ഹിന്ദു പിന്‍തുടര്‍ച്ചവകാശ നിയമം;സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും

Share News

സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും

Lissy
ലിസ്സി ജോസ്

ഹിന്ദു കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് കുടുബസ്വത്തിലുള്ള അവകാശം അസന്നിഗ്ദ്ധമായി ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ വിധിന്യായം എന്തുകൊണ്ടും സ്വാഗതാര്‍ഹവും, പ്രശംസനീയവുമാണ്. ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടും ഇതുസംബന്ധമായി വിവിധ ഹൈക്കോടതിയില്‍ തീര്‍പ്പാകാതെ കിടന്ന കേസുകള്‍ക്കും പരിസമാപ്തികുറിച്ചുകൊണ്ടുള്ള ഈ സുപ്രധാന തീരുമാനം സ്ത്രീ പുരുഷ സമത്വമെന്ന സുന്ദരമായ സ്വപ്നത്തിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുമെന്ന് പ്രത്യാശിക്കാം. പണ്ടുകാലം മുതല്‍ക്കേ സ്ത്രീകള്‍ക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിന് അന്ത്യം കുറിച്ചുകൊണ്ട് കുടുംബത്തിലും സമൂഹത്തിലും അവള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതിന് ഈ വിധി സഹായിക്കും.

യു.എന്‍.ഒ

സ്ത്രീയുടെ അന്തസ്സും അവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന്‍റെ വിധി. സ്ത്രീകളെ രണ്ടുതരം പൗരന്മാരാക്കുന്ന നീതിശാസ്ത്രത്തെ തള്ളിക്കളയുന്ന മാനവികതയെ ഉയര്‍ത്തിപിടിക്കുന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. മകള്‍ ജീവിതത്തിലുടനീളം സ്നേഹസമ്പന്നയായ മകളായിരിക്കും എന്ന ജസ്റ്റീസ് അരുണ്‍ മിശ്രയുടെ പരാമര്‍ശം ചരിത്രതാളുകളില്‍ ഇടം നേടിയിരിക്കും.
കുടുംബസ്വത്തിന്‍റെ നീതിപൂര്‍വ്വകമായ അവകാശത്തിന് ആണ്‍-പെണ്‍ വ്യത്യാസം ഒരിക്കലും തടസ്സമാകരുത് എന്നാണ് ഈ വിധി നല്‍കുന്ന പാഠം. ഇസ്ലാമിക വ്യക്തി നിയമത്തിലെ സ്വത്തവകാശം സംബന്ധിച്ച ലിംഗപരമായ അസമത്വത്തിനും അസന്തുലിതാവസ്ഥക്കും എതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി മുമ്പാകെ ഉണ്ട്.

Supreme court


എവിടെ സമ്പത്തുണ്ടോ അവിടെ അധികാരമുണ്ട് എന്നുള്ളത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്വമാണ്. ഒരേ കുടംബത്തില്‍ ജനിച്ച് ഒരുമിച്ച് വളരുന്ന സഹോദരങ്ങളില്‍ സ്ത്രീയായിപ്പോയി എന്നതുകൊണ്ടു മാത്രം കുടുംബസ്വത്തില്‍ ഉള്ള അവകാശം നിഷേധിക്കപ്പെടുന്നത് സാമാന്യ നീതിയുടെ സമഗ്രമായ ലംഘനമാണ്.


ഇതുപോലെ തന്നെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിലനിന്നിരുന്ന ട്രാവന്‍കൂര്‍ കൊച്ചിന്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചവകാശ നിയമ പ്രകാരം ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് പിതാവിന്‍റെ സ്വത്തിന്‍റെ നാലില്‍ ഒന്നോ, അല്ലെങ്കില്‍ 25,000/-രൂപയോ ഏതാണ് കുറവ്, ആയതിന് മാത്രമാണ് അവകാശമുണ്ടായിരുന്നത്. ഈ അനീതിക്കെതിരെ മേരി റോയി നല്‍കിയ കേസില്‍ സുപ്രീം കോടതി പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സുപ്രധാന വിധി (1986)

സ്ത്രീ പുരുഷ സമത്വത്തിനായി കൈകൊര്‍ക്കാം

Gender equality

2030 ആകുമ്പോഴേക്കും ലിംഗ സമത്വം എല്ലാ മേഖലകളിലും ഉറപ്പാക്കണം. (Planet 50:50 by 2030 –UN 2017) എന്ന 2017 ലെ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനത്തിന് ഒരു വലിയ ചുവടുവയ്പാണ് ഭാരതത്തിന്‍റെ പരമോന്നത നീതിപീഠത്തിന്‍റെ വിധിന്യായത്തില്‍ നാം ചൊവ്വാഴ്ച കണ്ടത്. നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന മനുസ്മൃതി ഉദ്ധരിച്ചുകൊണ്ട് ഒട്ടനവധി ആളുകള്‍ സ്ത്രീകള്‍ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന് വ്യാഖ്യാനിച്ച നമ്മുടെ ഭാരതത്തിലാണ് പരമോന്നത കോടതയുടെ ഈ വിധി എന്നത് നാം മനസ്സിലാക്കണം.


സ്ത്രീയും, പുരുഷനും തുല്യനീതിയും തുല്യ അവകാശവും ഉറപ്പാക്കുന്ന വിധമാണ് നമ്മുടെ ഭരണ ഘടന രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എങ്കിലും ലിംഗനീതി എന്നത് പലപ്പോഴും പാലിക്കപ്പെടാതിരിക്കുകയും സ്ത്രീകള്‍ പിന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്തി നിലനില്‍ക്കുന്നത്. ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ പരമോന്നത നീതിപീഠ സ്ത്രീകളുടെ രക്ഷയ്ക്കെത്തുന്നത് ആശ്വാസദായകമാണ്.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും സ്ത്രീകളുടെ സംരക്ഷണത്തിനും , ക്ഷേമത്തിനും പ്രാമുഖ്യം നല്‍കുന്ന നിരവധി നിയമങ്ങള്‍ നമ്മുടെ രാജ്യം പാസാക്കിയിട്ടുണ്ട്. സതി നിരോധന നിയമം (1829), ശൈശവ വിവാഹ നിരോധന നിയമം (1929), സ്ത്രീധന നിരോധന നിയമം (1961), പ്രസവാനുകൂല്യ നിയമം (1961), തുല്യവേതന നിയമം (1976), കുടുംബകോടതി നിയമം (1984), ദേശിയ വനിത കമ്മീഷന്‍ ആക്ട് (1990), പെണ്‍ഭ്രൂണഹത്യ തടയാനുള്ള PNDT  (1984), തൊഴില്‍ശാലകളിലെ തൊഴിലാളികളെ ലൈംഗിക ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്ന നിയമം (2013), ഗാര്‍ഹിക ആക്രമണങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം (2005) തുടങ്ങിയവ ഇവയില്‍ ചിലതുമാത്രം.


ഇതു കൂടാതെ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലും (IPC) നിരവധി വകുപ്പുകള്‍ സ്ത്രീകളുടെ സുരക്ഷിതയ്ക്കും അന്തസ്സ് കാത്ത് സംരക്ഷിക്കുന്നതിനുമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. IPC Section 125, 304B, 498അ, 509, 354, 294, 375, 376 എന്നീ വകുപ്പുകള്‍ ചിലതുമാത്രം. എന്നിരുന്നാലും നിയമങ്ങളും, ഭരണഘടനയുടെ അന്തസത്തതയും പാലിക്കപ്പെടാതെ വരുമ്പോഴാണ് സുപ്രീം കോടതിയുടെ ഇടപെടലുകള്‍ പലപ്പോഴും ഉണ്ടാകുന്നത്.


ഇതരമതസ്ഥരുടെ സ്വത്തവകാശം സംബന്ധിച്ച കാര്യങ്ങളിലും സമാനമായ ചിന്താഗതി ഉയര്‍ന്നു വരണം. സ്ത്രീധനം നല്‍കി വിവാഹം കഴിച്ചയയ്ക്കുന്നതോടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പിതൃസ്വത്തിലുള്ള അവകാശം ഇല്ലാതാകുമെന്ന തിരുവിതാംകൂറിലെ നിയമവും ആചാരവും തെറ്റാണെന്ന് സുപ്രീം കോടതിയുടെ (1986) ല്‍ മേരി റോയി കേസിലെ വിധിയില്‍ ലിംഗനീതിയുടെ വിപ്ലവമാണ് രാജ്യത്തുണ്ടായത്.
പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നതുപോലെ ആഗോളതലത്തില്‍ മൊത്തം ഭൂ സമ്പത്തിന്‍റെ 3 ശതമാനം മാത്രമാണ് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളത്. കേരളം ഒഴികെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല. ഇങ്ങിനെയുള്ള സാഹചര്യങ്ങളില്‍ സുപ്രീം കോടതിയുടെ ഈ വിധിക്ക് ഏറെ മാനങ്ങളുണ്ട്. കുടുംബങ്ങളില്‍ പ്രത്യേകിച്ചും കുടുംബവക സ്വത്തുവകകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായങ്ങളും, താല്‍പ്പര്യങ്ങളും മാനിക്കേണ്ടി വരും. ഇതും ഒരു പരിധിവരെ സ്ത്രീ-പുരുഷ സമത്വത്തിലേക്കുള്ള ഒരു ചുവടു വയ്പായിരിക്കും.


മക്കള്‍ ആണാവട്ടെ, പെണ്ണാവട്ടെ അവര്‍ക്ക് തുല്യമായ അവകാശവും കടമയും ഉണ്ട് എന്നുള്ള മനോഭാവം സമൂഹത്തിലും, കുടുംബത്തിലും വളര്‍ത്തിയെടുക്കാന്‍ സാധിക്കമണം. കുടുംബത്തിലാവട്ടെ, സമൂഹത്തിലാവട്ടെ, ഭരണത്തിലാവട്ടെ, ഔദ്യോഗികരംഗത്താവട്ടെ സ്ത്രീ-പുരുഷ സമത്വവും തുല്യനീതിയും നടപ്പാക്കുവാന്‍ ഉതകരിക്കുന്ന ഈ പരമോന്നത കോടതി വിധി സ്ത്രീ സുരക്ഷയും സ്ത്രൂ പുരുഷ സമത്വവും കൈവരുത്തി 2020 ലെ പ്ലാനറ്റ് 50:50 എന്നുള്ള ഐക്യരാഷ്ട്ര സംഘടനയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നമുക്ക് നടന്നടുക്കാം.

Share News