.

Share News