
പങ്കാളിയുടെ കുടുംബത്തെ സ്വന്തമാക്കുമ്പോളാണ് ഓരോ വിവാഹവും വിജയിക്കുന്നത്
മോഡേൺ ആയ ഗ്രാമവാസികളും നഗരവാസികളിലെ ഗ്രാമീണരും വീട് കാണൽ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ സുനിയുടെ മമ്മി സുനിയോട് പറഞ്ഞു : ” ടോണിയുടെ അമ്മ വളരെ മോഡേൺ ആണ്. ആള് മുടിയൊക്കെ ക്രോപ്പ് ചെയ്തിട്ടുണ്ട്, പെങ്ങൻമാർ രണ്ടു പേർ വിദേശത്തും മറ്റു രണ്ടു പേരും ഒരു ചേട്ടനും അനിയനും എല്ലാം കേരളത്തിന് പുറത്തുമാണ്.” എന്ന്. കുഗ്രാമത്തിൽ വസിക്കുന്ന മോഡേൺ കുടുംബമാണ് ഞങ്ങളുടേത് എന്ന് ചിന്തിക്കാൻ ഇത് ധാരാളം മതിയല്ലോ. അമ്മയുടെ മുടിയുടെ രഹസ്യം ആരോഗ്യപരമായിരുന്നു എന്നതാണ് രസകരം. അമ്മക്ക് ദീർഘകാലമായി ഉണ്ടായിരുന്ന പ്രമേഹം മൂലം കയ്യുടെ ഉരം ( Shoulder ) അനക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന “ഫ്രോസൺ ഷോൾഡർ” എന്ന് ഞങ്ങൾ എല്ല് ഡോക്ടർമാർ വിളിക്കുന്ന അസുഖം ഉണ്ടായിരുന്നതിനാൽ പെങ്ങന്മാരുടെ ഉപദേശം സ്വീകരിച്ച് മുടി നീളം കുറച്ച് വെട്ടിയതായിരുന്നു.

തിരുവനന്തപുരത്താണ് താമസിക്കുന്നതെങ്കിലും തറവാടായ ചാലക്കുടി പരിയാരത്തും അമ്മവീടായ മണലൂരും മറ്റും താമസിക്കുന്നത് പോലെയാണ് സുനിയുടെ കുടുംബം അവിടെ കഴിഞ്ഞിരുന്നത്. അതിനാൽ നഗരത്തിൽ വസിക്കുന്ന ഗ്രാമീണരെപ്പോലെയായിരുന്നു അവർ.
ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുളള കൂടുതൽ കാര്യക്ഷമമായ അന്വേഷണത്തിൽ എന്റെ സുഹൃത്ത് ഡോ. ഫിജു ചാക്കോയെ കൂടാതെ വളരെ നിർണായകമായത് ഈശോ സഭയിൽ വൈദിക വിദ്യാർഥി ആയിരുന്ന എന്റെ ഏറ്റവും ഇളയ സഹോദരൻ ബ്ര. ടോബി ജോസഫ് SJ യും ഈശോ സഭാ വൈദികനായിരുന്ന സുനിയുടെ അമ്മാവൻ റവ. ഫാ. C. P. വർക്കി SJയും തമ്മിലുളള ബന്ധം ആയിരുന്നു.
വർക്കിയച്ചൻ ടോബിയോട് ചേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ ടോബി പറഞ്ഞത് ഇങ്ങനെ ആയിരുന്നു ” ഞങ്ങൾ രണ്ടു പേരിൽ ആരാണ് വൈദികനാകേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് ചേട്ടനാണ് എന്ന്” പിന്നീട് ഒരു ദിവസം എന്നെ കോഴിക്കോട് ക്രൈസ്റ്റ് ഹാളിലേക്ക് വിളിച്ചു വരുത്തി വിശദമായി പരിചയപ്പെട്ടു. അന്ന് വർക്കിയച്ചനോട് തോന്നിയ ആത്മബന്ധം അച്ചൻ മരിക്കുന്നത് വരെ ശക്തമായിരുന്നു.
ഞങ്ങളുടെ ചെറുപ്പത്തിൽ വീട്ടിൽ കളിക്കുമ്പോൾ കുർബാന ചൊല്ലി കളിക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ വൈദികനും അനിയന്മാർ ശുശ്രൂഷികളും ആയിരുന്നു. പ്രീഡിഗ്രി പഠനം വരെ എനിക്ക് വൈദികനാകാൻ ആഗ്രഹവും ഉണ്ടായിരുന്നു. പ്രീഡിഗ്രി പഠനകാലത്ത് ഞാൻ എന്ട്രൻസ് കോച്ചിംഗിന് ഒന്നും പോയില്ല. പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തെ ക്രാഷ് കോഴ്സിന് മാത്രമേ പോയുളളൂ. കിട്ടാൻ വലിയ സാധ്യതയില്ല. എന്തായാലും നമ്മുടെ ചങ്ക് ഈശോയോട് ഞാൻ പറഞ്ഞു: ആദ്യ ചാൻസിൽ MBBS അഡ്മിഷൻ കിട്ടിയാൽ ഞാൻ ഡോക്ടറാകും. ഇല്ല എങ്കിൽ നീ എന്നെ വിളിക്കുന്നത് സെമിനാരിയിലേക്കാണ് എന്ന് ഞാൻ കരുതും. എന്തായാലും നമ്മുടെ ചങ്ക് ഈശോ എന്നെ വിളിച്ചത് വൈദികനാകാനല്ല, വൈദ്യനാകാൻ ആണ്! ആദ്യ ചാൻസിൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി. വൈദ്യനും വൈദികനും ഈശോയുടെ ഹീലിങ് മിനിസ്ട്രി രണ്ടു വിധത്തിൽ ചെയ്യുന്നവരാണല്ലോ! പിന്നീട് ഞാൻ ഡോക്ടറായ ശേഷവും സഭയോടും സഭാ ശുശ്രൂഷയോടും ചേർന്ന് നിൽക്കുന്നതിന് പ്രചോദനമായത് വൈദികനാകാനുളള ചെറുപ്പത്തിലെ ആഗ്രഹം തന്നെ ആണ് എന്ന് കരുതുന്നു.
ഞങ്ങളുടെ മനസ്സമ്മതം ഓഗസ്റ്റ് 27നും വിവാഹം സെപ്റ്റംബർ 9നും തിരുവനന്തപുരത്ത് തന്നെ നടത്താനാണ് തീരുമാനിച്ചത്. ഞങ്ങളുടെ നാട്ടിൽ വിവാഹം നടത്താൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും മൂന്ന് പെൺകുട്ടികളിൽ ഏറ്റവും ഇളയവളായ സുനിയുടെ വിവാഹം തിരുവനന്തപുരത്ത് തന്നെ നടത്താനുള്ള ഡാഡിയുടെ ആഗ്രഹത്തിന് ഞങ്ങൾ സമ്മതം മൂളുകയായിരുന്നു. പിന്നീട് ഒരു റിസപ്ഷൻ നാട്ടിൽ നടത്താം എന്നും തീരുമാനിച്ചു.
തിരുവനന്തപുരത്ത് ലൂർദ്ദ് ഫൊറോന പള്ളിയിൽ വച്ച് ഞങ്ങൾ വിവാഹം എന്ന കൂദാശ വഴി നിശ്ചിത ദിവസം ബന്ധിതരാകാൻ സമ്മതം മൂളി. തുടർന്ന് ശ്രീമൂലം ക്ളബ്ബിൽ ആയിരുന്നു ഭക്ഷണം.

അടുത്ത ദിവസം രാവിലെ ഞങ്ങൾ തിരുവനന്തപുരം കിഴക്കേകോട്ടയിൽ എത്തി. അവിടെ ആലപ്പാട്ട് ഫാഷൻ ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ, മിന്നും മിന്നുമാലയും വിവാഹമോതിരങ്ങളും ശീമാട്ടിയിൽ നിന്ന് വിവാഹ വസ്ത്രങ്ങളും വാങ്ങി. വലിയ വിലക്ക് ഒരു മന്ത്രകോടി വാങ്ങാൻ രണ്ടു കൂട്ടർക്കും ഇഷ്ടമല്ലാതിരുന്നതിനാൽ മന്ത്രകോടിക്ക് പുറമേ, അതേ തുകയിൽ ഉൾപ്പെടുത്തി ഒരു രണ്ടാം സാരി കൂടി വാങ്ങി. പിന്നീട് ഞാൻ മമ്മിക്ക് നൽകേണ്ട സാരി തിരഞ്ഞെടുത്തു. എന്റെ അമ്മക്കും പെങ്ങൻമാർക്കും സാരികൾ വാങ്ങി. അപ്പോൾ ഞാൻ എന്റെ വകയായി സുനിയുടെ ചേച്ചിമാർക്കു കൂടി രണ്ടു സാരി എടുക്കാൻ നിർബന്ധിച്ചു. അങ്ങനെ ഒരു പതിവ് ഇല്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, അവർക്ക് ആങ്ങളമാരുടെ കല്യാണത്തിന് സാരി കിട്ടാൻ സാധ്യതയില്ല. അതിനാൽ ഞാൻ ഒരു ആങ്ങളയുടെ സമ്മാനമായി നൽകുന്നതാണ് എന്ന്.

വാൽക്കഷണം: വൈദികനാകാൻ ആഗ്രഹിച്ച എന്റെ വിവാഹത്തിൽ സംബന്ധിക്കാൻ അനിയനും ( അന്ന് Br. Toby SJ ) കളിക്കുമ്പോൾ ശുശ്രൂഷിയായിരുന്ന എന്റെ സഹോദരന്റെ പട്ടത്തിന് ലേഖനം വായിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. ദൈവത്തിന്റെ പദ്ധതികൾ എത്ര വിചിത്രവും വിസ്മയനീയവും ആണ്!


*പങ്കാളിയുടെ കുടുംബത്തെ സ്വന്തമാക്കുമ്പോളാണ് ഓരോ വിവാഹവും വിജയിക്കുന്നത്.*
*റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മപോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്ച്ചക്കാര് എന്െറ ചാര്ച്ചക്കാരും അമ്മയുടെ ദൈവം എന്െറ ദൈവവുമായിരിക്കും: റൂത്ത് 1 : 16*
ഡോ .ടോണി ജോസഫ്