
അവരവരുടെ സ്വഭാവം വച്ച് മറ്റുള്ളവരെ അളക്കരുത്; പ്രതിപക്ഷത്തിന് എന്തിനാണ് വെപ്രാളം?’: മുഖ്യമന്ത്രി
തിരുവനന്തപുരം: അവരവരുടെ സ്വാഭാവം വച്ച് മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം ടെണ്ടറിൽ സർക്കാർ വീഴ്ചവരുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രണ്ട് കൂട്ടരുടെയും പ്രവർത്തനങ്ങൾ നാട് കാണുന്നുണ്ട്. വിമാനത്താവളം അദാനിക്ക് നൽകരുതെന്ന സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ജനങ്ങൾക്കും വ്യക്തമാണ്. പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദാനിയെ ഒരെ സമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
വെപ്രാളത്തിൽപ്പെട്ട് നിൽക്കുമ്പോൾ ഇത്തരം പ്രകടനങ്ങൾ ഉണ്ടാകും. അതാണ് പ്രതിപക്ഷത്തിന്. മറുപടി പറയുമ്പോൾ സാധാരണ ഗതിയിലുള്ള സംസ്കാരം കാണിക്കണം. രാജ്യത്തെ പ്രമുഖമായ ഒരു നിയമസ്ഥാപനത്തെയാണ് ഈ കാര്യത്തിന് ഏൽപ്പിച്ചത്. കപിൽ സിബൽ ഒരു നിയമവിദഗ്ദനാണ്. അദ്ദേഹത്തിന് കേസ് നൽകുമ്പോൾ അദ്ദേഹത്തിന്റെ കോൺഗ്രസ് ബന്ധം ആണോ ആലോചിക്കുക?. നിയമ പാണ്ഡിത്യമല്ലേ. തുക ക്വോട്ട് ചെയ്തതിൽ നിയമസ്ഥാപനത്തിന് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.