ഡോക്ടര്‍ എത്തിയില്ല: കണ്ണൂരില്‍ നവജാത ശിശു മരിച്ചു

Share News

കണ്ണൂര്‍: കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സമയത്ത് എത്തിയില്ലെന്ന പരാതിയില്‍ ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യാഴാഴ്ച രാവിലെ സമീറക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടില്‍ വെച്ച്‌ തന്നെ പ്രസവം നടക്കുകയായിരുന്നു. എട്ടാം മാസത്തിലാണ് പ്രസവവേദനയെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ഉടന്‍തന്നെ പാനൂര്‍ സി.എച്ച്‌.സിയില്‍ എത്തി ഡോക്ടറോട് വിവരം പറഞ്ഞെങ്കിലും വരാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കു തര്‍ക്കവും ബഹളവും ഉണ്ടായി.

പൊലീസ് നിര്‍ദേശിച്ചിട്ടും കോവിഡ് നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ വീട്ടിലേക്ക് വരാന്‍ തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍ പോയി പരിശോധന നടത്താറില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. നഴ്സിനെ അയക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ലെന്ന് വിട്ടുകാര്‍ പറഞ്ഞു. പിന്നീട് സ്വകാര്യ ക്ലിനിക്കില്‍ നിന്നും നേഴ്സുമാര്‍ എത്തി പൊക്കിള്‍കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

സമീറയെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാനൂരില്‍ ഡോക്ടറുടെ സേവനം ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്ന് മന്ത്രി അറിയിച്ചു .

Share News