ദുരിതാശ്വാസനിധിയിലേക്ക് ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി 25,000 രൂപ നല്കി
പത്തനംതിട്ട ;കഴിഞ്ഞ ദിവസം മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ സംഭാവന നല്കി. മേയ് 7ന് ആദ്യം കൊച്ചിയിലെത്തിയ മസ്ക്കറ്റ് വിമാനത്തിലുണ്ടായിരുന്ന മല്ലപ്പള്ളി വായ്പ്പൂര് വലിയപറമ്പില്‍ മുഹമ്മദ് ഹനീഫയാണ് 25,000 രൂപ ബന്ധു സിയാദ് സിദ്ദിഖ് മുഖേന ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുക അടങ്ങിയ ചെക്ക് കൈമാറിയത്.
മുഹമ്മദ് ഹനീഫ ഭാര്യ നെസീമ ബീബി, മകള്‍ ബിസ്മി എന്നിവര്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഗര്‍ഭിണിയായ മകള്‍ ബിസ്മിയുടെ കൂടെയാണു മെഡിക്കല്‍ എമര്‍ജന്‍സിയില്‍ മുഹമ്മദ് ഹനീഫയും ഭാര്യയും എത്തിയത്. ഇവര്‍ മൂന്നു പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ബിസ്മിയുടെ ഭര്‍ത്താവ് അജ്മല്‍ നേരത്തെ നാട്ടിലെത്തിയെങ്കിലും ലോക് ഡൗണ്‍ മൂലം തിരിച്ച് മസ്ക്കറ്റിലേക്കു മടങ്ങാന്‍ കഴിയാത്തതിനാലാണു ബിസ്മിയെ മെഡിക്കല്‍ എമര്‍ജന്‍സിയില്‍ തിരികെ എത്തിച്ചത്.