കയറാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു
അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ കയറാടിയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കയറാടി ഉള്‍പ്പെടെ 55 സെക്ഷന്‍ ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തതായി മന്ത്രി അറിയിച്ചു. 16 ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു.
ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകില്ല എന്ന വാഗ്ദാനം ഇതുവരെ പാലിക്കാന്‍ കെ. എസ്. ഇ ബി ക്ക് കഴിഞ്ഞിട്ടുണ്ട്. ഇടമലക്കുടി പോലെ വനത്തിനുള്ളിലുള്ള ആദിവാസി മേഖലയിലടക്കം കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി മന്ത്രി സൂചിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വിവിധ വൈദ്യുത പദ്ധതികളും പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഓഖി ദുരന്ത കാലത്ത് കടലോര മേഖലകളില്‍ കെ.എസ്.ഇ.ബി ക്ക് വന്‍ നാശനഷ്ടം നേരിട്ടെങ്കിലും നാല് ദിവസത്തിനുള്ളില്‍ വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞു. പ്രളയകാലത്ത് വൈദ്യുതി നിലയങ്ങളും വിതരണ ശൃംഖലയും തകരാറിലായി. ആയിരം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമാകാതെ വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞു. ലോക് ഡൗണ്‍ കാലത്ത് ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ മാത്രം കഴിയേണ്ട സാഹചര്യം വന്നതോടുകൂടി വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു. എങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വലിയ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
ഇതോടെ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് വൈദ്യുതി വകുപ്പിന് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബി ജീവനക്കാര്‍ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും പൊതു ജനങ്ങളുമായി നേരിട്ട് ഇടപഴകി ജോലി ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ജീവനക്കാര്‍ കോവിഡ് രോഗവ്യാപനം തടയുന്നതിന് മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
വൈദ്യുതി മുടങ്ങാതെ ലഭിക്കാന്‍ ഫലപ്രദമായ നടപടികളാണ് എടുത്തിരിക്കുന്നത്. ഉത്പ്പാദന രംഗത്തും വിതരണ രംഗത്തും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിന് വൈദ്യുതിബോര്‍ഡ് സജ്ജമാണ്. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കി കൊണ്ട് കേരളം ഇന്ത്യയിലെ തന്നെ മികച്ച സംസ്ഥാനമായി മാറിയതില്‍ അഭിമാനമുണ്ടെന്നും മന്ത്രി അറിയിച്ചു.
അയിലൂര്‍ ഗ്രാമപഞ്ചായത്ത് തനത്, പ്ലാന്‍ ഫണ്ടുകളിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ വില്ലേജോഫീസ് കെട്ടിടത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസായി പുതുക്കി നിര്‍മ്മിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായതെന്നും ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുന്നതില്‍ സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്നും എംഎല്‍എ പറഞ്ഞു.
രമ്യ ഹരിദാസ് എം.പി ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുത്തു. ഉത്തരമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ എം.എ. ടെന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. സുകുമാരന്‍, പി. കുമാരന്‍, വൈദ്യുതി വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.